ഇന്ത്യയ്ക്കും ചൈനയ്ക്കും സാംസ്ക്കാരികമായി ആയിരത്തോളം വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ഇന്ത്യാ – ചൈന ബന്ധം പ്രാചീനകാലത്തു തന്നേ നിലനിൽക്കുന്നുണ്ടായിരുന്നതിന് തെളിവാണ് ഇന്ത്യയിലെമ്പാടും കാണുന്ന ചീന ഭരണിയും ചീനപ്പട്ടും. എന്നാല്‍ ഇന്ന് ഇന്ത്യയും ചൈനയും പരസ്പരം ശത്രുതയോടെ നോക്കിക്കാണുന്നു. ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത പൊടുന്നനെ ഇല്ലാതായത് 1962-ലെ യുദ്ധത്തിനു ശേഷമാണെന്ന് എല്ലാവര്‍ക്കും അറിയാം.
1914-ലെ സിംല കൺവെൻഷന്റെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലുള്ള ഉടമ്പടിയിലൂടെ സ്ഥാപിതമായ മക്മോഹൻ ലൈൻ, തർക്കത്തിന്റെ കേന്ദ്ര ബിന്ദുവായി തുടരുകയാണ്. സിംല കൺവെൻഷനിൽ പ്രവേശിക്കുമ്പോൾ ടിബറ്റ് സ്വതന്ത്രമായിരുന്നില്ല എന്ന് വാദിച്ചാണ് ചൈന മക്മോഹൻ ലൈൻ കരാറിന്റെ സാധുത നിരസിക്കുന്നത്. 1962-ൽ നടന്ന യുദ്ധത്തിൽ ലഡാക്കിലും മക്മോഹൻ ലൈനിന് കുറുകെയും ചൈന ഒരേസമയം ആക്രമണം അഴിച്ചുവിട്ടു. ഒരു മാസത്തെ പോരാട്ടത്തിന് ശേഷം ഏകപക്ഷീയമായി പിന്മാറുന്നതിന് മുമ്പ് ചൈന അവരുടെ ലക്ഷ്യങ്ങളൊക്കെയും നേടിയെടുത്തിരുന്നു. അരുണാചൽ പ്രദേശിൽ ചൈന അവകാശ വാദമുന്നയിച്ച പ്രദേശങ്ങൾ കൈവശപ്പെടുത്തുകയും അക്‌സായി ചിൻ നിയന്ത്രണത്തിലാക്കുകയും ചെയ്‌തതോടെ യുദ്ധം അവസാനിപ്പിക്കുകയായിരുന്നു. ഇരുവശത്തുമായി ആയിരക്കണക്കിന് സൈനികർക്ക് അന്ന് ജീവൻ നഷ്‌ടപ്പെട്ടു.
1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെയാണ്. സ്വതന്ത്ര ഇന്ത്യ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ ചൈനീസ് റിപ്പബ്ളിക്കുമായി തികഞ്ഞ സൗഹൃദബന്ധം പുലര്‍ത്തുകയും പഞ്ചശീല തത്ത്വങ്ങളുടെ ഭൂമികയില്‍ ഹിന്ദി-ചീനി ഭായീ ഭായീ മുദ്രാവാക്യങ്ങളാല്‍ ഇരുരാജ്യങ്ങളും തികഞ്ഞ അച്ചടക്കം പുലര്‍ത്തിയതും 1962-ലെ യുദ്ധത്തോടെ ഇല്ലാതായി. 1959-ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുകയും പരമ്പരാഗത ബന്ധങ്ങളുടെ പേരില്‍ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തതാണ് ചൈനയെ പ്രകോപിപ്പിച്ചതും 1954 -ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ഇന്ത്യയെ കടന്നാക്രമിക്കാന്‍ പ്രേരണയായതും. യുദ്ധത്തിനു പിന്നാലെ ചൈന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദവും ഉന്നയിച്ചുതോടെ ഇന്ത്യാ ചൈന ബന്ധം എന്നെന്നേന്നുക്കുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ നഷ്ടപ്പെട്ടു.
ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറുതും വലുതുമായ നിരവധി പ്രദേശങ്ങളുടെ പരമാധികാരത്തെ ചുറ്റിപ്പറ്റിയാണ് ദീർഘകാലമായ ചൈന-ഇന്ത്യ അതിർത്തി തർക്കം നിലകൊള്ളുന്നത്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) എന്നറിയപ്പെടുന്ന ഇന്ത്യ-ചൈന അതിർത്തി ഹിമാലയത്തിന് കുറുകെ 3,488 കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്നതാണ്. ഈ പ്രദേശങ്ങളിലൊന്നായ അക്‌സായി ചിൻ ചൈനയുടെ ഭരണത്തിൻ കീഴിലാണെങ്കിലും ഇന്ത്യയും ഈ പ്രദേശത്തിന് മേല്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. ജനവാസം നന്നേ കുറഞ്ഞതും വളരെ ഉയര്‍ന്നതുമായ ഭൂപ്രദേശമാണ് അക്‌സായി ചിന്‍. തർക്കത്തില്‍ പെട്ട് കിടക്കുന്ന മറ്റൊരു മേഖല മക്‌മഹോൺ ലൈനിന്‍റെ തെക്ക് ഭാഗത്താണ്. മുമ്പ് നോർത്ത്-ഈസ്‌റ്റ് ഫ്രോണ്ടിയർ ഏജൻസി (NEFA) എന്നറിയപ്പെട്ടിരുന്നതും ഇപ്പോൾ വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനവുമായ അരുണാചൽ പ്രദേശാണിത്. ഇന്ത്യയുടെ കീഴിലുള്ള ഈ പ്രദേശം ചൈനയും അവകാശപ്പെടുന്നു.
1967-ൽ സിക്കിം മേഖലയിൽ ഒരു അതിർത്തി സംഘർഷം ഉണ്ടായി. 1987-ലും 2013-ലും എല്‍എസിയെ ചൊല്ലി സംഘർഷങ്ങൾ ഉടലെടുത്തു. 1993-ലും 1996-ലും അതിർത്തി പ്രശ്‌നത്തിന്‍റെ അന്തിമ പരിഹാരത്തിനായി ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകളില്‍ ഒപ്പുവച്ചു. അതിർത്തിയില്‍ ജോയിന്‍റ് വർക്കിങ് ഗ്രൂപ്പ് (JWG) പോലുള്ള ഔപചാരിക ഗ്രൂപ്പുകൾ സൃഷ്‌ടിച്ചു. 2003-ൽ പ്രത്യേക പ്രതിനിധികൾ സംവിധാനം രൂപീകരിച്ചു. 2012-ൽ മറ്റൊരു തർക്ക പരിഹാര സംവിധാനം, വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ (WMCC) രൂപീകരിച്ചു. എന്നാല്‍ ചൈനയും ഭൂട്ടാനും അവകാശപ്പെടുന്ന ദോക്‌ലാമിലെ പ്രദേശത്ത് ചൈനീസ് റോഡ് നിർമ്മാണം ഇന്ത്യൻ സൈന്യം 2017 -ൽ തടഞ്ഞപ്പോൾ ഒരു വലിയ തര്‍ക്കം ഉടലെടുത്തിരുന്നു. മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ നയതന്ത്ര മാർഗങ്ങളിലൂടെയാണ് പ്രതിസന്ധി പരിഹരിച്ചത്. തുടർന്നും പല തരത്തിൽ അതിർത്തിയിൽ പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു.
അതുകൂടാതെയാണ് ഇന്ത്യയെ ശത്രുവായി കാണുന്ന പാക്കിസ്ഥാനുമായി ചൈന നടത്തുന്ന പ്രതിരോധ, സാമ്പത്തിക ഇടപാടുകള്‍. നമ്മുടെ അയല്‍രാജ്യങ്ങളില്‍ ചൈനയുടെ സജീവ താല്‍പര്യവും സ്വാധീനവും ചെലുത്തിവരുന്നത് അത്രയൊന്നും ആശ്വാസത്തോടെയല്ല ഇന്ത്യ നോക്കിക്കാണുന്നത്. അതിനു പിന്നാലെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കടന്നുകയറാനുള്ള ചൈനയുടെ നീക്കത്തില്‍ നിന്നും അതിന്റെ താല്‍പ്പര്യം അമേരിക്കയേപ്പോലെ അടുത്ത ലോക പോലീസ് ആകാനാണെന്ന് വ്യക്തമാണ്.
