ഭൂമിയിലെ ഏറ്റവും ഉയർന്ന ജനവാസ സ്ഥലമാണ് ലഡാക്ക്. വടക്കേയറ്റത്ത് 59,343 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലഡാക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശമാണിപ്പോൾ. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 -ആം അനുച്ഛേദം, 35A എന്നിവ റദ്ദാക്കി ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി, പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കിയത് 2019 ഒക്ടോബർ 31-നാണ്. ഔദ്യോഗികമായി ഇന്ത്യയുടെ ലഡാക് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ് പാക്കിസ്ഥാൻ കൈവശം വെച്ചിരിക്കുന്ന ഗിൽജിത് -ബാള്‍ട്ടിസ്താന്‍ പ്രവിശ്യയും.
ലഡാക്കിന്റെ വടക്കു പടിഞ്ഞാറും തെക്കുകിഴക്കും ഹിമാലയവും, തൊട്ട് വടക്ക് കാരക്കോരവും ഒരു അതിർത്തി പോലെ സ്ഥിതിചെയ്യുന്നു. 9000 മുതൽ 25000 അടി വരെ ഉയരമുള്ള താഴ്‌വരകളും മലനിരകളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഷായോക്ക്, നുബ്ര നദികൾക്കിടയിലുള്ള ‘സാസാർ’ ആണ് ലഡാക്കിലെ ഏറ്റവും ഉയരം കൂടിയ പർവതം. 7023 മീറ്ററാണ് (23,340 അടി) ഇതിന്റെ ഉയരം. ഉയരവും മഴയുടെ അഭാവവും മനുഷ്യവാസം ശരിക്കും ശ്രമകരമാകുന്നത് കൊണ്ട് തന്നെ കിലോമീറ്ററിൽ ശരാശരി മൂന്നു പേർ എന്ന നിരക്കിൽ മാത്രം ജനവാസമുള്ള ലഡാക് ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. ലിറ്റ്ൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിൻ്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്. ടിബറ്റുകാരുടെയും ദർദുകളുടെയും പിൻഗാമികളാണ് ലഡാക്കുകാർ. ജനങ്ങളിൽ ഭൂരിഭാഗവും ബുദ്ധമതക്കാരോ മുസ്ലിങ്ങളോ ആണ്. ലേ യിൽ കുറച്ചു ക്രിസ്താനികളുമുണ്ട്. ലഡാക്കിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ ബുദ്ധമതക്കാർക്കും തെക്കും പടിഞ്ഞാറും മുസ്ലിങ്ങൾക്കുമാണ് പ്രാമുഖ്യം. പതിന്നാലാം നൂറ്റാണ്ടോടുകൂടി അമിർ സയ്യിദ് അൽ ഹംദാനി എന്ന പണ്ഡിതൻ്റെ ശ്രമഫലമായാണ് ഇസ്ലാം മതം ലഡാക്കിൽ പ്രചരിച്ചു തുടങ്ങിയത്. മുസ്ലിങ്ങളിൽ ഭൂരിപക്ഷവും ഷിയാ വിഭാഗക്കാരാണ്.
കേവലം രണ്ടുലക്ഷത്തിനുതാഴെ ജനസംഖ്യയുള്ള ലഡാക്ക് പാക്കിസ്‌ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. 1947-ൽ ഇന്ത്യയ്ക്കും പാക്കിസ്‌ഥാനും സ്വാത്രന്ത്ര്യം ലഭിക്കുന്നതിനു മുമ്പായി അവിഭക്ത ലഡാക്ക് മുഴുവനും ജമ്മുകശ്മീർ ഭരിച്ചിരുന്ന മഹാരാജാ ഹരിസിങ് എന്ന ഡ്രോഗ ഭരണാധിപന്റെ കീഴിലായിരുന്നു. 1846-ൽ ഇംഗ്ലീഷ്-സിഖ് യുദ്ധാനന്തരം, മഹാരാജാ ഗുലാബ് സിങ്; ബ്രിട്ടീഷുകാരിൽനിന്ന് കശ്മീർ വിലയ്ക്കുവാങ്ങിയതിനെത്തുടർന്നാണ് ലഡാക്ക് കശ്മീരിന്റെ ഭാഗമായത്.
