63-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടി തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം ചൂടുന്നത്. ഇത് നാലാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്. 1994, 1996, 1999 വർഷങ്ങളിലാണ് തൃശൂർ മുൻപു ജേതാക്കളായത്.
നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി, മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് കപ്പ് സമ്മാനിച്ചത്. സ്‌കൂള്‍ പഠനകാലത്ത് ഒരു കലോത്സവത്തില്‍ പോലും പങ്കെടുക്കാന്‍ കഴിയാതിരുന്ന തനിക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്രയും വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞത് സിനിമ തന്ന നേട്ടമാണെന്ന് നടൻ ആസിഫ് അലി പറഞ്ഞു. കലയിലൂടെ നിങ്ങൾ ലോകം മുഴുവൻ അറിയപ്പെടണമെന്നും ആസിഫ് പറഞ്ഞു. വിജയികളായ തൃശൂർ ടീമിന് നാളെ ഇറങ്ങുന്ന തന്റെ സിനിമയായ രേഖാചിത്രം സൗജന്യമായി കാണാനാകുമെന്ന സന്തോഷവാർത്തയും ആസിഫ് അലി പങ്കുവെച്ചു. സര്‍ഗാത്മകമായ കഴിവുകളും സഹൃദയത്വവും സന്തോഷമായി ജീവിക്കാന്‍ നമുക്കു സഹായകരാകുമെന്നു നടൻ ടൊവിനോ തോമസ് പറഞ്ഞു. കല പ്രഫഷനായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും ജീവിതകാലം മുഴുവനും കല കൈവിടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ആരാധകര്‍ പറഞ്ഞതനുസരിച്ചാണ് കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചെത്തിയയതെന്നും ടൊവിനോ പറഞ്ഞു. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ഇരുവരും വേദിയെ ഒന്നടങ്കം കയ്യിലെടുക്കുകയും ചെയ്തു.
63-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകള്‍. ആതിഥേയരായ തിരുവനന്തപുരം 957 പോയിന്റുമായി എട്ടാം സ്ഥാനക്കാരായി.
തൃശൂരും പാലക്കാടും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 482 പോയിന്റുമായി ഒന്നാമതെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 526 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 171 പോയിന്റുമായി ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 116 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി. 106 പോയിന്റുമായി മാനന്തവാടി എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളാണ് മൂന്നാമത്.