ജറുസലം: ലബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാലു വിദേശ തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. ഇസ്രയേലുമായി അടുത്ത ദിവസങ്ങളിൽത്തന്നെ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടിയുടെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം. കൊല്ലപ്പെട്ട വിദേശികൾ ഏതു രാജ്യക്കാരാണെന്നു വ്യക്തമല്ല. ലബനനിലെ സായുധസംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ഇസ്രയേൽ ഒക്ടോബറിൽ ആക്രമണം ആരംഭിച്ച ശേഷം ഇസ്രയേലിനു നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അതേസമയം, ലബനന്റെ തെക്കൻ മേഖലയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി.
ഗാസ, ലബനൻ വെടിനിർത്തലിന് യുഎസ് മുൻകയ്യെടുത്തുള്ള ചർച്ചകൾ പുരോഗമിക്കവേ, തെക്കൻ ലബനനിലെ ബാൽബെക് മേഖലയിലെ 2 പട്ടണങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 8 സ്ത്രീകളടക്കം 19 പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഹോംസ് പ്രവിശ്യയിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ ഒട്ടേറെ ജനങ്ങൾക്കു പരുക്കേറ്റു. ഇവിടത്തെ ഹിസ്ബുല്ലയുടെ ആയുധപ്പുര തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നുസൈറാത്ത് ക്യാംപിലെ രണ്ട് വീടുകൾക്കു നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ടു പ്രദേശിക മാധ്യമപ്രവർത്തകർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 43,163 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,01,510 പേർക്കു പരുക്കേറ്റു.
ഇസ്രായേൽ സൈന്യം ആക്രമണം കടുപ്പിച്ചതോടെ വ്യവസ്ഥകളോടെ വെടിനിർത്തിലിന് തയ്യാറെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നെയിം ഖാസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന കിഴക്കൻ നഗരമായ ബാൽബെക്ക് ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഹിസ്ബുള്ള കമാൻഡർ ഉൾപ്പടെ കൊല്ലപ്പെട്ടിരുന്നു. വ്യോമാക്രമണത്തിൽ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതോടെയാണ് നയിം ഖാസി സ്ഥാനമേറ്റെടുത്തത്. താത്കാലിക നിയമനം മാത്രമാണിതെന്നും ഉടൻ തന്നെ വകവരുത്തുമെന്നും സ്ഥാനമേറ്റടുത്തതിന് പിന്നാലെ ഇസ്രായേൽ സൈനിക മേധാവി മുന്നറിയിപ്പ് നൽകിയത്. 71-കാരനായ നയിം ഖാസിം ഹിസ്ബുല്ലയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്.
ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ തീരുമാനിച്ചാൽ ഹിസ്ബുല്ലയും അത് അംഗീകരിക്കാൻ തയ്യാറാണെന്ന് നയിം കാസിം പറഞ്ഞു. എന്നാൽ, ഹിസ്ബുല്ലയ്ക്ക് ഇതുവരെ വിശ്വസനീയമായ ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ തന്നെ വെടിനിർത്തലിന് വഴിയൊരുങ്ങുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. യുഎസ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 5ന് മുമ്പായി വെടിനിർത്തൽ കരാറിൽ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷയെന്നും നജീബ് മിക്കാറ്റി വ്യക്തമാക്കി.
അതിനിടെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻ ദുബായിൽ നിന്ന് ലെബനിലെ ബെയ്റൂട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് നവംബർ അവസാനം വരെ റദ്ദാക്കി. ഇതോടൊപ്പം നവംബർ 14 വരെ ഇറാഖിലെ ബഗ്ദാദിലേക്കും തിരിച്ചും സർവീസ് ഉണ്ടാകില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബാഗ്ദാദിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാരെയും അനുവദിക്കില്ല എന്ന് എമിറേറ്റ്സ് അറിയിച്ചു