Saturday, April 12, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ടിബറ്റ്: ‘ചൈന കൊന്നുതിന്ന രാജ്യം’
ടിബറ്റ്: 'ചൈന കൊന്നുതിന്ന രാജ്യം'

ടിബറ്റ്: ‘ചൈന കൊന്നുതിന്ന രാജ്യം’

by Editor
Mind Solutions

സമുദ്രനിരപ്പില്‍നിന്ന് 4880 മീറ്റര്‍ മുകളിലായി ഹിമാലയന്‍ മലനിരകളില്‍ കിടക്കുന്ന ടിബറ്റ് ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്ന് 8,848 മീറ്റർ (29,029 അടി) ഉയരത്തിലുള്ളതും ഭൂമിയുടെ ഏറ്റവും ഉയരമുള്ള പർവത ശിഖരവുമായ എവറസ്റ്റ് ആണ് ടിബറ്റിലെ ഏറ്റവും ഉയർന്ന പ്രദേശം. മഞ്ഞുനിറഞ്ഞ കൊടുമുടികളും കാറ്റ് ആഞ്ഞടിയ്ക്കുന്ന പീഠഭൂമികളും അടങ്ങിയ ടിബറ്റിന്റെ തെക്ക് ഹിമാലയ പർവതവും വടക്ക് കുൻലുൻ പർവതനിരകളുമാണ്. തിബത്തോ-ബർമീസ് ഭാഷാകുടുംബത്തിൽ പെട്ടതാണ് തിബത്തൻ ഭാഷ. തലസ്ഥാനം: ലാസ. അതിർത്തിരാജ്യങ്ങൾ: ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബർമ, ചൈന.

ക്രിസ്തു വർഷം ഏഴാം നൂറ്റാണ്ടുവരെ പലനാട്ടുരാജ്യങ്ങളായിരുന്നു ടിബറ്റ്. ക്രിസ്തു വർഷം ഏഴാം നൂറ്റാണ്ടിൽ സോങ്ത്സെൻ ഗമ്പോ (song-tsen Gampo) ചക്രവർത്തി ടിബറ്റിനെ ഏകീകൃതവും സുശക്തവുമായ രാജ്യമാക്കി മാറ്റി. രാഷ്ട്രീയ-സൈനിക ഉയർച്ചയുടെയും മൂന്ന് നൂറ്റാണ്ടുകൾ നീണ്ടുനിന്ന സാമ്രാജ്യ വിപുലീകരണത്തിന്റെ തുടക്കവുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. നേപ്പാൾ രാജാവും ചീന രാജാവും അവരുടെ പെൺമക്കളെ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് അവിടെ ബുദ്ധിസം പ്രചാരത്തിലാവുന്നത്. ടിബറ്റിലെ ബുദ്ധമതത്തിന്റെ പ്രചാരത്തിന് പ്രധാന പങ്ക് വഹിച്ചവരായതിനാൽ നേപ്പാൾ- ചീന രാജകുമാരിമാരായ ഈ തമ്പുരാട്ടിമാർക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ബുദ്ധമതത്തിൽ ചേർന്ന ചക്രവർത്തി നിരവധി ബുദ്ധവിഹാരങ്ങൾ പണിയിയ്ക്കുകയും ബുദ്ധമത ഗ്രന്ഥങ്ങൾക്ക് ടിബറ്റുഭാഷയിൽ ഭാഷ്യങ്ങളുണ്ടാക്കിയ്ക്കുകയും ചെയ്തു. ടിബറ്റുഭാഷയ്ക്ക് ലിപിയുണ്ടായത് ഇക്കാലത്താണ്.

