കർദിനാളായി സ്ഥാനമേറ്റ് മാർ ജോർജ് ജേക്കബ് കൂവക്കാട്. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പയാണ് നേതൃത്വം നൽകിയത്. മാർ ജോർജ് ജേക്കബ് കൂവക്കാടിനൊപ്പം മറ്റ് 20 പേരും കർദിനാൾമാരായി സ്ഥാനമേറ്റു. വത്തിക്കാനില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. വൈദികനില്‍ നിന്ന് ഒരാള്‍ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയരുന്നത് ഇന്ത്യയിലാദ്യമാണ്. സിറോ മലബാർ പാരമ്പര്യത്തിലുള്ള സ്ഥാന ചിഹ്നങ്ങൾ മാർപാപ്പ മാർ ജോർജ് കൂവക്കാടിനെ അണിയിച്ചു. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി കറുപ്പും ചുവപ്പുമുള്ള തലപ്പാവാണ് അണിയിച്ചത്. 51-ാം വയസിൽ തന്റെ പൗരോഹിത്യത്തിന്റെ 20-ാം വർഷത്തിലാണ് അദ്ദേഹം ഈ ഉന്നതപദവിയിലേക്കെത്തുന്നത്.
ഒന്നരമണിക്കൂറോളം നീണ്ടുനിന്ന ചടങ്ങുകളിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി തുടങ്ങിയവർ സന്നിഹിതരായിരുന്നു. വൈദികരും സന്യസ്തരുമടക്കം അഞ്ഞൂറിലധികം മലയാളികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ചങ്ങനാശ്ശേരി മാമ്മൂട്ടില്‍ കൂവക്കാട് ജേക്കബ് വര്‍ഗീസിന്റേയും ത്രേസ്യാമ്മയുടെയും മകനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട്. സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘമാണ് പങ്കെടുത്തത്. മാര്‍ ജോര്‍ജ് കൂവക്കാടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേര്‍ന്നു.