ഈ സാഹചര്യത്തിൽ ആണ് നമ്മുടെ പ്രധാനമന്ത്രി നരേദ്രമോദിയുടെ നീക്കങ്ങൾ ശ്രദ്ധയാകർഷിക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയില്‍ ഇന്ത്യ ആഴത്തിലും കരുതലോടെയും സൗഹൃദത്തോടെയും ഇടപഴകുന്നു. ഒരുവശത്ത് ചൈന ഇന്ത്യയുടെ ശത്രുക്കളുമായി കൂട്ടുകൂടുമ്പോള്‍ ഇന്ത്യ, ചൈനയുടെ അതൃപ്തികള്‍ക്ക് പാത്രമായ ജപ്പാന്‍, വിയറ്റ്നാം, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളുമായി കൈകോര്‍ക്കുന്നു. ചൈനീസ് നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാക്കടലിലേക്ക് വരെ ഇന്ത്യ ശ്രദ്ധ കൊടുക്കുന്നു. ഇങ്ങനെയിരിക്കെയാണ് 2020-ൽ ചൈനീസ് സേന ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണരേഖ വീണ്ടും ലംഘിച്ചത്. 2020-ൽ ഗാൽവൻ താഴ്വരയിൽ സേനകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത് ഇതു ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വരുത്തി. 2020 മെയ് 5-ന് കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ വ്യാപാര ബന്ധങ്ങൾ ഒഴികെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മരവിച്ച അവസ്ഥയിലാണ്. തർക്കം പരിഹരിക്കാനുള്ള ശ്രമത്തിൽ ഇതുവരെ ഇരുപത്തിയൊന്ന് റൗണ്ട് കമാൻഡർ തല ചർച്ചകൾ നടത്തി. അതിർത്തിയിലെ സ്ഥിതിഗതികൾ സംഘർഷ ഭരിതമായി തുടരുന്നിടത്തോളം കാലം ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനാകില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.
അങ്ങനെയിരിക്കെയാണ് കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി എന്ന് ഇന്ത്യൻ വിദശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വരുന്നത്. അതെതുടർന്നു റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ സമ്മർദത്തിലാണ് ചൈനയുമായി സമവായത്തിന് ഇന്ത്യ തയ്യാറായതെന്നാണ് വിലയിരുത്തൽ. 5 വര്‍ഷത്തിന് ശേഷമാണ് മോദിയും ഷി ജിൻപിങ്ങും ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. 2019 ലാണ് അവസാനമായി പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്‌ച നടത്തിയത്. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വെച്ചായിരുന്നു അവസാന കൂടിക്കാഴ്‌ച.
അഞ്ച് വർഷത്തിന് ശേഷം തങ്ങൾ ഒരു ഔപചാരിക കൂടിക്കാഴ്‌ച നടത്തുകയാണ്. ഇന്ത്യ-ചൈന ബന്ധം നമ്മുടെ ജനങ്ങൾക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും വളരെ പ്രധാനമാണെന്ന് തങ്ങൾ വിശ്വസിക്കുന്നു. അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുക എന്നത് നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനമായി തുടരണം, പരസ്‌പര വിശ്വാസവും പരസ്‌പര ബഹുമാനവും തുടരണമെന്നും ചൈനീസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്‌ചയില്‍ മോദി പറഞ്ഞു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ പട്രോളിങ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിനെ അദ്ദേഹം സ്വാഗതം ചെയ്‌തു.
ഇന്ത്യയും ചൈനയും തമ്മില്‍ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തണമെന്നും അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്നും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് അഭിപ്രായപ്പെട്ടു. നാല് വർഷത്തിലേറെയായി തുടരുന്ന അസ്വാരസ്യങ്ങൾക്കൊടുവിലാണ് നേതാക്കൾ തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് പരസ്പരം സ്വീകാര്യമായ പരിഹാരത്തിനായി പ്രവര്‍ത്തിക്കാന്‍ ഉന്നതതലത്തില്‍ യോഗം ചേരാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ, ഉഭയകക്ഷി ബന്ധം സുസ്ഥിരമാക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനും നടപടികളുണ്ടാവും എന്നും അറിയിച്ചു. ഈ നിർണായ കൂടിക്കാഴ്ച ഇന്ത്യ ചൈന തര്‍ക്കം പരിഹരിക്കപ്പെടുമോ അതോ മുൻപത്തെപോലെ ചൈന നിലപാട് മാറ്റുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.