കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം ആക്രമണം നടത്തിയത്. ഖാലിസ്ഥാൻ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറിൽ മുന്നിൽ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഖാലിസ്ഥാൻ ഭീകരർ കൂട്ടമായെത്തി ഭക്തർക്ക് നേരെ വടി വീശി ആക്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആക്രമണത്തിന് ഇരയായതായി ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ ആരോപിച്ചു. ബ്രാംപ്ടണിൽ ക്ഷേത്രത്തിലെത്തിയെ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. രാജ്യത്ത് അക്രമസംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും ട്രൂഡോ പറഞ്ഞു. ഓരോ കാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ടെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. പൊലീസ് അതിവേഗം ഉണർന്നു പ്രവർത്തിച്ചെന്നും ട്രൂഡോ വ്യക്തമാക്കി.
അതേസമയം ഖാലിസ്ഥാൻവാദികൾ എല്ലാ സീമകളും മറികടക്കുകയാണെന്ന് കനേഡിയൻ എംപി ചന്ദ്ര ആര്യ വിമർശിച്ചു. ആക്രമണത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കാനഡയിലെ ഖാലിസ്ഥാനികൾ തീവ്രവാദികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഖാലിസ്ഥാൻ തീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയാണെന്നും, അവർക്ക് കാനഡയിൽ എല്ലാ സുരക്ഷിതത്വവും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.