ന്യൂ ഡൽഹി: ഇന്ത്യയ്ക്ക് 855 ടൺ സ്വർണമാണ് കരുതൽശേഖരമായി നിലവിൽ കൈവശമുള്ളത്. ഇതിൽ വലിയൊരു വിഭാഗവും സൂക്ഷിച്ചിരുന്നത് യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലായിരുന്നു. ഇതിൽ നിന്ന് 102 ടൺ സ്വർണം കൂടി ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് ആർബിഐ. ദീപാവലി ആഘോഷത്തിരക്കിൽ അതീവരഹസ്യമായിട്ടായിരുന്നു റിസർവ് ബാങ്കിന്റെ നീക്കം. ആർബിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2022 സെപ്തംബർ മുതൽ 214 ടൺ സ്വർണമാണ് രാജ്യത്തേക്ക് എത്തിച്ചത്. മെയ് 31-ന്, യുകെയിൽ നിന്ന് ഏകദേശം 100 ടൺ രാജ്യത്തെത്തിച്ചിരുന്നു. 1990 -കളുടെ തുടക്കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യ ലണ്ടൻ ബാങ്കിൽ സ്വർണം പണയം വെച്ചത്.
ഒരുകാലത്ത് സ്വർണം പണയം വച്ചിരുന്ന രാജ്യമായിരുന്നുവെങ്കിൽ ഇന്ന് ടൺ കണക്കിന് സ്വർണം കരുതൽശേഖരമായി കൈവശമുള്ള രാഷ്‌ട്രമാണ് ഇന്ത്യ. മുംബൈയിലും നാഗ്പൂരിലുള്ള കേന്ദ്രങ്ങളിലാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം സൂക്ഷിക്കുന്നത്. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുപ്രകാരം ഇന്ത്യയുടെ 855 ടൺ സ്വർണശേഖരത്തിൽ 510.5 ടൺ സ്വർണവും ഇപ്പോൾ ഇന്ത്യയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
റഷ്യ-യുക്രെയ്ന്‍ യുദ്ധം കണക്കിലെടുത്ത്, റിസര്‍വ് ബാങ്ക് 2022 മാര്‍ച്ച് മുതല്‍ വിദേശത്തുള്ള സ്വര്‍ണ ശേഖരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ തുടങ്ങിയിരുന്നു. റഷ്യന്‍ വിദേശ കറന്‍സി ആസ്തികള്‍ മരവിപ്പിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഉത്തരവിട്ടതിന് ശേഷമാണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്. വിദേശത്ത് സൂക്ഷിക്കുന്ന ആസ്തി സുരക്ഷിതമല്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇന്ത്യ സ്വര്‍ണ ശേഖരം തിരികെയെത്തിക്കുന്നതിന് തീരുമാനിച്ചത്.