ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷ മേഖലയിൽനിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കിഴക്കൻ ലഡാക്കിലെ ദെപ്സാംഗ്, ദെംചോക് എന്നീ മേഖലകളിൽ നിന്നാണ് ധാരണപ്രകാരം ഇരു രാജ്യങ്ങളുടെയും പിന്മാറ്റം പൂർത്തിയാക്കിയത്. മേഖലയിൽ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ദീപാവലി പ്രമാണിച്ച് ചൈനീസ് സൈന്യവുമായി മധുരം കൈമാറുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും സൈന്യം സഹകരിച്ചുകൊണ്ടുള്ള പട്രോളിംഗ് വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
പരസ്പരം ഏറ്റുമുട്ടിയ സ്ഥലങ്ങളിൽ ഇരുകൂട്ടരും താൽക്കാലികമായൊരുക്കിയ തമ്പുകളും നീക്കംചെയ്തു. പിന്മാറ്റം പൂർത്തിയായെന്ന് ഇരുരാജ്യങ്ങളും പരിശോധിച്ച് ഉറപ്പാക്കും. ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റ തീരുമാനത്തെ യു.എസ് സ്വാഗതം ചെയ്തു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
നിയന്ത്രണരേഖയിൽ നിന്ന് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ പിന്മാറുമെന്ന തീരുമാനം കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ചൈന ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 2020 ഏപ്രിലിന് മുൻപുള്ള നിലയിലേക്ക് പട്രോളിംഗ് പുനരാരംഭിക്കാനാണ് നീക്കം. നാല് വർഷങ്ങൾക്ക് മുൻപ് നടന്ന ഗൽവാൻ സംഘർഷത്തെ തുടർന്നായിരുന്നു അതിർത്തിയിൽ സർവസന്നാഹങ്ങളുമായി ഇന്ത്യ സൈന്യത്തെ വിന്യസിച്ചത്.
ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ സൈനിക വിന്യാസം കുറയ്ക്കുന്നതിനുള്ള 3 ഘട്ട പ്രക്രിയയുടെ – പിന്മാറ്റം, സംഘർഷാവസ്ഥ കുറയ്ക്കൽ, സൈനികരെ പിൻവലിക്കൽ– ആദ്യപടിയാണിത്. കഴിഞ്ഞദിവസം റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു.