ഇന്ന് നാവികസേനാദിനം. ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓർമ്മയ്‌ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 1971 -ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ ആക്രമണത്തിൻ്റെ (ഓപ്പറേഷൻ ട്രൈഡന്റ്) ഓർമയ്ക്കായാണ് ഈ ദിവസം നാവികസേനാ ദിനമായി ആഘോഷിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളിൽ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷൻ ട്രൈഡന്റ് യുദ്ധചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്.
അറുപതുകളുടെ അവസാനകാലഘട്ടത്തിലാണ് ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നും ഓസ 1 എന്നു പേരുള്ള 8 മിസൈൽ ബോട്ടുകൾ വാങ്ങിയത്. കപ്പലുകളെ തകർക്കാൻ സാധിക്കുന്ന സ്റ്റൈക്സ് മിസൈലുകളും അത്യാധുനിക റഡാറുകളും ഈ ബോട്ടുകളിലുണ്ടായിരുന്നു. ഇന്ത്യൻ എയർബേസുകൾ പാക്കിസ്ഥാൻ ആക്രമിച്ചതോടെയാണ് 1971-ലെ യുദ്ധം ആരംഭിച്ചത്. ഡിസംബർ മൂന്നിന് വൈകുന്നേരമാണ് പാക്കിസ്ഥാൻ ഇന്ത്യൻ വ്യോമതാവളങ്ങളിൽ ആക്രമണം അഴിച്ചുവിട്ടത്. മണിക്കൂറുകൾ ഉള്ളിൽ തന്നെ തിരിച്ചടിക്കാൻ സജ്ജരായ ഇന്ത്യ, ഐഎൻഎസ് നിർഘാട്ട്, ഐഎൻഎസ് വീർ, ഐഎൻഎസ് നിപത് എന്നീ മൂന്ന് മിസൈൽ ബോട്ടുകൾ കറാച്ചിയിലേക്കും അയച്ചു. റേഞ്ച് കുറവുള്ള അധികം സഞ്ചരിക്കാൻ സാധ്യമല്ലാത്ത ഓസ ബോട്ടുകളെ കപ്പലിൽ കെട്ടി വലിച്ചാണ് കറാച്ചിക്കു സമീപം എത്തിച്ചത്. ഓപ്പറേഷൻ ട്രൈഡന്റ് വ്യത്യസ്തമായത് ഇവിടെയാണ്. കറാച്ചി തുറമുഖത്തെ ഇത്തരത്തിൽ ആക്രമിച്ച് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കാൻ നേവിക്കു കഴിഞ്ഞു. അപ്രതീക്ഷിത ആക്രമണത്തിൽ 700-ൽ അധികം പാക് സൈനികരാണ് കാലപുരിയിൽ എത്തിയത്. പാക്കിസ്ഥാന്റെ തോൽവി ഉറപ്പാക്കിയായിരുന്നു നാവിക സേനയുടെ ദൗത്യസംഘത്തിന്റെ സുരക്ഷിതമായ മടക്കം. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണവും ഈ യുദ്ധമായിരുന്നു.
കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ ഇന്ത്യൻ രാഷ്‌ട്രപതി നയിക്കുന്ന ഇന്ത്യൻ സായുധ സേനയുടെ നാവിക ശാഖയാണ് ഇന്ത്യൻ നേവി. അഡ്മിറൽ ആണ് നാവിക സേനയുടെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. ന്യൂഡൽഹിയിലാണ് നാവിക സേനയുടെ ആസ്ഥാനം. മൂന്ന് പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങൾ (റീജിയണൽ കമ്മാൻഡുകൾ) ഉള്ള ഇന്ത്യയുടെ നാവിക സേനയിൽ 55,000 ഓളം അംഗങ്ങളുണ്ട്. ഇന്ത്യയുടെ നാവികസേന ഇന്ന് പ്രശസ്തിയുടെ കൊടുമുടികളിലാണ്. അനേകം രക്ഷാദൗത്യങ്ങളിലും കടൽക്കൊള്ളക്കാരെ തുരത്തുന്ന ദൗത്യങ്ങളിലും സേന പങ്കെടുക്കുന്നു. ഇന്ത്യൻ ഓഷൻ മേഖലയിലെ പ്രധാനശക്തിയാണ് ഇന്ന് ഇന്ത്യൻ നേവി. വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യൻ നാവിക സേന. ഇന്ത്യൻ സമുദ്ര തീരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അങ്ങിങ്ങായി ചിതറികിടക്കുന്ന നിരവധി ഇന്ത്യൻ ദ്വീപുകളുടെയും പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും ചുമതല നാവിക സേനക്കാണ്.