ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഓസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ 295 റൺസിനാണ് ഇന്ത്യ തകർത്തത്. 534 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 58.4 ഓവറിൽ 238 റൺസിന് പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടൻ സുന്ദർ എന്നിവർ ചേർന്നാണ് ഓസീസിനെ തകർത്തത്. അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഹർഷിത് റാണ, നിതീഷ് റെഡ്ഡി എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ആയിരുന്നില്ല രണ്ടാം ഇന്നിങ്‌സില്‍ കണ്ടത്. മൂന്നാം ദിനം ആറ് വിക്കറ്റിന് 487 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ജയ്സ്വാളിന്റേയും കോലിയുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ഡ ലീഡ് സമ്മാനിച്ചത്. കോലി സെഞ്ചുറി തികച്ചതോടെ ആറ് വിക്കറ്റിന് 487 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 297 പന്ത് നേരിട്ട ജയ്സ്വാള്‍ 15 ഫോറും മൂന്ന് സിക്‌സും സഹിതമാണ് 161 റണ്‍സിലെത്തിയത്. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സുമടക്കമാണ് കോലിയുടെ 100 റണ്‍സ്.
സ്‌കോര്‍:ഇന്ത്യ-150, 487-6, ഓസ്‌ട്രേലിയ-104, 238.
ഇതോടെ ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന്റെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ഇത്. 1977-ല്‍ നേടിയ 222 റണ്‍സ് വിജയമാണ് ജസ്പ്രീത് ബുംറയും സംഘവും പഴങ്കഥയാക്കിയത്. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ചരിത്രവിജയം.