Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Latest NewsIndia പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു.

പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു.

വിടവാങ്ങുന്നത് വ്യവസായ രം​ഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യവസായി

by Editor
Mind Solutions

ദില്ലി: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ.

രത്തൻ ടാറ്റ ഒരു ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള മനുഷ്യനുമായിരുന്നെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ലോകവേദിയിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തിയ വ്യവസായിയാണ് രത്തൻ ടാറ്റയെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ പറ‍ഞ്ഞു. കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. വ്യവസായത്തിലും ജീവകാരുണ്യത്തിലും അദ്ദേഹം ശാശ്വതമായ മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും ടാറ്റ സമൂഹത്തിനും അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

നവൽ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബർ 28-നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. യുഎസിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962-ൽ ടാറ്റ സ്റ്റീലിൽ ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചു. 1981-ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. ജെ.ആർ.ഡി. ടാറ്റയുടെ പിൻഗാമിയായി 1991-ൽ ടാറ്റയുടെ തലപ്പത്തെത്തി. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നിവ ഏറ്റെടുത്തു. 75 വയസ്സ് തികഞ്ഞപ്പോൾ, 2012 ഡിസംബർ 28-ന് ടാറ്റ ഗ്രൂപ്പിലെ തൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ രത്തൻ ടാറ്റ രാജിവച്ചു. സാധാരണക്കാര്‍ക്കായി ടാറ്റ നാനോ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു.

വൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരിക്കുമ്പോഴും മനുഷ്യതത്തിന് രത്തൻ ടാറ്റ പ്രഥമ പരിഗണന നൽകിയിരുന്നു. സമ്പത്തിന്റെ പാതിയിലേറെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ടാറ്റ എന്നും മാറ്റിവെച്ചു. രാജ്യത്തെ ഒരു ആഭ്യന്തര ബ്രാൻഡിൽ നിന്ന് ലോകത്തെ മുൻനിര കമ്പനിയിലേക്ക് ടാറ്റ ഗ്രൂപ്പ് എന്ന സാമ്രാജ്യത്തെ വളർത്തിയത് രത്തൻ ടാറ്റയാണ്. ഉപ്പ് തൊട്ട് ഐടി വരെ നീളുന്നതാണ് ആ വലിയ വ്യവസായ സാമ്രാജ്യം. ടാറ്റാ ട്രസ്റ്റിലൂടെ സമ്പത്തിന്റെ ഏതാണ്ട് 66 ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് രത്തൻടാറ്റ മാറ്റിവച്ചത്. താജിൽ വെടിയേറ്റ് വീണ ജീവനക്കാരുടെ കുടുംബത്തെ ഏറ്റെടുത്തപോലെ എണ്ണിയാലൊതുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിരുന്നു.

അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും. ഔദ്യോ​ഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30-ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും.

 

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!