യുറോപ്പിലെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരായി ഇന്ത്യ മാറിയെന്ന് ട്രേഡ് ഇൻ്റലിജൻസ് സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നും യുറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള പ്രതിദിന കയറ്റുമതി 3. 6 ലക്ഷം ബാരലായി ഉയർന്നു. റഷ്യൻ എണ്ണയ്‌ക്ക് പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതാണ് ഇന്ത്യയ്‌ക്ക് നേട്ടമായത്. റഷ്യയില്‍ നിന്ന് വരുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ചാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രാധാനമായും കയറ്റുമതി ചെയ്യുന്നത്.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് മുമ്പ്, ഇന്ത്യൻ റിഫൈനറുകളിൽ നിന്ന് പ്രതിദിനം ശരാശരി 1.54 ലക്ഷം ബാരൽ എണ്ണയാണ് യുറോപ്പിലേക്ക് കയറ്റി അയച്ചത്. ഫെബ്രുവരി 5 -ന് യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പ്രതിദിന കയറ്റുമതി 2 ലക്ഷം ബാരലായി ഉയർന്നു. അടുത്ത ഏപ്രിലോടെ റഷ്യയിൽ നിന്നും ഇന്ത്യയുടെ പ്രതിദിന ഇറക്കുമതി 20 ലക്ഷം ബാരൽ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 44% വരും. പാശ്ചാത്യ ഉപരോധത്തിന് ശേഷം റഷ്യ ബാരലിന് 60 ഡോളർ എന്ന നിരക്കിലാണ് ഇന്ത്യയ്‌ക്ക് എണ്ണ നൽകിയത്. ആഗോള ശരാശരിയേക്കാൾ കുറഞ്ഞ നിരക്കാണിത്. ഇതിലൂടെ ഇന്ത്യൻ റിഫൈനറികളിൽ അസംസ്കൃത എണ്ണയുടെ ശേഖരം ഉയർന്നു. രാജ്യത്തിന് വിപുലമായ റിഫൈനറി ശൃംഖല ഉള്ളതുകൊണ്ട് ഒരേസമയം വലിയ അളവിലുള്ള ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളാക്കി മാറ്റാൻ ഇന്ത്യയ്‌ക്ക് സാധിച്ചു.
അഞ്ച് വർഷം മുമ്പ് 12 ശതമാനമായിരുന്നു ഇന്ധന കയറ്റുമതി വിഹിതം . 2024-25 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 213 ബില്യൺ ഡോളറായിരുന്നു, അതിൽ 36.5 ബില്യൺ ഡോളറും പെട്രോളിയം ഉൽപ്പന്നങ്ങളാണ്. കഴിഞ്ഞ മൂന്ന് വർഷമായി നെതർലാൻഡ്‌സ്, ബ്രിട്ടൻ, ഫ്രാൻസ്, നോർവേ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, യുഎഇ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യ പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.