Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Latest NewsIndia മലങ്കര സഭ കേസ് ഇനിയെങ്കിലും അവസാനിക്കുമോ ?
മലങ്കര സഭ കേസ് ഇനിയെങ്കിലും അവസാനിക്കുമോ ?

മലങ്കര സഭ കേസ് ഇനിയെങ്കിലും അവസാനിക്കുമോ ?

യാക്കോബായ വിഭാഗത്തിന് എതിരെ വീണ്ടും സുപ്രീം കോടതി, പള്ളികൾ കൈമാറണം.

by Editor
Mind Solutions

ന്യൂ ഡൽഹി: മമലങ്കര സഭയുടെ ആറു പള്ളികളിൽ ബഹു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ കേരളസർക്കാർ നൽകിയ കൺടെംപ്റ്റ് അപ്പീൽ പരിഗണിക്കുന്നതിനിടെ യാക്കോബായ വിഭാഗത്തിന് എതിരെ വീണ്ടും സുപ്രീം കോടതി.  യാക്കോബായ വിഭാഗത്തിന് എതിരെ രൂക്ഷ വിമർശനം നടത്തിയ കോടതി സുപ്രീം കോടതി വിധിയെ യാക്കോബായ വിഭാഗം മാനിക്കണമെന്നു ആവശ്യപ്പെട്ടു. ആത്യന്തികമായി ഇതൊരു ആരാധനാലയമാണെന്ന് ചൂണ്ടിക്കാണിച്ച സുപ്രീം കോടതി 1934-ലെ ഭരണഘടന അനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം ആർക്കെന്ന് വ്യക്തതയുണ്ടെന്നും പറഞ്ഞു. യാക്കോബായ വിഭാഗവും സർക്കാരും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിലെന്നു പറഞ്ഞ കോടതി നീതി നടപ്പാക്കാനുള്ള കോടതിയുടെ ചുമതല എതിർകക്ഷികൾ മനസിലാക്കുമെന്ന് കരുതുന്നുവെന്നും പള്ളികൾ ഏറ്റെടുക്കുകയെന്നാൽ എല്ലാ ഭരണകാര്യങ്ങളും ഏറ്റെടുക്കുകയെന്നാണ് അർത്ഥം എന്നും പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാനായില്ലെങ്കിൽ നീതി തേടി എവിടെ പോകണമെന്ന് ചോദിച്ച കോടതി പള്ളികൾ ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുനൽകണമെന്ന വിധി അന്തിമമാണെന്നും വ്യക്തമാക്കി.

യാക്കോബായ വിഭാഗം പള്ളികളുടെ താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറണമെന്നും സുപ്രീം കോടതി യാക്കോബായ സഭയോട് നിർദ്ദേശിച്ചു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഭരണച്ചുമതല സംബന്ധിച്ച 2017-ലെ വിധി നടപ്പാക്കാതെ യാക്കോബായ വിഭാഗത്തിന്റെ മറ്റു വാദങ്ങൾ കേൾക്കില്ലെന്നു പറഞ്ഞ കോടതി പൊതുവായ സൗകര്യങ്ങള്‍ തുറന്നു നല്‍കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും നിർദ്ദേശമുണ്ട്. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നൽകിയിരുന്ന ഇളവും സുപ്രീം കോടതി നീട്ടി.

