Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Kerala വോട്ടെടുപ്പ് ദിനത്തിലെ കട്ടന്‍ചായയും പരിപ്പുവടയും.
വോട്ടെടുപ്പ് ദിനത്തിലെ കട്ടന്‍ചായയും പരിപ്പുവടയും.

വോട്ടെടുപ്പ് ദിനത്തിലെ കട്ടന്‍ചായയും പരിപ്പുവടയും.

by Editor
Mind Solutions

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ. പി. ജയരാജൻ തുടർച്ചയായി രണ്ടാം തവണയും ഇലക്‌ഷൻ സ്റ്റാറായി. വോട്ടെടുപ്പ് ദിനത്തിൽ ഉയരുന്ന വിവാദങ്ങള്‍ ഇടതുപക്ഷത്തിന് ഒരിക്കല്‍ കൂടി തലവേദന സൃഷ്ടിക്കുകയാണ്. പോളിങ് ബൂത്തുകളില്‍ ജനം വിധിയെഴുതുമ്പോള്‍ ഇ.പി. ജയരാജന്‍ ഇത് രണ്ടാം തവണയാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം പോളിങ് ബൂത്തിലേക്കു പോകാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ഇ.പി.ജയരാജൻ ബിജെപിയിൽ ചേരുന്നതിനു ചർച്ച നടത്തിയെന്ന ആരോപണം രാഷ്ട്രീയ ചർച്ചയായത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വന്തം ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്നു ഇപി സമ്മതിച്ചത് തിരഞ്ഞെടുപ്പ് ദിവസവും. കൂടിക്കാഴ്ച വ്യക്തിപരമാണെന്ന് ഇ.പി.വിശദീകരിച്ചെങ്കിലും അപകടം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് പരസ്യമായി കുറ്റപ്പെടുത്തി ഉടന്‍ രംഗത്തെത്തുകയും ചെയ്തു.

ഇപ്പോള്‍  വാശിയേറിയ പോരാട്ടം നടക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്കിടെ ‘കട്ടന്‍ചായയും പരിപ്പുവട’യുടെയും രൂപത്തിലാണ് ഇ.പി. പാര്‍ട്ടിക്ക് പ്രഹരം നല്‍കിയിരിക്കുന്നത്. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും അതൃപ്തി. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോൾ പാലക്കാട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയെ കുറിച്ചും ചർച്ച ചെയ്യണമെന്നാണ് ഇപി ജയരാജൻ ആത്മകഥയിൽ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷയിൽ ആയിരുന്നു സരിൻ. അത് നടക്കാതായപ്പോഴാണ് ഇരുട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാൽ വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണ്. പി വി അൻവർ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങൾക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാൻ. സമാനമായി സരിനെ സ്ഥാനാർത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്ന് ഇപി ജയരാജൻ പറയുന്നു.

ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തിൽ പറയുന്നു. ഒന്നാം പിണറായി സർക്കാരിനെ കുറിച്ച് ജനങ്ങൾക്കിടയിൽ മികച്ച അഭിപ്രായമുണ്ടായിരുന്നു. എന്നാൽ അതു നിലനിർത്താൻ സാധിച്ചില്ല എന്ന് മാത്രമല്ല താരതമ്യന ദുർബലമാണെന്ന് തോന്നലും ജനങ്ങൾക്കിടയിൽ ഉണ്ടാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥനിർണയം പാളിയോ എന്ന് സംശയമുണ്ടെന്ന് ഇപി ജയരാജൻ പറയുന്നു. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് വിശദമായി വിലയിരുത്തേണ്ടതുണ്ട്. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകൾ വരുത്തണം. വിവാദങ്ങളെല്ലാം പരാമർശിച്ചാണ് ഇപിയുടെ ആത്മകഥ  ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഇപിയുടെ പ്രവൃത്തികളിൽ‌ മാറ്റമില്ല എന്ന തോന്നലുളവാക്കുന്നതാണു പുസ്തക വിവാദവും. പുസ്തകത്തിലേതെന്ന പേരിൽ പുറത്തുവന്ന പ്രതികരണങ്ങൾ ഇപി എന്തിനുള്ള പുറപ്പാടിലാണെന്ന ചിന്ത പാർട്ടി കേന്ദ്രങ്ങളിൽ ഉയർത്തുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നതു തന്റെ ആത്മകഥയല്ലെന്ന് ഇപി വ്യക്തമാക്കിയിട്ടുണ്ട് എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ നിര്‍ണായകമായ മറ്റൊരു വിധിയെഴുത്ത് ജനകീയ കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് ഇ.പിയുടെ പേരില്‍ വീണ്ടും സി.പി.എം. പ്രതിരോധത്തിലാകുന്നത്‌.

പല അപ്രിയസത്യങ്ങളുടെയും തുറന്നുപറച്ചിലുകളുമായി കട്ടന്‍ ചായയും പരിപ്പുവടയും എന്ന പേരുള്ള ഇ.പി. ജയരാജന്റെ പുസ്തകം ഉടന്‍ വരുന്നുവെന്ന് കഴിഞ്ഞദിവസം അതിന്റെ പ്രസാധകര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വോട്ടെടുപ്പുദിനത്തില്‍ അതിലെ വിവരങ്ങള്‍ എന്നരീതിയില്‍ ഏതാനും പേജുകള്‍ പുറത്തുവന്നത്‌. അതേസമയം, താന്‍ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള വിശദീകരണമാണ് ഇ.പി.യുടെ ഭാഗത്തു നിന്നുണ്ടായത്. പിന്നാലെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെച്ചതായി പ്രസാധകരും വ്യക്തമാക്കി. ഇ.പി.ജയരാജന്‍ പറയുന്നതാണ് തത്കാലം പാര്‍ട്ടി വിശ്വസിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കിയിട്ടുണ്ട്. 178 പേജ് ലേഔട്ട് ചെയ്തത് പുറത്തുവന്നതിനാല്‍ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറായിരുന്നുവെന്ന് വിലയിരുത്തുന്നവരും ചുരുക്കമല്ല. പുറത്തുവന്ന ഭാഗങ്ങള്‍ അതേ പോലെ പുസ്തകത്തില്‍ ഇനി ഉണ്ടാവുമോ എന്നതും ചോദ്യമായി നില്‍ക്കുന്നു.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!