പതിമൂന്നാം നൂറ്റാണ്ടിൽ മംഗോൾ ഭരണാധികാരി ജെങ്ഗിസ് ഖാൻ ഏഷ്യയിലെയും യൂറോപ്പിലെയും പ്രദേശങ്ങൾ ആക്രമിച്ചു് ഒരു ലോകോത്തര സാമ്രാജ്യമുണ്ടാക്കിയപ്പോൾ ടിബറ്റ് അതിന്റെ ഭാഗമായി. പുരോഹിതനും രക്ഷാധികാരിയും തമ്മിലുള്ള ബന്ധമായിരുന്നു ടിബറ്റിന്റെ അധികാരികളും മംഗോൾ ഭരണാധികാരികളും തമ്മിൽ ഉണ്ടായിരുന്നത്. പടയോട്ടമായി 1240-ൽ ടിബറ്റിലെത്തിയ ജെങ്ഗിസ് ഖാന്റെ കൊച്ചുമകനായ ഗോദൻ ഖാൻ രാജകുമാരൻ ടിബറ്റിന്റെ പ്രധാന മതാധികാരികളിലൊരാളായ ശാക്യമഠത്തിന്റെ അധിപൻ (ലാമ) ശാക്യ പണ്ഡിത കുങ്ഗ ഗ്യാൽ‍ത്സെനെ (1182-1251) ക്ഷണിച്ചു വരുത്തിയതോടെയാണ് ഈ ബന്ധം സ്ഥാപിതമായത്. ഗോദൻ ഖാന്റെ പിൻഗാമിയായ കുബ്ലൈ ഖാൻ ബുദ്ധ മതവിശ്വാസിയാവുകയും ശാക്യ പണ്ഡിതന്റെ അനന്തരവനായ ദ്രോഗൻ ചോഗ്യാൽ ഫഗ്പയെ ആത്മീയ മാർഗദർശിയായി സ്വീകരിയ്ക്കുകയും ചെയ്തു. കുബ്ലൈ ഖാൻ ബുദ്ധ മതത്തെ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമാക്കുകയും ശാക്യലാമയെ (ഫഗ്പയെ) ഏറ്റവും ഉയർന്ന ആത്മീയ അധികാരിയായി നിയമിയ്ക്കുകയും ചെയ്തു. 1254-ൽ ഫഗ്പയെ കുബ്ലൈ ഖാൻ ടിബറ്റിന്റെ രാഷ്ട്രീയ അധികാരിയുമാക്കി. ടിബറ്റിലെ ലാമാ ഭരണതുടക്കം ഇങ്ങനെയായിരുന്നു.

പതിനാറാം നൂറ്റാണ്ടിലാണ് ദലൈലാമയുടെ വാഴ്ച ആരംഭിക്കുന്നത്. ഏഴാമത്തെ ദലൈലാമയുടെ കാലത്ത്, 1720-ല്‍, സുംഗാറുകള്‍ (ആദിവാസി സംഘങ്ങള്‍) ടിബറ്റിനെ കീഴടക്കാനെത്തി. അവരെ തോല്‍പ്പിക്കാന്‍ സഹായം നല്‍കിയശേഷമാണ് ചൈനീസ് ഭരണകൂടം തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥരെ (ആംബന്‍സ്) ലാസയില്‍ നിയമിച്ചുതുടങ്ങിയത്. ഓരോ ദലൈലാമയും മുമ്പത്തെ ലാമയുടെ പുനരവതാരമായാണ് കരുതിപ്പോന്നത്. ഓരോ പുതിയ നേതാവ് വരുന്നതിനുമുമ്പും ഒരു ചെറിയ ഇടവേളയുണ്ടാകാറുണ്ട്. ഈ ഇടവേളയില്‍ ടിബറ്റിന്റെ ഭരണം കൈയാളിയിരുന്നത് ചൈനീസ് ഭരണകൂടത്തിന്റെ പ്രതിനിധികളായിരുന്ന ആംബനുകളും റീജന്റുമാരുമായിരുന്നു.

