ടെൽ അവീവ്: ഇറാന് തിരിച്ചടി നൽകി ഇസ്രായേലിന്റെ വ്യോമാക്രമണം. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എഫ്-35 ഐ ജെറ്റുകൾ ഉൾപ്പെടെ 100 വിമാനങ്ങളാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് ഇസ്രായേൽ ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേൽ ആക്രമണം നടത്തിയെന്ന വിവരം യുഎസും സ്ഥിരീകരിച്ചു.
ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇറാനിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. 100-ലധികം യുദ്ധവിമാനങ്ങൾ 20-ലധികം സ്ഥലങ്ങളിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ അഞ്ചാം തലമുറ എഫ് -35 ഫൈറ്റർ ജെറ്റുകളും, എഫ്-15I റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും, F-16I സുഫ എയർ ഡിഫൻസ് ജെറ്റുകളുമാണ് ഇറാൻ ആക്രമണത്തിനായി ഇസ്രയേൽ വിന്യസിച്ചത്. ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ചിരുന്ന 20 ക്യാമ്പുകളായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ആദ്യ ആക്രമണം തന്നെ ഇറാന്റെ റഡാർ ആൻഡ് എയർ ഡിഫൻസ് സൗകര്യങ്ങളിലായിരുന്നു. പിന്നീടാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കുന്ന സ്ഥലത്ത് ഇസ്രയേൽ ആക്രമണം നടത്തിയത്. ദൗത്യത്തിന് ‘ഓപ്പറേഷൻ ഡേയ്സ് ഓഫ് റിപെന്റൻസ്’ എന്നാണ് ഇസ്രയേൽ പേര് നൽകിയിരുന്നത്. ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും ടെൽ അവീവിലെ സൈനിക ആസ്ഥാനത്തുണ്ടായിരുന്നുവെന്ന് നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തക്കതായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ മുന്നറിയിപ്പ് നൽകി. ഇസ്രായേലിന്റെ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി നേരിട്ടെന്നും എന്നാൽ ചില സ്ഥലങ്ങളിൽ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായെന്നും ഇറാൻ അറിയിച്ചു. ടെഹ്‌റാനിലും സമീപ പ്രദേശങ്ങളിലും ഏതാണ്ട് മൂന്ന് തവണകളായാണ് ഇസ്രായേൽ പ്രതിരോധ സേന ആക്രമണങ്ങൾ നടത്തിയത്. പുലർച്ചെ 2 മണിക്ക് ശേഷം ടെഹ്‌റാനിലും കരാജ് നഗരം ഉൾപ്പെടെയുള്ള സമീപത്തെ സൈനിക താവളങ്ങളിലും മണിക്കൂറുകളോളം സ്‌ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 1-ന് ഇസ്രായേലിനെതിരെ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. 180-ലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിലേയ്ക്ക് തൊടുത്തത്. ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. 25 ദിവസങ്ങൾ പിന്നിടുമ്പോൾ ഇറാന് വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ മറുപടി നൽകിയിരിക്കുകയാണ്.