കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ അസാധാരണ കാട്ടുതീ വലിയ നാശം ആണ് വിതച്ചത്. ലോസ് ആഞ്ചൽസിൽ ചൊവ്വാഴ്ച മുതല്‍ പടർന്ന് പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം പത്തായി. ആയിരത്തിലധികം കെട്ടിടങ്ങൾ കത്തിയമർന്നു. ഒന്നര ലക്ഷത്തോളം പേരെയാണ് ഇതിനകം ഒഴിപ്പിച്ചത്. 1.5 ദശലക്ഷത്തിലധികം പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. ലൊസാഞ്ചലസിലെ കാട്ടുതീ കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തീപിടിത്തമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്തെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇറ്റലിയിലേക്കുള്ള സന്ദർശനം റദ്ദാക്കിയ പ്രസിഡന്‍റ് ബൈഡൻ, കാലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു. തീ നിയന്ത്രണവിധേയമാക്കാനും കുടുംബങ്ങളെ സംരക്ഷിക്കാനും ആവശ്യമായതെല്ലാം ചെയ്യാന്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. തെക്കൻ കാലിഫോര്‍ണിയയില്‍ ആറ് മാസത്തേക്ക് ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ചെലവിന്റെ 100% സര്‍ക്കാര്‍ വഹിക്കുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.
പസഫിക് പാലിസേഡ്‌സ്, അൽതഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പടർന്നു പിടിച്ചിട്ടുണ്ട്.
സെലിബ്രിറ്റികൾ താമസിക്കുന്ന ഹോളിവുഡ് ഹിൽസിനും ഓസ്കർ അവാർഡ് ദാന ചടങ്ങ് നടക്കുന്ന ഡോൾബി തിയേറ്ററിനും ഭീഷണിയുണ്ട്. ഒട്ടേറെ ഹോളിവുഡ് കമ്പനികള്‍ ചലച്ചിത്രനിര്‍മാണം നിര്‍ത്തിവെച്ചു. പസഡേനയ്ക്കും പസഫിക് പാലിസേഡ്സിനും ഇടയിലുള്ള തീം പാര്‍ക്ക് യൂണിവേഴ്സല്‍ സ്റ്റുഡിയോസ് തത്കാലത്തേക്ക് അടച്ചു.
യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിംഗ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും (ജെ പി എല്‍) കാട്ടുതീ ഭീതിയിലാണ്. ഇതേത്തുടര്‍ന്ന് ജെ പി എല്ലില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.
യുഎസ് ചരിത്രത്തിലെ ഏറ്റവും നാശനഷ്ടംവരുത്തിയ ദുരന്തമാണ് ലോസ് ആഞ്ജലിസില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കുന്നത്. 7500-ലേറെ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ തീകെടുത്താനുള്ള കഠിനശ്രമത്തിലാണ്. വരണ്ടകാറ്റാണ് തീകെടുത്തല്‍ പ്രയാസമാക്കുന്നത്.