എറണാകുളം ജില്ലയിൽ മഴുവന്നൂർ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ്, പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളികളും പാലക്കാട് ജില്ലയിൽ ചെറുകുന്നം സെന്റ് തോമസ്, മംഗലം ഡാം സെന്റ് മേരീസ്, എരിക്കുംചിറ സെന്റ് മേരീസ് പള്ളികളുമാണ് കൈമാറേണ്ടത്. ഇവ കൈമാറിയെന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും വീഴ്ച വരുത്തിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേസ് ഇനി 17-നു പരിഗണിക്കും. ക്രിസ്മസിനു ശേഷം പരിഗണിക്കണമെന്നു യാക്കോബായ വിഭാഗം ആവശ്യപ്പെട്ടപ്പോൾ ഇരുകൂട്ടരും സമാധാനത്തിലും സാഹോദര്യത്തിലും ക്രിസ്മസ് ആഘോഷിക്കുമെന്നു കരുതുന്നതായി കോടതി പറഞ്ഞു. 2017-ലെ വിധിക്കുശേഷം നൽകിയ പല പ്രത്യേകാനുമതി ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നു യാക്കോബായ പക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും ശേഷിക്കുന്ന ഏകവിഷയം ആ വിധി നടപ്പാക്കുന്നതു മാത്രമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

മലങ്കര സഭാ വിഷയത്തിൽ 1934 -ലെ ഭരണ ഘടനയും, 2017 -ലെ ബഹു. സുപ്രീം കോടതി വിധിയും അവസാനവാക്ക് എന്ന് ഊന്നിപ്പറയുന്ന ഒരു വിധിയാണ് ഇന്നലെ ബഹു. സുപ്രീം കോടതിയിൽ നിന്ന് വീണ്ടും ഉണ്ടായിട്ടുള്ളത്. ഒരു വിശ്വാസം , ഒരു മാമോദീസ ഒരു അപ്പത്തിന്റെ അംശികൾ എന്നിരിക്കെ ക്രിസ്തിയ സാക്ഷ്യം മറന്ന് വിഘടിത പ്രവർത്തനങ്ങൾ സഭയിൽ ഉടലെടുത്തതാണ് ഈ കേസിനു വഴക്കിനും കാരണം. മാറിമാറി വരുന്ന ഭരണകർത്താക്കൾ ഇതു രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം കൂടി ആയി കണ്ടതോടുകൂടി പക്ഷം ചേർന്ന് കോടതി വിധികൾ അട്ടിമറിക്കുന്ന കാഴ്ച്ച ആണ് ഇപ്പോൾ കാണുന്നത്. പക്ഷെ ഈ വഴക്കു ഇനിയും മുൻപോട്ടു കൊണ്ടുപോകുന്നത് ഒന്നായിരുന്ന മലങ്കര സഭയെ കീറിമുറിച്ചു ഇല്ലാതാക്കുന്നതിന് തുല്യമാണ് എന്ന് കലഹപ്രിയർ മനസിലാക്കുന്നില്ല എന്നുള്ളതാണ് പരിതാപകരം.

സഭ കേസിന്റെ ചരിത്രം
AD 1911-ല്‍ അന്ത്യോഖ്യ പാത്രികീസ് ആയിരുന്ന അബ്ദുള്ള പാത്രിയർകീസ് കേരളത്തിലേക്ക് വരികയും മലങ്കര സഭയുടെ സ്വത്തിന്റെ മേല്‍ തനിക്ക് ഭൗതീക അധികാരമുണ്ട് എന്ന് സമ്മതിക്കുന്ന ഒരു സമ്മതപത്രം ഒപ്പിട്ടു നല്‍കണം എന്ന് മലങ്കര സഭാതലവനോടും മലങ്കര സഭയിലെ മറ്റു മെത്രാന്മാരോടും ആവശ്യപ്പെടുകയും ചെയ്തു. മലങ്കര സഭയുടെ തലവനായിരുന്ന മലങ്കര മെത്രാപോലീത്ത ഇപ്രകാരം ഒരു സമ്മതപത്രം ഒപ്പിട്ടു നല്‍കാനാവില്ല എന്ന് ശക്തമായി അബ്ദുള്ള പാത്രികീസിനെ അറിയിച്ചു. കലി പൂണ്ട പാത്രിയർകീസ് മലങ്കര മെത്രാപോലീത്തായെ തല്‍സ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്തതായി പ്രഖ്യാപിക്കുകയും തനിക്ക് സമ്മതപത്രം നല്‍കാം എന്നു സമ്മതിച്ച ഒരു മെത്രാനെ മലങ്കര മെത്രാപോലീത്ത ആയി പകരം നിയമിക്കുകയും ചെയ്തു. ഇവിടെ ആണ് മലങ്കര സഭാതര്‍ക്കം ആരംഭിക്കുന്നത്. ഈ പ്രശ്നത്തില്‍ മലങ്കര മെത്രാപോലീത്തായെ അനുകൂലിച്ചവര്‍ ”മെത്രാന്‍കക്ഷിക്കാര്‍” (ഓർത്തഡോക്സ്‌ ) എന്നും പാത്രിയർകീസ് ബാവായെ അനുകൂലിച്ചവര്‍ ”ബാവാ കക്ഷിക്കാര്‍” (യാക്കോബായ) എന്നുമായി രണ്ടു വിഭാഗം മലങ്കര സഭയില്‍ ഉടലെടുത്തു.