1895-ല്‍ ചുമതലയേറ്റ പതിമ്മൂന്നാമത് ദലൈലാമ ദീര്‍ഘദര്‍ശിയായൊരു ആത്മീയനേതാവായിരുന്നു. ചൈനീസ് സാമ്രാജ്യത്തിനും ബ്രിട്ടീഷ് ഇന്ത്യയ്ക്കും ഇടയിലായി കിടന്നിരുന്ന ടിബറ്റിന്റെ നയതന്ത്രപ്രാധാന്യം അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന്റെ സ്വതന്ത്രമായ രീതികള്‍ ആദ്യം ബ്രിട്ടീഷുകാരില്‍നിന്നും (1904-ല്‍) പിന്നീട് ചൈനയില്‍നിന്നും കടുത്ത പ്രതികരണങ്ങള്‍ക്കിടയാക്കി. 1910-ല്‍ ചൈന ടിബറ്റിനെ കീഴടക്കി. ഇതോടെ, ദലൈലാമ ഇന്ത്യയിലേക്കു പലായനം ചെയ്തു. 1911-ല്‍ ചൈനയില്‍ മാഞ്ചു ഭരണകൂടം തകര്‍ന്നതോടെ ദലൈലാമ തിരിച്ചെത്തുകയും ടിബറ്റിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അദ്ദേഹം അവരുമായി സന്ധിചെയ്തു. ഒരു പ്രദേശം വിട്ടുകൊടുത്തുകൊണ്ട് വടക്കന്‍ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുക എന്നതായിരുന്നു അത്. 1914-ല്‍ സിംലയില്‍വെച്ച് ബ്രിട്ടന്‍, ചൈന, ടിബറ്റ് എന്നീ ത്രിരാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഒപ്പുവെച്ച കരാര്‍പ്രകാരം മക്മോഹന്‍ രേഖ എന്നറിയപ്പെടുന്ന പുതിയ അതിര്‍ത്തി നിലവില്‍വന്നു.

1930-കളിൽ ചൈന കൂടുതൽ ശക്തിപ്പെട്ടതോടെ ടിബറ്റിന്റെമേൽ പരമാധികാരം ആഗ്രഹിച്ചു. 1933-ല്‍ ദലൈലാമയുടെ മരണശേഷം, ലാസയില്‍ അധികാരം കൈയാളിയ റീജന്റുകള്‍ പരസ്പരം പോരടിച്ചുതുടങ്ങി. അതുകൊണ്ടുതന്നെ, ചൈനീസ് നിയന്ത്രണങ്ങളില്ലാതിരുന്നിട്ടും 1911-നും 1950-നുമിടയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ടിബറ്റിനായില്ല. 1949- 50 ഒക്ടോബർ 7 കാലത്ത് സ്വതന്ത്ര പരമാധികാര തിബത്തിനെ ചീനയുടെ സൈന്യം അധിനിവേശം ചെയ്തു. ഗത്യന്തരമില്ലാതെ, 1951 മേയില്‍ ചൈനയുമായി പതിനേഴിന നിർദേശങ്ങൾ അടങ്ങിയ കരാറില്‍ ടിബറ്റ് ഒപ്പുവെച്ചു. ദലൈലാമയുടെ അധികാരങ്ങള്‍ ഉള്‍പ്പെടെ ടിബറ്റിലെ നിലവിലുള്ള ഭരണരീതികളില്‍ ഒരു മാറ്റവും വരുത്തില്ലെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. അതോടെ, ടിബറ്റില്‍ സമാധാനാന്തരീക്ഷം നിലവില്‍വന്നു. 1955-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്റ്റിയറിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി ദലൈലാമയെ നിയമിക്കുന്ന അവസ്ഥവരെയുണ്ടായി.

