ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി 11 പട്ടാളക്കാരും 19 ഭീകരരും കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിൽ വടക്കുപടിഞ്ഞാറൻ നഗരമായ ദേറ ഇസ്മായിൽ ഖാനിൽ സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 10 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീക് ഇ താലിബാൻ ഇ പാക്കിസ്ഥാൻ (TTP) ഏറ്റെടുത്തു. സൗത്ത് വാസിരിസ്ഥാനിലെ ജില്ലാ അക്കൗണ്ട് ഓഫീസിന് നേരെയും ഭീകരർ ആക്രമണം അഴിച്ചുവിട്ടു. സംഭവത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തി ജില്ലയായ ബജൗറിൽ പാക് പട്ടാളം നടത്തിയ പ്രത്യേക ഓപ്പറേഷനിൽ ഒമ്പത് ഭീകരരെ വധിച്ചു. കൂടാതെ പഞ്ചാബ് പ്രവിശ്യയിലെ മെയിൻവാസി ജില്ലയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ 10 ഭീകരരെ കൂടി വധിച്ചതായി പാക് പട്ടാളം അവകാശപ്പെട്ടു.
അഫ്ഗാനിലെ താലിബാനിൽ നിന്ന് വിഘടിച്ച ഭീകരർ ഉണ്ടാക്കിയ സംഘടനയാണ് ആക്രമണം നടത്തിയ ടിടിപി. എന്നാൽ അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പിന്മാറിയതോടെ അഫ്ഗാനിലെ താലിബാന് ടിടിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് ടിടിപിയുടെ പ്രവർത്തനമെന്നും താലിബാൻ്റെ പൂർണ പിന്തുണ ഇവർക്കുണ്ടെന്നും പാക്കിസ്ഥാൻ ഭരണകൂടം വിമർശിച്ചു. എന്നാൽ താലിബാൻ ഇത് നിഷേധിച്ചിട്ടുണ്ട്.