താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഡലായ തരിണി കലിംഗരാരുടെ കഴുത്തില്‍ കാളിദാസ് താലിചാര്‍ത്തി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ്, മന്ത്രി മുഹമ്മദ് റിയാസ്, ജയസൂര്യ തുടങ്ങി ഒട്ടനവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരുവരും ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു. മോഡലിംഗ് രംഗത്ത് പ്രശസ്തിയാർജിച്ച തരിണി 2021-ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പാണ്. പഠിക്കുന്ന സമയത്ത് തന്നെ സിനിമാ നിർമാണവും തരിണി ആരംഭിച്ചിരുന്നു. മിസ് തമിഴ്‌നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് തുടങ്ങിയ സമ്മാനങ്ങളും താരം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം.
ഗുരുവായൂരിൽ തന്നെയായിരുന്നു ജയറാമിന്റെയും പാർവതിയുടെയും വിവാഹം നടന്നത്.