ചൈന ടിബറ്റിൽ സൈനിക റോഡുകളും വ്യോമത്താവളങ്ങളും നിർമിച്ചു. ടിബറ്റിൽ ചൈനയുടെ ഇടപെടൽ ഇന്ത്യാ-ടിബറ്റ് അതിർത്തിയിൽ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. ചൈനയുടെ നയപരിപാടികളേയും പ്രവർത്തനരീതികളേയും ഒരു വിഭാഗം ടിബറ്റുകാർ എതിർക്കുകയുണ്ടായി. ചൈനക്കെതിരായി ഒരു വിഭാഗക്കാർ കലാപമുണ്ടാക്കി. ടിബറ്റുകാരുടെ പ്രതിഷേധങ്ങളെ ചൈന അമർച്ചചെയ്തു. ടിബറ്റിലെ സായുധ ഇടപെടല്‍കൊണ്ട് അന്താരാഷ്ട്ര തലത്തിലുണ്ടാകാന്‍പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബെയ്ജിങ്ങിനു മുന്നറിയിപ്പു നല്‍കാന്‍ ജവാഹര്‍ലാല്‍ നെഹ്രു ശ്രമിച്ചു. പക്ഷേ, തങ്ങളുടെ ആഭ്യന്തരപ്രശ്‌നമാണെന്നു പറഞ്ഞ് അതെല്ലാം ചൈന തള്ളി.

1959 മാർച്ച് 17-ന് ടിബറ്റിന്റെ രാഷ്ട്രീയ അധികാരിയായ ദലൈ ലാമ അഞ്ഞൂറോളം ഉറ്റ സഹപ്രവർത്തകരോടൊപ്പം രാജ്യത്തുനിന്ന് പാലായനം ചെയ്യാൻ നിർബന്ധിതനായി. ഇന്ത്യ ദലൈ ലാമയ്ക്കും സംഘത്തിനും രാഷ്ട്രീയ അഭയം നല്കുകയും പ്രവാസി സർക്കാരിന്റെ ആസ്ഥാനമായി ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ധർമശാല എന്നസ്ഥലം അനുവദിയ്ക്കുകയും ചെയ്തു. ദലൈലാമ രക്ഷപ്പെട്ടെന്നു മനസ്സിലായതോടെ ചൈനീസ് പട്ടാളം ടിബറ്റന്‍ ജനതയ്ക്കുമേല്‍ അഴിഞ്ഞാടി. രാജ്യം മുഴുവന്‍ അവര്‍ നിയന്ത്രണത്തിലാക്കി. ചൈനയ്ക്കെതിരെ ടിബറ്റിൽ വീണ്ടും പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചൈന അവയെ അടിച്ചമർത്തുകയും ചെയ്തുകൊണ്ടിരുന്നു. ധാരാളം ടിബറ്റുകാർ അഭയംതേടി ഇന്ത്യയിലെത്തി. 1965-ൽ ടിബറ്റിനെ ചൈനാ റിപ്പബ്ളിക്കിലെ ഒരു സ്വയംഭരണ മേഖലയാക്കി. അതനുസരിച്ച് ടിബറ്റിലെ ഭരണം നടത്തിവരുന്നു. ടിബറ്റിലുണ്ടായിരുന്ന 6,000-ഓളം ബുദ്ധമതവിഹാരങ്ങളിൽ സിംഹഭാഗവും 1959-1961 കാലഘട്ടത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാൽ തകർക്കപ്പെട്ടു. സാംസ്കാരികമായും മതപരമായും ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിരലിലെണ്ണാവുന്ന മതകേന്ദ്രങ്ങൾ മാത്രമാണ് വലിയ തകർച്ചയൊന്നുമേൽക്കാതെ ഇന്നും നിലനിൽക്കുന്നത്.

