വിവാഹമോചന വാർത്തയ്ക്കു പിന്നാലെ സംഗീതസംവിധായകൻ എ.ആർ. റഹ്മാനെക്കുറിച്ചു പുറത്തുവരുന്ന അപവാദപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ഭാനു. റഹ്മാൻ ഏറ്റവും മികച്ച വ്യക്തിത്വത്തിനുടമയാണെന്നും അപകീർത്തികരമായ അഭ്യൂഹങ്ങൾ അസംബന്ധമാണെന്നും സൈറ ശബ്ദസന്ദേശത്തിലൂടെ പറയുന്നു. ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. തന്‍റെ അനാരോഗ്യം കാരണമാണ് തല്‍കാലത്തേക്ക് മാറിനിൽക്കുന്നത്. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താല്പര്യപ്പെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്. ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു. ഈ ലോകത്ത് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് അദ്ദേഹം. ഞങ്ങൾ ഇരുവരും സ്‌നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുത്. റഹ്മാനെ മാധ്യമങ്ങൾ വെറുതെ വിടണമെന്നും സൈറ അഭ്യര്‍ത്ഥിച്ചു. മാധ്യമങ്ങൾക്ക് ശബ്ദസന്ദേശം അയച്ചുകൊണ്ടായിരുന്നു സൈറയുടെ അഭ്യര്‍ത്ഥന. സൈറ റഹ്മാൻ എന്ന പേരിലാണ് സന്ദേശം തുടങ്ങുന്നത്.
റഹ്മാനും സൈറയും ദാമ്പത്യബന്ധം അനസാനിപ്പിക്കുകയാണെന്നു പരസ്യപ്പെടുത്തി ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോൾ റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും താൻ വിവാഹമോചിതയായെന്നു പ്രഖ്യാപിച്ചിരുന്നു. പിന്നാല ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അനാവശ്യ വിലയിരുത്തലുകളും അനുമാനങ്ങളുമുണ്ടായി. റഹ്മാന്റെ പേരിൽ അപവാദങ്ങൾ ശക്തമായതോടെയാണ് പ്രതികരണവുമായി സൈറ ഭാനു എത്തിയത്.
ഇരുവരും വേർപിരിയുന്നതായി ഈ മാസം 19-ന് സൈറയുടെ അഭിഭാഷക വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെ റഹ്മാനും വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരണം നടത്തി. “മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി” എന്നാണ് റഹ്മാന്‍ തന്‍റെ എക്സ് അക്കൗണ്ടില്‍ കുറിച്ചത്.
തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വിവാഹ മോചനം സംബന്ധിച്ച് കൂടുതൽ ചര്‍ച്ചകളിലേക്ക് കടക്കരുതെന്നും എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ, വിവാഹ മോചന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും അപകീര്‍ത്തികരമായ വിവരങ്ങളും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ചില യൂട്യൂബ് ചാനലുകള്‍ക്ക് എആര്‍ റഹ്മാൻ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.