വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. വയനാട്ടിൽ പോളിങ് ശതമാനം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു. ഒടുവിൽ ലഭിക്കുന്ന കണക്ക് പ്രകാരം വയനാട്ടിൽ 64.72% ആണ് പോളിങ്. ചേലക്കരയിൽ രാത്രി എട്ടുമണി വരെയുള്ള കണക്ക് അനുസരിച്ച് 72.77 ശതമാനം ആണ് പോളിങ്.
വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. മികച്ച പോളിംഗാണ് ചേലക്കരയില്‍ രാവിലെ രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ ഉച്ചവരെ വോട്ടേഴ്‌സിന്റെ വലിയ നിരയായിരുന്നു പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായി.
വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ൽ രാഹുൽ നേടിയതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടും. യുഡിഎഫ് കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എന്‍ഡിഎ, എൽഡിഎഫ് കേന്ദ്രങളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു. വയനാടിന്‍റെ പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധി കൃത്യമായി ഇടപെട്ടില്ലെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മോകേരി പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിൽ യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളാണ് കുറഞ്ഞതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് പറഞ്ഞു. രാഹുൽ ഗാന്ധി അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് ആയതിനാൽ ജനം വോട്ട് ചെയ്യാൻ വിമുഖത കാട്ടി. എന്‍ഡിഎയുടെ വോട്ട് കൂട്ടുമെന്നും നവ്യ പറഞ്ഞു.