ബേസിൽ – നസ്രിയ കോംബോയെ ഏറ്റെടുത്ത് പ്രേക്ഷകർ. മികച്ച പ്രതികരണം നേടി കളക്ഷനിൽ കുതിക്കുകയാണ് സൂക്ഷ്മദർശിനി. അടിമുടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫാമിലി എന്റർടൈൻമെന്റ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. ആഗോളതലത്തിൽ നാല് കോടിയിലധികം രൂപയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്നത്. ഇന്ത്യയിൽ മാത്രം 1.8 കോടിയും ചിത്രം നേടി. ബേസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്.
അയൽവാസികളായ രണ്ട് പേരുടെ കഥ പറയുന്ന ചിത്രം എം സി ജിതിനാണ് സംവിധാനം ചെയ്തത്. നസ്രിയ നസീമും ബേസില്‍ ജോസഫും ബിഗ് സ്ക്രീനില്‍ നായികാ നായകന്മാരായി ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന കൗതുകവുമായാണ് സൂക്ഷ്മദര്‍ശിനി തിയറ്ററുകളിലേക്ക് എത്തിയത്. സൂക്ഷ്‍മദര്‍ശിനിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നസ്രിയയാണ്. മറ്റാരും കാണാത്ത ഡീറ്റെയ്‍ലിംഗോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയുള്ള പ്രിയദര്‍ശിനിയായാണ് നസ്രിയ എത്തുന്നത്. സൂക്ഷ്മമായി കാര്യങ്ങളെ ദര്‍ശിക്കുന്ന പ്രിയദര്‍ശിനിയില്‍ നിന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ തന്നെ അണിയറക്കാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു വീട്ടമ്മ നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ത്രില്ലറുകളുടെ സാമ്പ്രദായിക കഥാപശ്ചാത്തലങ്ങളെ മറികടക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിബിന്‍ ടി ബി, അതുല്‍ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ സമീപകാലത്ത് വന്നിട്ടുള്ളതില്‍ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് സൂക്ഷ്മദര്‍ശിനിയുടേത്. ബേസില്‍ ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മാനുവല്‍ എന്ന കഥാപാത്രം. സിദ്ധാര്‍ഥ് ഭരതന്‍, കോട്ടയം രമേശ്, മനോഹരി ജോയ്, അഖില ഭാര്‍ഗവന്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.