ജമ്മു കശ്മീരിന്റെ ചരിത്രം
15-എം നൂറ്റാണ്ടുവരെ വ്യത്യസ്ത രാജ വംശങ്ങളുടെ ഭരണത്തിലായിരുന്ന കാശ്മീർ പിന്നീട് മുഗൾ ഭരണാധികാരി അക് ബറിന്റെ ഭരണത്തിന് കീഴിലായി. 1756 തുടങ്ങി അഫ്ഘാൻ ഭരണത്തിലായ ഈ പ്രദേശം 1819-ഓടെ സിഖ് അധിപത്യത്തിലായി. 1846 -ൽ മഹാരാജ രഞ്ജിത് സിംഗ് ജമ്മു പ്രദേശം മഹാരാജാ ഗുലാബ് സിംഗിന് കൈമാറി.1947 -ൽ ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് സ്വതന്ത്രമായി നിന്ന പ്രദേശം ആണ് കാശ്മീർ. പിന്നാലെ പാകിസ്ഥാൻ അവരുടെ കൂടെ ചേർക്കുന്നതിന് കാശ്മീരിൽ സൈനിക മുന്നേറ്റം നടത്തി മൂന്നിലൊന്ന് പ്രദേശം കൈവശപ്പെടുത്തി. അപ്പോൾ കശ്മീർ മഹാരാജാവ് ഹരിസിങ് ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യയിൽ ലയിക്കാൻ സമ്മതിക്കുകയും ചെയ്തു. അപ്പോൾ മാത്രം ആണ് ഇന്തൃൻ സൈനൃം കാശ്മീരിൽ പ്രവേശിച്ച് പാകിസ്ഥാനുമായി യുദ്ധം ചെയ്തതും. പക്ഷെ പാകിസ്ഥാൻ പിടിച്ചെടുത്ത പ്രദേശം തിരിച്ചു പിടിക്കാൻ ഇന്ത്യക്ക് പറ്റിയില്ല . ഇത് പാക് അധിനിവേശ കാശ്മീർ എന്നറിയപ്പെട്ടു. ഇന്ത്യ 1949 -ൽ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. അതുമുതൽ ഇന്ത്യയും പാക്കിസ്‌ഥാനുമായി ഇന്നും തുടരുന്ന സംഘർഷത്തിന് ഭൂമികയാണ് ജമ്മു കാശ്മീർ.
1947-48 -ലെ ഇന്ത്യ-പാക്കിസ്‌ഥാൻ യുദ്ധത്തിൽ ഐക്യരാഷ്ട്രസംഘടനയുടെ നിർദേശാനുസരണം, ലഡാക്കിന്റെ ഉത്തരപശ്ചിമ ഭാഗത്തുണ്ടായിരുന്ന ഗിൽഗിത്ത്, ഹൻസാ, സകാർദു, ബാൾട്ടിസ്താൻ എന്നീ പ്രദേശങ്ങളും കശ്മീരിന്റെ കുറച്ചു ഭാഗങ്ങളും പാക്കിസ്‌ഥാന്റെ അധീനതയിലായി. ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഒരു ഭൂപ്രദേശമാണ് ജമ്മു-കശ്മീർ. അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും തീവ്രവാദവും സൈനിക കടന്നുകയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി ഇന്നും ഈ സംസ്ഥാനം തുടരുന്നു.
ഗിൽജിത്-ബാൾട്ടിസ്ഥാൻ
ഔദ്യോഗികമായി ഇന്ത്യയുടേതും ഇന്തോ-പാക്ക് യുദ്ധാനന്തരം പാക്കിസ്ഥാന്റെ അനധികൃത നിയന്ത്രണത്തിലുള്ളതുമായ ഏറ്റവും വടക്കുള്ള പ്രദേശമാണ് ഗിൽജിത്-ബാൾട്ടിസ്ഥാൻ. 72,971 ചതുരശ്ര കിലോമീറ്റർ (28,174 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഗിൽജിത്-ബാൾട്ടിസ്ഥാൻ ഭൂരിഭാഗവും പർവതപ്രദേശമാണ്. 2015-ലെ കണക്കു പ്രകാരം ജനസംഖ്യ 18 ലക്ഷം ആണ്.