മലങ്കര മെത്രാപോലീത്തായെ സസ്പെന്റ് ചെയ്യാനുള്ള അധികാരം പാത്രിയർകീസ് ബാവായ്ക്ക് ഇല്ല എന്ന് മെത്രാന്‍കക്ഷിക്കാരും പാത്രിയർകീസ് ബാവാക്ക് അതിനുള്ള അധികാരമുണ്ടെന്ന് ബാവാകക്ഷിക്കാരും വാദിച്ചു. തര്‍ക്കം അങ്ങനെ കോടതി വ്യവഹാരത്തിലേക്ക് നീണ്ടു. 1913 -ല്‍ വട്ടിപ്പണം കേസ് എന്ന പേരില്‍ വിഷയം തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ വരെ  എത്തി. നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 1928 -ല്‍ തിരുവിതാംകൂര്‍ ഹൈക്കോടതി ഈ കേസില്‍ അന്തിമ വിധി പറഞ്ഞു. മലങ്കര സഭയുടെ തലവനെ മുടക്കാന്‍ പാത്രിയർകീസ് ബാവാക്ക് അധികാരം ഇല്ല എന്നും. പുതുതായി പാത്രിയർകീസ് ബാവാ നിയമിച്ച മലങ്കര മെത്രാന്റെ നിയമനം കാനോനികമായി സാധുവല്ല എന്നും കോടതി വിധിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരത്തിന്റെ പരിസമാപ്തിയില്‍ മലങ്കര ഓർത്തഡോക്സ്‌ സഭ കോടതിയില്‍ വിജയം നേടി. കോടതിയില്‍ വിജയം നേടിയ ഓർത്തഡോക്സ്‌ സഭ 1934 -ല്‍ മലങ്കര സഭയില്‍ പാത്രിയർകീസ് ബാവായുടെയും മലങ്കര മെത്രാപോലീത്തായുടെയും അധികാരം എന്തെന്ന് വ്യക്തമായി നിര്‍വചിക്കുന്ന സഭാഭരണഘടന പാസാക്കി. 1934 ഭരണഘടന പ്രകാരം പാത്രിയർകീസ് ബാവാക്ക് മലങ്കര സഭയുടെ മേല്‍ ഭൗതീക അധികാരങ്ങള്‍ ഒന്നും ഇല്ല എന്ന വസ്തുത സഭയുടെ ഭരണഘടന മൂലം തന്നെ ഉറപ്പിക്കപ്പെട്ടു.

