ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വച്ചാണ് അദ്ദേഹത്തിന് നേരെ വെടിവയ്പ്പുണ്ടായത്. ക്ഷേത്ര കവാടത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. സുഖ്ബീർ സിംഗ് ബാദലിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അക്രമിയെ ആളുകൾ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.
ആക്രമണ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കൈയിൽ കുന്തം പിടിച്ച് നീല ‘സേവാദർ’ യൂണിഫോമിൽ വീൽചെയറിൽ ക്ഷേത്ര കവാടത്തിലിരിക്കുന്ന ബാദലിനെ വീഡിയോയിൽ കാണാം. സംഭവം നടക്കുമ്പോൾ നരേൻ സിംഗ് ചൗര സുഖ്ബീർ സിംഗ് ബാദലിന്റെ അടുത്ത് നിൽക്കുകയായിരുന്നു. ഇയാൾ അപ്രതീക്ഷിതമായി തോക്ക് പുറത്തെടുത്ത് ബാദലിന് നേരെ വെടിയുതിർത്തപ്പോൾ സമീപത്ത് നിന്നിരുന്ന കാവൽക്കാർ ഇയാളെ തട്ടിമാറ്റുകയായിരുന്നു. നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന നരേൻ സിംഗ് ചൗരയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സുഖ്ബീര്‍ സിങ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാർഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം തുടങ്ങിയവയായിരുന്നു ശിക്ഷ. ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിരുന്നു. 2007- 2017 കാലത്തെ അകാലിദള്‍ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. ശിക്ഷാ വിധികൾ ഉണ്ടാതിനു പിന്നാലേ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു.