ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റിയിലെ സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ചു. നവംബർ ഒന്നിനാകും സ്കൂളുകൾക്ക് അവധി നൽകുക. ഈ വർഷത്തെ ദീപാവലി സവിശേഷമാണെന്നും ന്യൂയോർക്ക് നഗരത്തിന്റെ ചരിത്രത്തിലാദ്യമായി സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് മേയറുടെ ഓഫീസിലെ ഡെപ്യൂട്ടി കമ്മീഷണർ ദിലീപ് ചൗഹാൻ പറഞ്ഞു. ദീപാവലി ദിനത്തിൽ കുട്ടികൾക്ക് ക്ഷേത്ര ദർശനവും മറ്റും നടത്തേണ്ടതുള്ളത് കൊണ്ടാണ് അവധി അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്നേ ദിനം പൊതു അവധിയായിരിക്കില്ലെന്നും മറിച്ച് ക്ഷേത്രങ്ങളിൽ പോകേണ്ട കുട്ടികൾക്ക് അങ്ങനെയാകാമെന്നും സ്കൂളുകളിൽ എത്തണമെന്ന് കർശന നിർദ്ദേശം നൽകില്ലെന്നും മേയറുടെ ഓഫീസ് വ്യക്തമാക്കി. വൈറ്റ് ഹൗസും ദീപാവലി ആശംസ അറിയിച്ചിട്ടുണ്ട്. നേരത്തെ ദീപാവലി ആഘോഷവും സംഘടിപ്പിച്ചിരുന്നു. ലോക വ്യാപാര സംഘടനയുടെ അടക്കം നഗരത്തിലെ വിവിധ കെട്ടിടങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് ദീപാലംകൃതമാക്കിയിട്ടുണ്ട്.
ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയ ഭാഗമായ ടൈംസ് സ്‌ക്വയറിൽ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യക്കാരോടൊപ്പം യുഎസ് പൗരന്മാരും ആഘോഷങ്ങളുടെ ഭാഗമായി. ഐതിഹാസികമായ മിഡ്‌ടൗൺ മാൻഹാട്ടൻ പരിസരത്താണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ന്യൂയോർക്ക് മേയർ, മേയർ എറിക് ആഡംസ്, ന്യൂയോർക്ക് സ്റ്റേറ്റ് പ്രതിനിധി ജെന്നിഫർ രാജ്കുമാർ, കൗൺസിൽ ജനറൽ ബിനയ പ്രധാൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.