1950-ല്‍ ഭാരതം സ്വതന്ത്ര റിപബ്ളിക് ആയപ്പോള്‍ വ്യവസ്ഥാപിത കോടതികളും സ്ഥാപിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ 1934 ഭരണഘടനയുടെ സാധുത ചോദ്യം ചെയ്ത് പാത്രിയർകീസ് (യാക്കോബായ) വിഭാഗം കോടതിയെ സമീപിച്ചു. ഈ കേസില്‍ 1958 -ല്‍ ഭാരതത്തിന്റെ പരമോന്നത നീതിപീഢത്തിന്റെ ചീഫ് ജസ്റ്റിസ് ഉള്‍പെടുന്ന 5 അംഗ ഭരണഘടന ബെഞ്ച് ഇരുപക്ഷത്തിന്റെയും വാദം വിശദമായി കേട്ട ശേഷം 1934 ഭരണഘടന സാധുവാണെന്നും മലങ്കര സഭ ഒന്നാണെന്നും രണ്ടു കക്ഷികളും ഭരണഘടന അംഗീകരിച്ച് മുന്നോട്ടു പോകണമെന്നും വിധിക്കുകയുണ്ടായി. ഈ വിധിയുടെ പശ്ചാത്തലത്തില്‍ 1958-ല്‍ മലങ്കര സഭയിലെ ഇരുവിഭാഗവും പരസ്പരം ഒന്നായി മാറി കക്ഷിവഴക്കുകള്‍ അവസാനിപ്പിക്കുകയും 1934 ഭരണഘടന പ്രകാരം മലങ്കര സഭ ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയും ചെയ്തു.

1972-ല്‍ വീണ്ടും വിഘടനവാദം സഭയില്‍ തലപൊക്കുകയും പഴയ ബാവാകക്ഷി വീണ്ടും പുനരുജ്ജീവിക്കപ്പെടുകയും ഒരു പതിറ്റാണ്ടു കാലത്തെ സമാധാന കാലഘട്ടത്തിനു ശേഷം വീണ്ടും മലങ്കര സഭ വ്യവഹാരങ്ങളിലേക്ക് നീങ്ങുകയും ചെയ്തു. ഈ കേസും സുപ്രീം കോടതിയിലെത്തുകയും 1958-ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കണിച്ചു കൊണ്ട് 1995 -ല്‍ വീണ്ടും സുപ്രീം കോടതി വിധിയുണ്ടായി. മലങ്കര സഭയുടെ എല്ലാ പള്ളികളിലും 1934 ഭരണഘടന ബാധകമാണെന്നും മലങ്കര സഭ ഒന്നായി പോകണമെന്നുമായിരുന്നു കോടതി ഉത്തരവ്. 1995-ലെ സുപ്രീം കോടതി വിധി അനുസരിച്ച് ഇരു പക്ഷത്തെയും ചേര്‍ത്ത് സഭയുടെ പാര്‍ലമെന്റ് വിളിച്ചു കൂട്ടുവാനും ആ പാര്‍ലമെന്റില്‍ വച്ച് രണ്ടു കക്ഷികളുടെയും പങ്കാളിത്തത്തോടെ മലങ്കര മെത്രാപോലീത്തായെ തെരഞ്ഞെടുക്കാനും തീരുമാനമായി. സുഗമമായും നീതിയുക്തമായും തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കാനായി സുപ്രീം കോടതിയുടെ നിരീക്ഷകനായി ജസ്റ്റിസ് മളീമഠിനെ സുപ്രീം കോടതി നിയോഗിക്കുകയും ചെയ്തു. 2002-ല്‍ ആണ് ഈ അസോസിയേഷന്‍ കൂടാന്‍ നിശ്ചയിച്ചത്. എന്നാല്‍ അസോസിയേഷന്‍ നടത്താന്‍ നിശ്ചയിച്ച ദിവസത്തിന് മുമ്പായി പാത്രിയർകീസ് വിഭാഗം തെരഞ്ഞെടുപ്പു പ്രക്രിയകളില്‍ നിന്നും പിന്മാറികൊണ്ട് 2002-ല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരില്‍ മലങ്കര ഓർത്തഡോക്സ്‌ സഭയില്‍ നിന്നും മാറി പുതിയൊരു സഭാ സംവിധാനത്തിനു രൂപം കൊടുക്കുകയും സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ടി സഭക്കായി ഒരു ഭരണഘടന എഴുതി ഉണ്ടാക്കുകയും ചെയ്തു. ഈ ഭരണഘടന ആണ് 2002 ഭരണഘടന എന്ന പേരില്‍ അറിയപ്പെടുന്നത്. ബാവാകക്ഷി (യാക്കോബായ വിഭാഗം) പിന്മാറിയെങ്കിലും നിശ്ചയിച്ച പ്രകാരം ജസ്റ്റിസ് മളീമഠിന്റെ നിരീക്ഷണത്തില്‍ തന്നെ പരുമലയില്‍ മലങ്കര അസോസിയേഷന്‍ നടക്കുകയും തെരഞ്ഞെടുപ്പില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതിയന്‍ ബാവ മലങ്കര സഭാതലവനായി ബാലറ്റ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജസ്റ്റിസ് മളീമഠ് തെരഞ്ഞെടുപ്പു പ്രക്രിയയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