ഗിൽജിത്-ബാൾട്ടിസ്ഥാനിലെ വിവിധങ്ങളായ പ്രദേശങ്ങളിൽ കാണപ്പെടുന്ന കൽക്കൊത്തുപണികൾ സൂചിപ്പിക്കുന്നത് ഇവിടെ ബിസി 2000 മുതൽ മനുഷ്യ സാന്നിധ്യമുണ്ടെന്നാണ്. ഒന്നാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ബോൺ മതത്തിന്റെ അനുയായികളായിരുന്നുവെങ്കിലും രണ്ടാം നൂറ്റാണ്ടിൽ അവർ ബുദ്ധമതമാണു പിന്തുടർന്നത് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. താങ് രാജവംശത്തിൽ നിന്നുള്ള ചൈനീസ് പുരാരേഖകനുസരിച്ച്, 600 -നും 700 -നും ഇടയിൽ, ഈ പ്രദേശം ഭരിച്ചിരുന്നത് ബോലു എന്നറിയപ്പെട്ടിരുന്ന ബുദ്ധമത രാജവംശമാണ്.
പതിനാലാം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്നും മധ്യേഷ്യയിൽ നിന്നുമുള്ള സൂഫി മുസ്ലീം മതപ്രബോധകർ ബാൾട്ടിസ്ഥാനിൽ ഇസ്ലാമിനെ പരിചയപ്പെടുത്തി. പല പ്രാദേശിക ഭരണാധികാരികളും ഭരണം നടത്തിയ ഗിൽജിത്-ബാൾട്ടിസ്ഥാനിലെ ഭരണാധികാരികളിൽ പ്രശസ്തർ സ്കാർഡുവിലെ മക്പോൺ രാജവംശവും ഹൻസയിലെ രാജാക്കന്മാരുമായിരുന്നു. 1840- 1860 വരെ ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രദേശം മുഴുവനായി സിഖുകാരുടെയും പിന്നീട് ഡോഗ്രകളുടെയും കീഴിലായിത്തീർന്നു. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ സിഖുകാർ പരാജയപ്പെട്ടതിനുശേഷം, ഈ പ്രദേശം ജമ്മു കശ്മീർ നാട്ടുരാജ്യത്തിന്റെ ഭാഗമായിത്തീരുകയും 1846 മുതൽ ഇത് ഡോഗ്രാസിന്റെ ഭരണത്തിൻ കീഴിൽ തുടരുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധ ശേഷം ഇന്ത്യയുടെ സ്വാതന്ത്യം എന്നത് യാത്ഥാർത്ഥ്യത്തിലേക്ക് എത്തും എന്ന സമയത്ത് തന്നെ മതാടിസ്ഥാനത്തിൽ പാക്കിസ്ഥാൻ ഉണ്ടാക്കുവാനുള്ള നീക്കങ്ങളും ഒരു വശത്തുകൂടി നടന്നിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ളതെങ്കിലും ജമ്മു -കശ്മീരിനെ തന്റെ ഭരണത്തിൽ സ്വതന്ത്രമായ രാജ്യമായി നിലനിർത്തുവാൻ ഹരി സിംഗ് നിശ്ചയിച്ചു. അതേസമയം മുസ്ലീം രാഷ്ട്ര സ്ഥാപനത്തിലെ അവിഭാജ്യ ഘടകമായിട്ടാണ് ഇതേ ജമ്മു കശ്മീരിനെ പാക്ക് അനുകൂലികൾ കണക്കാക്കിയിരുന്നത്. അങ്ങനെ സ്വാതന്ത്ര്യ ശേഷം ഇന്ത്യ – പാക്ക് വിഭജനസമയത്ത് ഏത് ഭാഗത്ത് ചേരണം എന്ന നിർണായകമായ ചോദ്യം ഹരി സിംഗിന് മുന്നിൽ വന്നു. സ്വതന്ത്ര രാജ്യം എന്നദ്ദേഹം തീരുമാനിക്കുകയും അതു പ്രകാരം മുന്നോട്ടുപോകുകയും ചെയ്തു. ഹരിസിംഗിന്റെ തീരുമാനം പാക്കിസ്ഥാന് സ്വീകാര്യവും ഇന്ത്യക്ക് അസ്വീകാര്യവുമായിരുന്നു. ഹരിസിംഗ് സ്വതന്ത്ര കശ്മീരുമായി നിലകൊണ്ടാൽ എളുപ്പത്തിൽ അവിടെ അധിനിവേശം നടത്തി ഹരിസിംഗിനെ അട്ടിമറിക്കാം എന്നായിരുന്നു പാക്ക് കണക്കുകൂട്ടൽ.