1989 മാര്‍ച്ചില്‍ ചൈന ടിബറ്റില്‍ പട്ടാളനിയമം നടപ്പാക്കി. 1990-നുശേഷം ടിബറ്റില്‍ ചൈന പിടിമുറുക്കുന്നതാണു കണ്ടത്. ചൈനയില്‍നിന്ന് ടിബറ്റിലേക്ക് ഹാന്‍ വംശജരുടെ വന്‍തോതിലുള്ള കുടിയേറ്റത്തെ അവര്‍ പ്രോത്സാഹിപ്പിച്ചു. ഉന്നതവിദ്യാഭ്യാസത്തിന് ചൈനീസ് ഭാഷ പഠിക്കേണ്ടിവന്നതും സാംസ്‌കാരിക വിപ്ലവകാലത്ത് സന്ന്യാസവിഹാരങ്ങള്‍ തകര്‍ക്കപ്പെട്ടതും ടിബറ്റന്‍ സംസ്‌കാരത്തിന് കനത്ത തിരിച്ചടിയായി. ഇതിനുപുറമേ, ടിബറ്റന്‍ പീഠഭൂമിയില്‍നിന്നുള്ള അനിയന്ത്രിത ധാതുഖനനവും ആണവമാലിന്യങ്ങള്‍ തള്ളുന്നതും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഹിമാലയന്‍ പരിസ്ഥിതിമേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതായിരുന്നു ഖനനം. പതുക്കെപ്പതുക്കെ ടിബറ്റുകാര്‍ ദരിദ്രരാവുകയും സമൂഹത്തില്‍ പ്രാന്തവത്കരിക്കപ്പെടുകയും ചെയ്തു. സ്വന്തം രാജ്യത്ത് അവര്‍ക്ക് ചേരിനിവാസികളെപ്പോലെ ജീവിതം കഴിച്ചുകൂട്ടേണ്ടിവന്നു.

അതേസമയം അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനും ടിബറ്റന്‍ സ്‌കൂളുകള്‍ സ്ഥാപിച്ച് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും വിദേശത്ത് കുടിയേറിയ ടിബറ്റുകാര്‍ക്കിടയില്‍ ഉന്നതസാക്ഷരത കൊണ്ടുവരാനുമായി ദലൈലാമ ഇന്ത്യാ ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇത് ജീവിതമാര്‍ഗം കണ്ടെത്തുന്നതിലെ വെല്ലുവിളികള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കി. ഏറ്റവും സ്‌നേഹിക്കപ്പെടുന്ന പ്രശസ്തനായ ആഗോള ആത്മീയനേതാവായി ദലൈലാമ മാറുകയും ചെയ്തു. ടിബറ്റില്‍ തുടരാന്‍ തീരുമാനിച്ചവരെക്കാള്‍ ഇന്ന് മികച്ച ജീവിതം നയിക്കുന്നത് അവിടം വിട്ടുപോയവരാണെന്നു പറയുന്നത് അതിശയോക്തിയല്ല. ചൈനീസ് ഭരണകൂടത്തിന്റെ ദുഷ്ടബുദ്ധി ചൂണ്ടിക്കാട്ടാന്‍ ഇതിനെക്കാള്‍ നല്ലൊരു താരതമ്യം വേറെയില്ല.

സ്വർഗം എന്ന അർത്ഥം വരുന്ന ത്രിവിഷ്ടപം എന്നസംസ്കൃത വാക്കിൽനിന്നാണ് ടിബറ്റ് എന്ന പേരുണ്ടായത്. സുകൃതികൾ വസിയ്ക്കുന്ന ഇടം എന്ന അർത്ഥത്തിൽ സ്വർഗഭൂമി എന്നിതിനെവിളിച്ചുവന്നു.ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന സ്ഥലമായ അതായത് പുണ്യസ്ഥലമായ കൈലാസവും മാനസസരോവരവും (മാനസസരസ്സ്) ടിബറ്റിലാണ്. പരമേശ്വരനായ ശിവൻ കൈലാസത്തിലാണ് വസിയ്ക്കുന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മാനസസരസ്സിലാണ് മനുഷ്യോൽപത്തിയുണ്ടായതെന്നും വിശ്വസിയ്ക്കപ്പെടുന്നു. ലോകത്തിലൊരുരാജ്യവും അവരുടെ ദൈവത്തിന്റ ഇരിപ്പിടം വിദേശത്താക്കുകയില്ലെന്നതുകൊണ്ട് തിബത്തിനെ പുരാതന ഇന്ത്യയുടെ ഭാഗമായി കാണണമെന്നും അഭിപ്രായമുണ്ട്.

ചുരുക്കി പറഞ്ഞാൽ നിലവിൽ ടിബറ്റിനെ ചൈന കൊന്നുതിന്ന രാജ്യം എന്ന് വിശേഷിപ്പിക്കാം

Top Selling AD Space

You may also like

error: Content is protected !!