ദില്ലി: രാജ്യം ഉറ്റുനോക്കിയ ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ജയിച്ചു കയറി. ആരുടെയും സഹായം കൂടാതെ ഇന്ത്യസഖ്യത്തിന് സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് വന്നതോടെ ഒമര്‍ അബ്ദുള്ളയാകും നേതാവെന്ന് ഫറൂക്ക് അബ്ദുള്ള പ്രഖ്യാപിച്ചു. മത്സരിച്ച രണ്ട് സീറ്റുകളിലും ഒമര്‍ അബ്ദുള്ള വിജയിച്ചു. കശ്മീര്‍ മേഖലയിലെ 47 സീറ്റില്‍ ഭൂരിപക്ഷവും നാഷണല്‍ കോണ്‍ഫറന്‍സ് തൂത്ത് വാരി. മത്സരിച്ച 57ല്‍ 42 സീറ്റുകള്‍ നേടി നാഷണല്‍ കോണ്‍ഫറന്‍സ് തരംഗമായി. 32 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കിയെങ്കില്‍ 6 ഇടത്ത് മാത്രമാണ് വിജയിക്കാനായത്. വിഘടനവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള വടക്കാന്‍ കശ്മീരിലും നാഷണല്‍ കോണ്‍ഫറന്‍സാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്. പത്ത് കൊല്ലം മുന്‍പ് ജമ്മുകശ്മീര്‍ ഭരിച്ചിരുന്ന പിഡിപി മൂന്ന് സീറ്റിലേക്ക് ചുരുങ്ങി. ജമാ അത്തെ ഇസ്ലാമിയും, എഞ്ചിനിയര്‍ റഷീദിന്‍റെ പാര്‍ട്ടിയും മത്സരത്തില്‍ തകര്‍ന്നടിഞ്ഞു.
വോട്ടെണ്ണലിനിടെ വലിയ ട്വിസ്റ്റുകൾ നടന്ന ഹരിയാനയിൽ മൂന്നാമതും ഭരണം ബിജെപി നിലനിർത്തി. ആദ്യ ഘട്ടത്തിൽ മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പിറക പോയത് പാർട്ടി നേതാക്കളെ ഞെട്ടിച്ചു. ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലെത്തി. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകർന്നടിഞ്ഞു. ഐഎൻഎൽഡി ഒരു സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് 36 സീറ്റാണ് നേടാനായത്. തെക്കൻ ഹരിയാനയും രാജസ്ഥാനുമായി ചേർന്നു കിടക്കുന്ന ആഹിർവാൾ മേഖലയും ബിജെപി തൂത്തു വാരി. ദില്ലിക്കു ചുറ്റും കിടക്കുന്ന പത്തിൽ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്. യുപിയുമായി ചേർന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചത് അവരെ വൻ വിജയത്തിലേക്ക് നയിച്ചു. ഒബിസി വിഭാഗത്തിൽ നിന്നുള്ള സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജാട്ട് ഇതര വോട്ടുകൾ സമാഹരിക്കാനുള്ള ബിജെപി നീക്കം വിജയിച്ചു എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബുമായി ചേർന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വിജയിക്കാനായത്.
ബിജെപിക്ക് ഹരിയാനയിൽ ജനങ്ങൾ താമരപ്പൂക്കാലം നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സത്യവും വികസനവുമാണ് ഹരിയാനയിൽ വിജയിച്ചത്. ഹരിയാനയിൽ ചരിത്രം തിരുത്തിയ വിജയമാണ് ബിജെപി നേടിയത്. വോട്ട് ബാങ്കുകളെ മാത്രം സംതൃപ്തിപ്പെടുത്തുകയാണ് ഹരിയാനയിൽ കോൺഗ്രസ് ചെയ്തത്. രാജ്യത്തെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചുവെന്നും കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും ആ ശ്രമങ്ങളെ ഹരിയാനയിലെ കർഷകർ തള്ളിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സഖ്യ കക്ഷികളുടെ കനിവിലാണ് കോൺഗ്രസ് ജീവിക്കുന്നത്. സഖ്യ കക്ഷികളില്ലാതെ കോൺഗ്രസിന് തെരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥിതിയായി. ജമ്മു കശ്മീരിൽ കണ്ടതും അതാണ് എന്ന് മോദി പറഞ്ഞു.