1947 നവംബർ 1 വരെ ബ്രിട്ടീഷുകാർ ചില പ്രദേശങ്ങൾ താൽക്കാലികമായി പാട്ടത്തിനെടുത്തുവെങ്കിലും ഈ പ്രദേശം നാട്ടുരാജ്യത്തിന്റെ ഭാഗമായി തുടർന്നു. പാകിസ്ഥാന്റെ സ്വാതന്ത്ര്യത്തിനുശേഷം ജമ്മു കശ്മീർ തുടക്കത്തിൽ ഒരു സ്വതന്ത്ര രാജ്യമായിത്തന്നെ തുടർന്നു. പിന്നീട് 1947 ഒക്ടോബർ 22 -ന് പാക്കിസ്ഥാന്റെ പിന്തുണയുള്ള ആദിവാസി പൗരസേന അതിർത്തി കടന്ന് ജമ്മു കശ്മീരിലേയ്ക്കു പ്രവേശിച്ചു. പ്രാദേശിക ആദിവാസി പൗരസേനകളും പാക്കിസ്ഥാൻ സായുധ സേനയും ശ്രീനഗറിനെ കീഴടക്കാൻ നീങ്ങിയെങ്കിലും ഉറിയിലെത്തിയപ്പോൾ പ്രതിരോധ സേനയെ നേരിട്ടു. സഹായത്തിനായി ഹരി സിംഗ് ഇന്ത്യയോട് അപേക്ഷിക്കുകയും ലയന ഉടമ്പടിയിൽ ഒപ്പിടുകയും ചെയ്തു.
ഇന്ത്യൻ യൂണിയനിൽ ചേരുന്നതടക്കമുള്ള ഉപാധികളിൻമേൽ ഇന്ത്യ പ്രശ്നത്തിലിടപെട്ടതോടെ 1947 ഒക്ടോബറിൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമായി അത് മാറി. ഷേയ്ക്ക് അബ്ദുള്ള ആയിരുന്നു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന് സഹായകരമായ രീതിയിൽ അവിടെ കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സേന ഇടപെട്ടതോടെ പാക്കിസ്ഥാന്റെ ശ്രീനഗറിലേക്കുള്ള മുന്നേറ്റം തടയുകയും കുറേയൊക്കെ ഭാഗങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു. എങ്കിലും ജമ്മു കശ്മീർ പ്രദേശത്തിന്റെ 37 ശതമാനത്തോളം പ്രദേശങ്ങൾ അപ്പോഴേക്കും പാക്ക് നിയന്ത്രണത്തിലായിരുന്നു. ഏകദേശം ഒരു വർഷത്തോളമായിട്ടും സംഘർഷത്തിന് അറുതി വരാത്ത സാഹചര്യത്തിൽ ഇന്ത്യ യു.എന്നിന്റെ സഹായം തേടി. അങ്ങനെ യു.എൻ മധ്യസ്ഥതയിൽ ഇരുവിഭാഗവും വെടിനിർത്തൽ കരാറിൽ ഒപ്പിട്ടതോടെ യുദ്ധം അവസാനിച്ചു. എങ്കിലും സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താത്ത അവസ്ഥ, പ്രശ്‍നം പിന്നേയും പുകയാൻ കാരണമായി. യുദ്ധത്തിന് മുന്നേ ഹരിസിങ്ങ് തന്ന ഉറപ്പ് പ്രകാരം, പാക്ക് അധിനിവേശ പ്രദേശങ്ങളടക്കം ഇന്ത്യയുടെ അവിഭാജ്യഘടകമാക്കിക്കൊണ്ട് ജമ്മുകശ്മീർ എന്ന രാജ്യത്തെ ഇന്ത്യയുടെ ഭാഗമായി പ്രത്യേക പദവിയുള്ള സംസ്ഥാനമായി ചേർത്തു. എന്നാൽ പാക്കിസ്ഥാൻ അധിനിവേശിച്ച സ്ഥലങ്ങളെല്ലാം അവരുടേതായതായി പ്രഖ്യാപിച്ചു. ഇന്ത്യൻ വാദപ്രകാരം ഹരിസിംഗിന്റെ അധികാരപരിധിയിൽ ഉണ്ടായിരുന്ന ഇന്ത്യയോട് ചേരേണ്ട പ്രദേശമാണ് ഗിൽജിത്-ബാൾട്ടിസ്ഥാൻ. 1963-ൽ ഗിൽജിത്ത് ബാൾട്ടിസ്താനിലെ കുറച്ചു സ്ഥലം, പാക്കിസ്‌ഥാൻ ചൈനയ്ക്ക് കൈമാറി.
