രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണം. ബാബ് അൽ മൻദബ് കടലിടുക്കിൽ വെച്ചാണ് ചെവ്വാഴ്ച കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായതെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. ഗാസയിൽ നടക്കുന്ന ആക്രമണത്തിന് മറുപടിയാണെന്നായിരുന്നു ഈ ആക്രമണങ്ങളെക്കുറിച്ച് ഹൂതികൾ പ്രതികരിച്ചിരുന്നത്. എന്നാൽ കപ്പലുകൾക്ക് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നും ആക്രമണങ്ങളിൽ ആർക്കും പരിക്കേറ്റിട്ടുമില്ല എന്നും പെന്റഗൺ വക്താവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതിനിടെ സിറിയയിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ആക്രമണം നടത്തി. ഒൻപതോളം ഇടങ്ങളിലാണ് ഒരേ സമയം യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്. സിറിയയിൽ കഴിഞ്ഞ ദിവസം യുഎസ് സൈനികർക്കെതിരെ നടന്ന റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത്. തീവ്രവാദികളുടെ ആയുധ സംഭരണ ശാലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു. തീവ്രവാദികൾ തങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തിൽ സൈനികർക്ക് പരിക്ക് പറ്റിയില്ലെന്നും, സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമാണെന്നും സെൻട്രൽ കമാൻഡ് കമാൻഡ് കൂട്ടിച്ചേർത്തു. ഐഎസ് ഭീകരരെ ചെറുക്കുന്നതിന് വേണ്ടി 2014 മുതലാണ് സിറയയിൽ യുഎസ് സൈന്യം നിലയുറപ്പിച്ചത്. സിറിയയിൽ 900 സൈനികരും ഇറാഖിൽ 2500 സൈനികരുമാണുള്ളത്.
അതിനിടെ വടക്കൻ ഗാസ ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനാണു പദ്ധതിയുടെ ഭാഗമായി അവിടെ ശേഷിക്കുന്ന പലസ്തീൻകാരെയും ബലമായി ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നടപടി തുടങ്ങി. ഹനൂനിലെ അഭയകേന്ദ്രമായ സ്കൂളുകൾ വളഞ്ഞ സൈനികടാങ്കുകൾ പലസ്തീൻകാരോടു ഗാസ സിറ്റിയിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടു. മറ്റു സ്ഥലങ്ങളിൽ ഡ്രോണുകൾ വഴിയാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത്. ഇവിടെ ചിലയിടങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്.