Friday, May 29, 2026
Home » 2026 -ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്ന് സിഎഫ്ആർ റിപ്പോർട്ട്; പാക്-അഫാഗാൻ സംഘര്‍ഷത്തിനും സാധ്യത.
ഇന്ത്യ പാക്കിസ്ഥാൻ

2026 -ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്ന് സിഎഫ്ആർ റിപ്പോർട്ട്; പാക്-അഫാഗാൻ സംഘര്‍ഷത്തിനും സാധ്യത.

by Editor

വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 2026 ലും ഏറ്റുമുട്ടൽ ഉണ്ടായേക്കാമെന്ന് അമേരിക്കയിലെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് (സിഎഫ്ആർ) റിപ്പോർട്ട്. വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ കാരണം 2026ല്‍ ഇന്ത്യ–പാക് യുദ്ധമുണ്ടായേക്കാമെന്ന് യുഎസ് തിങ്ക് ടാങ്ക് റിപ്പോര്‍ട്ട്. വിദേശകാര്യ വിദഗ്‌ധരുടെ അഭിപ്രായങ്ങൾ കൂടി സ്വരൂപിച്ചാണ് സിഎഫ്ആർ ഇത്തരമൊരു റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളാകും അസ്വസ്ഥത ഉടലെടുക്കാനുള്ള അടിസ്ഥാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മേയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സൈനിക സംഘര്‍ഷം ഉടലെടുത്തുവെന്നും മൂന്ന് ദിവസം നീണ്ട സംഘര്‍ഷം പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു മാസത്തിന് ശേഷമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. നിരപരാധികളായ 26 പേരുടെ ജീവനാണ് പാക് ഭീകരരുടെ ആക്രമണത്തില്‍ പൊലി‍ഞ്ഞത്. ‘ഓപ്പറേഷൻ സിന്ദൂർ‘ എന്ന ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാനിലെ പല ഭീകര കേന്ദ്രങ്ങളും തകർത്തിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമാക്കി ഇന്ത്യയ്ക്കെ‌തിരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്‌ബ തുടങ്ങിയ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ആക്രമണത്തിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു.

മേയ് ഏഴിനും പത്തിനും ഇടയില്‍ പാക്കിസ്ഥാന്‍ നടത്തിയ സൈനിക ആക്രമണങ്ങളെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിക്കുകയും പാക് വ്യോമത്താവളങ്ങള്‍ക്ക് നേരെ നിയന്ത്രിത ആക്രമണം നടത്തുകയും ചെയ്തു. ഡ്രോണുകൾ മിസൈലുകൾ തുടങ്ങി അത്യാധുനിക ആയുധങ്ങൾ ഇരുരാജ്യങ്ങളും പ്രയോഗിച്ചു. ഇന്ത്യന്‍ ആക്രമണത്തിന്‍റെ തീവ്രത താങ്ങാനാവാതെ വന്നതോടെ പാക്കിസ്ഥാന്‍ സൈനിക നേതൃത്വം വെടിനിര്‍ത്തലിനായി ഇന്ത്യയെ സമീപിക്കുകയും ഇന്ത്യ അംഗീകരിക്കുകയുമായിരുന്നു.

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മിസൈലുകൾ, ഡ്രോണുകൾ എന്നിവ വാങ്ങുന്നതിനായി 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് ഇന്ത്യ നടപടി തുടങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനും വ്യോമ പ്രതിരോധ സംവിധാനങ്ങളടക്കം ശക്തമാക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് ചില ആയുധങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. അത്യാധുനിക ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നതടക്കം ഇരുപക്ഷത്തുമുള്ള സൈനിക നീക്കങ്ങൾ പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യയുമായുള്ള സംഘർഷ സാധ്യത നിലനിൽക്കെ തന്നെയാണ് പാക്കിസ്ഥാന് തലവേദനയായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആക്രമണമുണ്ടാകുന്നത്. ഒക്ടോബറില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമായും സംഘര്‍ഷം ഉടലെടുത്തിരുന്നു. കാബൂളില്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്‍ കനത്ത വ്യോമാക്രമണവും നടത്തി. അഫ്ഗാനിസ്ഥാന്‍ തിരിച്ചടിച്ചതോടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ചെയ്തു. തുടര്‍ന്ന് ഖത്തറിന്റെയും തുര്‍ക്കിയുടെയും ഇടപെടലിലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. 2026 -ൽ പാക്-അഫാഗാൻ സംഘര്‍ഷവും വലുതായേക്കാമെന്നും വീണ്ടും സൈനിക നടപടികള്‍ ഉണ്ടായാല്‍ അതിശയിക്കേണ്ടതില്ലെന്നും സിഎഫ്ആർ റിപ്പോര്‍ട്ടില്‍ പറയുന്നു.

Send your news and Advertisements

You may also like

error: Content is protected !!