ആക്സായ് ചിൻ
1958-ല്‍ അക്സായ്ചിന്‍ ഉള്‍പ്പെടെ പല ഇന്ത്യന്‍ പ്രദേശങ്ങളെയും ചൈനീസ് അതിര്‍ത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന ഭൂപടങ്ങള്‍ ചൈന പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യാ-ചൈന ഗവണ്‍മെന്റുകള്‍ തമ്മില്‍ അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്തുവെങ്കിലും അക്‌സായ് ചിന്‍ തര്‍ക്കഭൂമിയായി തുടര്‍ന്നു. 1962-ല്‍ ചൈന റോഡുവെട്ടുന്നതറിഞ്ഞതോടെയാണ് ഈ പ്രദേശത്ത് അവര്‍ ആധിപത്യം സ്ഥാപിച്ചുവെന്ന് ഇന്ത്യ അറിയുന്നതുതന്നെ. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ അക്സായ് ചിന്‍ പ്രദേശത്തെ ഏകദേശം 38,000-ല്‍പ്പരം ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം ചൈന പിടിച്ചെടുത്തു. ഇന്ന് ലോകത്തെ തര്‍ക്കപ്രദേശങ്ങളില്‍ വലിപ്പത്തില്‍ ഒന്നാം സ്ഥാനമാണ് അക്‌സായ് ചിനിനുള്ളത്. ഇതിന്റെ വിസ്തീര്‍ണം ഏകദേശം സ്വിറ്റ്‌സര്‍ലന്‍ഡിനോളം വരും. കിഴക്ക് ടിബത്തും പടിഞ്ഞാറ് സിങ്കിയാങ്ങും അതിരുകള്‍ കുറിക്കുന്ന ഈ പ്രദേശം ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ അക്ഷയചീനാ എന്ന പേരില്‍ പരാമര്‍ശനവിധേയമായിട്ടുണ്ട്. 1947-ല്‍ കാശ്മീർ ഭരിച്ചിരുന്ന ഹരിസിങ് മഹാരാജാവ് ഇന്ത്യയുമായി തന്റെ രാജ്യത്തെ ലയിപ്പിച്ചതോടെ അക്സായ് ചിന്‍ പ്രദേശം ഇന്ത്യയുടെ അഭിഭാജ്യ ഭാഗമായിത്തീര്‍ന്നതാണ്. ചൈനയുടെ അനധികൃത നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഭൂഭാഗമാണ് ഇപ്പോൾ അക്സായ് ചിന്‍.
ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം
ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനു ശേഷവും ഇന്ത്യൻ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീർ താഴ്വരയുടെ ആധിപത്യത്തിനായി പാക്കിസ്ഥാൻ തുടർന്നും നീക്കം നടത്തിക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് 1965-ലെ ഇന്ത്യ – പാക്ക് യുദ്ധം നടന്നത്. ഓപ്പറേഷൻ ജിബറാൾട്ടർ എന്ന പേരിൽ കശ്മീർ താഴ്വരയിലേക്ക് കടന്ന് കയറി മേഖലയിൽ വിദ്വംസക പ്രവർത്തികൾക്ക് വഴിമരുന്നിട്ട് അശാന്തി സൃഷ്ടിച്ച് ജമ്മു കശ്മീർ സർക്കാരിനെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇന്ത്യൻ സേനയുടെ കൃത്യ സമയത്തെ ഇടപെടൽ നിമിത്തം പദ്ധതി പാളി. തുടർന്നുണ്ടായ യുദ്ധത്തിൽ ഇരുപക്ഷത്തും നാശനഷ്ടങ്ങളുണ്ടായി. സോവിയറ്റ് – യു.എസ് ഇടപെടലിലൂടെ നടന്ന താഷ്ക്കന്റ് ഉടമ്പടിയിലൂടെ യുദ്ധമവസാനിപ്പിച്ച് ഇരു രാജ്യങ്ങളും വെടിനിർത്താൻ തീരുമാനമായി.
