പുതുക്കിപ്പണിത നോത്രദാം കത്തീഡ്രൽ അഞ്ചര വർഷത്തെ ഇടവേളയ്ക്കു ശേഷം തീർഥാടകർക്കായി തുറന്നുനൽകി. ചടങ്ങിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രിട്ടനിലെ വില്യം രാജകുമാരൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ തുടങ്ങിയ പ്രധാന നേതാക്കൽ പങ്കെടുത്തു.
2019 ഏപ്രിൽ 15-ന് ഉണ്ടായ തീപിടിത്തത്തിൽ 860 വർഷം പഴക്കമുള്ള കത്തീഡ്രലിന്റെ ഒരു ഭാഗം തകർന്നിരുന്നു. ദിവസവും ആയിരത്തിലേറെ തൊഴിലാളികൾ ജോലി ചെയ്താണു ഗോഥിക് വാസ്തുശിൽപത്തനിമ നിലനിർത്തി കത്തീഡ്രലിനെ പഴയ പ്രതാപത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. നവീകരണത്തിനും പുനർനിർമാണത്തിനുമായി 7468 കോടി രൂപ സംഭാവനയായി ലഭിച്ചിരുന്നു.
ഫ്രഞ്ച് ഗോതിക് വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്ന നിർമിതിയാണ് നോത്രദാം കത്തീഡ്രൽ. ബിഷപ്പ് മൗറീസ് ഡി സുള്ളിയുടെ കീഴിൽ 1163 ൽ കത്തീഡ്രലിൻ്റെ നിർമാണം ആരംഭിച്ചു, 1260 -ൽ പണി പൂർത്തീകരിച്ചു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ഇത് പലവട്ടം പരിഷ്‌കരിച്ചു. 1790 -കളില്‍, ഫ്രഞ്ച് വിപ്ലവകാലത്ത് ഇവിടെയുള്ള മതപരമായ ചിത്രങ്ങളില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ, നെപ്പോളിയൻ്റെ കിരീടധാരണത്തിനും ഫ്രഞ്ച് റിപ്പബ്ലിക്കിൻ്റെ പല പ്രസിഡൻ്റുമാരുടെയും ശവസംസ്കാര ചടങ്ങുകൾക്കും കത്തീഡ്രൽ ആതിഥേയത്വം വഹിച്ചു. 1844 -നും 1864 -നും ഇടയിൽ ഫ്രഞ്ച് വാസ്തുശില്പി യൂജിന്‍ വയോലെറ്റ് ലെ ഡക്ക് ആണ് പള്ളി ഇതിനുമുമ്പ് അവസാനമായി പുതുക്കി പണിതത്.
പാരിസ് നഗരത്തിന്റെയും ഫ്രഞ്ച് രാഷ്ട്രത്തിന്റെയും പരക്കെ അംഗീകരിക്കപ്പെട്ട പ്രതീകമാണ് കത്തീഡ്രൽ. 1805 -ൽ ഇതിന് മൈനർ ബസിലിക്ക എന്ന ബഹുമതി ലഭിച്ചു. പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന ഈ ദേവാലയത്തിന് 128 മീറ്റര്‍ നീളവും 69 മീറ്റര്‍ ഉയരവും ഉണ്ട്. ചരിത്ര സ്മാരകം എന്ന നിലയിലും ഈ ദേവലയം പ്രസിദ്ധമാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന 850 വർഷം പഴക്കമുള്ള കെട്ടിടമാണിത്.വീണ്ടും തുറക്കുന്നതോടെ കത്തീഡ്രൽ ഓരോ വർഷവും 15 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം സൗജന്യമാണ്, എന്നാൽ മുൻകൂട്ടി റിസർവ് ചെയ്തിരിക്കണം. ബുക്കിങ് സംബന്ധിച്ച വിവരങ്ങൾ കത്തീഡ്രൽ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
Notre-Dame Cathedral