1995 കോടതി വിധിയില്‍ ഓരോ ഇടവക പള്ളികളും സ്വതന്ത്രമാണ് എന്ന് പറഞ്ഞു ഭൂരിപക്ഷത്തിന് പള്ളിയും ന്യൂനപക്ഷത്തിന് അവരുടെ എണ്ണതിന് ആനുപാതികമായി പള്ളിയുടെ സ്വത്തും വീതിച്ച് നല്‍കി മലങ്കര സഭ രണ്ടായി പിരിയണം എന്ന വാദം യാക്കോബായ വിഭാഗം ഉയര്‍ത്തി കൊണ്ട് കോടതിയെ വീണ്ടും സമിപിച്ചു. അങ്ങനെ ഓരോ പള്ളികള്‍ക്കു വേണ്ടി 2002 -നു ശേഷം കേസുകള്‍ ഉണ്ടായി. ഇപ്രകാരം ഉണ്ടായ കേസുകളില്‍ ആദ്യം സുപ്രീം കോടതിയില്‍ നിന്നും വിധിയുണ്ടായത് എറണാകുളം ജില്ലയിലെ കോലഞ്ചേരി പള്ളിയുടെ കേസിലാണ്. ഈ കേസിലാണ് 2017-ല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധി പറഞ്ഞത്. ഭൂരിപക്ഷ ന്യൂനപക്ഷ അടിസ്ഥാനത്തില്‍ മലങ്കര സഭയുടെ സ്വത്തുക്കള്‍ വീതം വക്കാന്‍ പാടില്ല എന്നും 1958, 1995 വിധികളില്‍ പറയുന്ന പോലെ 1934 ഭരണഘടന മലങ്കര സഭയുടെ എല്ലാ പള്ളികള്‍ക്കും ബാധകമാണ് എന്നും പാത്രിയർകീസ് വിഭാഗം പുതുതായി രൂപം കൊടുത്ത സഭാ സംവിധാനവും 2002 ഭരണഘടനയും നിയമവിരുദ്ധമാണെനും സുപ്രീം കോടതി പ്രസ്താവിച്ചു.

മലങ്കര സഭ ഒരിക്കലും രണ്ടല്ല. വിശ്വാസപരമായ യാതൊരു ഭിന്നതയും ഇരുവിഭാഗത്തിനും തമ്മില്‍ ഇല്ല. ഭിന്നത ഉള്ളത് ഭരണപരമായ കാര്യത്തില്‍ മാത്രമാണ്. അതിനാല്‍ തന്നെ തങ്ങളുടെ വിശുദ്ധ മതത്തിന്റെ നന്മക്കായി ഇരുവിഭാഗത്തിനും ഒരു മേശക്കു ചുറ്റുമിരുന്ന് ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് ഒന്നായി ഒരു സഭയായി മുന്നോട്ടു നീങ്ങണം എന്നാണ് എല്ലാ വിധികളിലും കോടതികൾ പറഞ്ഞിരിക്കുന്നത്.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!