പാക്കിസ്ഥാനിലെ തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദ സംഘടനകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കലാശിച്ചു. 1984-ൽ പാക്ക് അധിനിവേശ സിയാച്ചിൻ ഗ്ലേസിയെർ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് വഴി കീഴടക്കിയത് മേഖലയിൽ പുതിയ സംഘഷത്തിനും (Siachen Conflict) കാരണമായി. അതിനുശേഷം 1999-ൽ പാക്കിസ്ഥാൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്തു. യുദ്ധാവസാനം പാക്കിസ്ഥാൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു.
2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, ജമ്മുകാശ്മീരിൽ മറ്റ് ഇന്ത്യക്കാർക്ക് ഭൂമി വാങ്ങാൻ അനുവാദം നിഷേധിക്കുന്ന 35-A അനുച്ഛേദം എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. പാക്കിസ്ഥാൻ കൈവശം വെച്ചിരിക്കുകയാണെങ്കിലും ഔദ്യോഗികമായി ഇന്ത്യയുടെ ലഡാക് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ് പാക് അധിനിവേശ മേഖലയിലെ ഗിൽജിത് -ബാള്‍ട്ടിസ്താന്‍ പ്രവിശ്യയും.
ജമ്മു ആൻഡ് കശ്മീർ ഇന്ന് 3 രാജ്യങ്ങളുടെ ഭൂപടത്തിലുള്ള പല പ്രദേശങ്ങൾ ആണ്. ജമ്മു, കശ്മീർ, ലഡാക്കിന്റെ കുറെ ഭാഗം ഇന്ത്യയിലും ഗിൽജിത് – ബാൾട്ടിസ്ഥാൻ പാകിസ്ഥാന്റെ കൈവശവും, ആക്സായ് ചിൻ ചൈനയുടെ കൈവശവും ആണ് നിലനിൽക്കുന്നത്.
പാക് അധീന കശ്മീരിലെ നിലവിലെ അവസ്ഥ
പ്രതിഷേധച്ചൂടിൽ തിളച്ചുമറിയുകയാണ് പാക് അധിനിവേശ കാശ്മീർ. പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന പണപ്പെരുപ്പവുമാണ് പാക് അധീന കശ്മീരിലെ ജനങ്ങളെ വലയ്‌ക്കുന്നത്. ഒപ്പം ഇന്ത്യയുമായുള്ള വ്യാപാരം നിർത്തിയതും ഒരു വിഭാഗം വ്യാപാരികൾക്കു തിരിച്ചടിയായി. വൈദ്യുതി, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തുടങ്ങിയവയില്‍ പ്രതിഷേധിച്ച് മാസങ്ങളായി ആളുകൾ തെരുവിൽ പ്രതിഷേധത്തിലാണ്. പാക് സർക്കാർ വൈദ്യുതി വിതരണത്തിൽ മേഖലയോട് കടുത്ത വിവേചനം കാണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. നീലം-ഝലം പദ്ധതിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന 2,600 മെഗാവാട്ട് ജലവൈദ്യുതിയുടെ ന്യായമായ വിഹിതം ലഭിക്കുന്നില്ലെന്ന് പ്രദേശത്തെ ഭരണമേധാവി ചൗധരി അൻവാറുൾ ഹഖ് ആരോപിക്കുന്നു. ദുരിതം അനുഭവിക്കുന്ന ജനങ്ങൾ പാക് സൈന്യം ആ പ്രദേശം വിട്ടു പോകണമെന്നും, ഇന്ത്യയോട് കൂടിച്ചേരണമെന്നും ആവശ്യപ്പെട്ടു തുടങ്ങി. ഇന്ത്യൻ പ്രധാനമന്ത്രിക്ക് അനുകൂലമായ മുദ്രാവാക്യങ്ങൾ വിളിക്കുന്ന കാഴ്ചകൾ വരെ പാക് അധിനിവേശ കാശ്മീരിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്.