ജെറുസലേം: പശ്ചിമേഷ്യ പിന്നിട്ടത് യുദ്ധത്തിന്റെയും മരണത്തിന്റെയും ഒരു വർഷമാണ്. ഇസ്രയേല്‍ – ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് കൂടി പടരുകയാണ്. ഗസ്സയില്‍ മരണസംഖ്യ 41,000 കവിഞ്ഞു എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 7, 2023 രാവിലെയാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടാകുന്നത്. തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലും സ്ഫോടനങ്ങളിലും 1200-ഓളം പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കി. ആക്രമണത്തിന്റെ നടുക്കത്തില്‍ നിന്നും മോചിതമാകുംമുമ്പേ, ഓപ്പറേഷന്‍ അയണ്‍ സോഡ്സ് എന്ന പേരില്‍ ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചു. അന്ന് ആരംഭിച്ച യുദ്ധത്തിന് ഒരു വര്‍ഷമാകുമ്പോള്‍ ഹമാസിനു പുറമേ, ലെബനനിലെ ഹിസ്ബുള്ളയുമായും യെമനിലെ ഹൂതികളുമായും ഇസ്രയേലിന്റെ യുദ്ധം വ്യാപിച്ചിരിക്കുന്നു. ഇറാന്റെ പ്രോക്സികളായ ഹിസ്ബുല്ലയുടേയും ഹമാസിന്റെയും പ്രധാന നേതാക്കളെ ഇസ്രയേല്‍ ഇല്ലാതാക്കിയതിനു പിന്നാലെ, ഇസ്രയേലിലേക്ക് ഇറാന്‍ മിസ്സൈലാക്രമണം നടത്തിയതും ഇറാനും ഇസ്രയേലും പ്രത്യക്ഷയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിക്കും ഇടയാക്കിയിരിക്കുന്നു.
ഇറാന് ഇസ്രയേല്‍ മറുപടി നല്‍കുമോ എന്നുള്ള ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് കനത്ത മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്‍ വലിയ തെറ്റ് ചെയ്തു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ശരിയായ സമയത്ത് ആക്രമണം നടത്തും എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മിസൈല്‍ ആക്രമണത്തിന് നേര്‍ക്ക് കനത്ത നിശബ്ദത തുടരുകയും ചെയ്തു. തിരിച്ചടിക്കായി ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് ഇസ്രയേല്‍ ലക്ഷ്യമിടുന്നു എന്ന സൂചനയും ശക്തമാണ്. ഈ നിശബ്ദത ഇസ്രയേല്‍ ഭഞ്ജിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനും പ്രതികരിച്ചിട്ടുണ്ട്. അതിനിടെ രാജ്യത്തെ എയർപോർട്ടുകളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഇന്നലെ ഇറാൻ റദ്ദാക്കി. രാത്രി ഒൻപത് മണി മുതൽ ഇന്ന് (തിങ്കളാഴ്ച) രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. ഹമാസിന്റെ 2023 ഒക്ടോബർ ഏഴ് ആക്രമണത്തിന് ഒരു വർഷം തികയുന്ന ഇന്ന് പശ്ചിമേഷ്യയിൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന ഭീതി ശക്തമാണ്. കഴിഞ്ഞ ചൊവ്വാഴ്ച 200 മിസൈലുകൾ തൊടുത്തുവിട്ട് ഇസ്രയേലിനെ ഇറാൻ ആക്രമിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് പറഞ്ഞ ഇസ്രയേൽ ഇതുവരെ എപ്പോൾ എങ്ങനെ ആക്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇസ്രയേൽ ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇറാനിലെ റവല്യൂഷണറി ഗാർഡിന്റെ നേതൃത്വത്തിൽ ഖർഗ് ഐലൻ്റടക്കം ഓയിൽ ടെർമിനലുകളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഇസ്രയേലിലെ ബീർഷെബ നഗരത്തിലെ ബസ് സ്റ്റേഷനിൽ ഇന്നലെ ആൾക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് വെടിവെപ്പിൽ ആക്രമണം നടത്തിയ ചാവേറാണ് സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടത്. നാല് പേർ അത്യാസന്ന നിലയിലാണെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുകയാണ്. ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നും സംഭവത്തിൽ 26 പേര്‍ കൊല്ലപ്പെട്ടെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം ഇന്നലെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗാസയിലെ ദേര്‍ അല്‍-ബലാഹ് പട്ടണത്തിലെ അല്‍ അഖ്സ ആശുപത്രിക്ക് സമീപത്തുള്ള സ്കൂളിലും പള്ളിയിലുമാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും സ്കൂളിലുമാണ് ആക്രമണം ഉണ്ടായതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മേഖലയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രതികരണം. ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രയേൽ വിവരിച്ചു.
വെള്ളിയാഴ്ച ബെയ്റൂത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു ശേഷം ഖുദ് സ് സേനയുടെ കമ്മാൻഡർ ഇസ്മായിൽ ഖാനിയെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്മായിൽ ഖാനി കൊല്ലപ്പെട്ടതായി ലെബനീസ് ഭരണകൂടം സ്ഥിരീകരിച്ചെന്നും വാർത്തകളുണ്ട്. ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്രള്ളയുടെ വധത്തിന് പിന്നാലെ പിൻഗാമിയായി ചുമതലയേറ്റെടുത്ത ഹാഷിം സഫീദിനെയും കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.
അതേസമയം ലെബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ലെബനനിലെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി ഇന്നലെ റിപ്പോർട്ട് ചെയ്യുന്നത്. 30-ലേറെ വ്യോമാക്രമണങ്ങളാണ് കഴിഞ്ഞ രാത്രിയിൽ ബെയ്റൂതിന് നേരെ ഇസ്രയേൽ നടത്തിയത്. തെക്കേ ലബനനിൽ ഇസ്രയേൽ സൈന്യം അധിനിവേശം നടത്തി 440 ഓളം ഹിസ്ബുള്ള പോരാളികളെ വധിച്ചുവെന്നാണ് റിപോർട്ടുകൾ. ലെബനനിൽ യുദ്ധം ആരംഭിച്ചതിനുശേഷം രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. 9,535 ലധികം പേർക്ക് പരിക്കേറ്റു. ലെബനനിൽ ഗുരുതരമായ പലായന പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ അഭയം തേടി തെക്കൻ മേഖലയിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു പോവുകയാണ്.