കുറേ നല്ല കെട്ടിടങ്ങൾ നിഷ്‌കരുണം പൊളിച്ചു മാറ്റി നാട്ടുകാരുടെ ഫണ്ടും സർക്കാറിൻ്റെ പങ്കാളിത്തഫണ്ടും ചേർത്ത് ആയിരവും രണ്ടായിരവും കോടികൾ കൊണ്ട് ബഹുനില കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിയും യാതൊരു ഗുണനിലവാരമില്ലാത്ത ലക്ഷക്കണക്കിന് ലാപ് ടോപ്പുകളും എൽസിഡി പ്രൊജക്ടറുകളും വമ്പൻ കമ്മീഷനിൽ വാങ്ങിയുമാണ് കേരളീയ വിദ്യാഭ്യാസം ഒന്നു രണ്ട് പതിറ്റാണ്ട് കൊണ്ട് ഹൈട്ടെക്ക് ആയത്. കുറേ ബിൽഡിങ്ങ് കോൺട്രാക്ടിങ്ങും പർച്ചേയ്സിങ്ങുമായിരുന്നു അണിയറ ഉന്നം. അതിന് വേണ്ടി ഇടിച്ച കുന്നും കൊത്തിയ ചെങ്കല്ലും പൊട്ടിച്ച കരിങ്കൽപ്പാറയും മുറിച്ച മരങ്ങളും വാരിയ പൂഴിയും ഒക്കെ പരിസ്ഥിതി സൗഹൃദ വികസനത്തിലാണ് പെടുക. വായനയും എഴുത്തും പഠിപ്പും അലങ്കോലപ്പെടുത്തിക്കൊണ്ട് ധൂർത്തമായി നടത്തുന്ന മേളകളുടെ മേളം ഒരു ഭാഗത്ത്. ഇതിനെയെല്ലാം ചേർത്താണ് കുറച്ചു കാലമായി പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന് വിളിക്കുന്നത്. യാഗം, ഹോമം എന്നിങ്ങനെയും വിശേഷിപ്പിക്കാവുന്നതാണ്.
അതിൻ്റെ ദുരന്തഫലങ്ങളുടെ മൂർത്തരൂപമാണ് നേരാംവണ്ണം വായിക്കാനും എഴുതാനും അറിയാതെ ഓരോ വർഷവും ജയിക്കുന്ന പതിനായിരക്കണക്കിന് പത്താം ക്ലാസ് വിദ്യാർത്ഥികൾ. ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്‌ളാസ് വരെ പഠിച്ചാൽ തന്നെ മലയാളം ശരിക്ക് വായിക്കാനും കണക്ക് കൂട്ടാനും കുറക്കാനും അറിയുമല്ലോ എന്ന സാമാന്യധാരണ പഴഞ്ചനാണ്. പുതിയ പാഠ്യപദ്ധതി പ്രകാരം പ്ലസ് ടു കഴിഞ്ഞാലും അതിന് സാധ്യതയില്ല. കാരണം ഒന്നും പഠിപ്പിക്കാതെ എല്ലാം പഠിക്കട്ടെ എന്നാണ് ശിശു സൗഹൃദം. അതെങ്ങനെ എന്നതിൻ്റെ ഉത്തരമാണ് ചാർട്ടും ഐടിയും പരീക്ഷകളെ നിസ്സാരമാക്കി അവതരിച്ച നിരന്തര മൂല്യ നിർണയവും. വിഷയങ്ങളിൽ മിനിമം മാർക്ക് ഇല്ലെങ്കിലും ജയിക്കും. കാരണം, നിങ്ങളും ഞാനും സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഇല്ലാത്ത ഒന്ന് ഇപ്പോൾ സ്‌കൂളിൽ ഉണ്ട് – ഇൻ്റേണൽ മാർക്ക്. ഇത് കുട്ടികൾ പ്രകടിപ്പിക്കുന്ന വിവിധ കഴിവുകൾക്ക് നൽകാനുള്ളതാണ്. എന്നാൽ ഒരു പ്രകടനവുമില്ലെങ്കിലും മിനിമം 18 കൊടുക്കണം എന്നത് ബാലാവകാശത്തിൽ പെടും. ഇതുണ്ടായാൽ വിഷയങ്ങളിൽ നിശ്ചയിച്ച മിനിമം മാർക്ക് ഇല്ലെങ്കിലും ജയിക്കും. അങ്ങനെ ജയിക്കുമെങ്കിൽ പിന്നെന്തിനാണ് വായനയും എഴുത്തും?
ഈ പ്രശ്‌നം പരിഹരിക്കാനാണ് കഴിഞ്ഞ സർക്കാർ എട്ടാം ക്ലാസ് മുതൽ മിനിമം മാർക്ക് സമ്പ്രദായം തിരിച്ച് കൊണ്ടു വരാൻ മൂന്ന് വർഷം മുമ്പ് നടപടിയെടുത്തത്. അത് പ്രകാരം എട്ടും ഒമ്പതും കടന്ന് സംഗതി ഇക്കൊല്ലം പത്തിലെത്തുന്നു. അപ്പോഴാണ്, മിനിമം മാർക്ക് പുനസ്ഥാപിക്കാനുള്ള നടപടി മരവിപ്പിച്ചു കൊണ്ട് പുതിയ ഉത്തരവ്.
എട്ടിലും ഒമ്പതിലും തോൽപ്പിച്ചവരെ അതത് ക്ലാസ്സിൽ രണ്ടാമതും ഇരുത്തുന്നതും ബാലാവകാശത്തിന് എതിരായതിനാൽ തോറ്റവർക്ക് ഒരു മാസക്കാലം അതിതീവ്ര പരിശീലനം ജയിപ്പിക്കുന്ന മന്ത്രവാദമാണ് പരിഹാരം. ഫലത്തിൽ മൂഷികസ്ത്രീ പിന്നെയും മൂഷിക സ്ത്രീ തന്നെ. എന്നാലും മിനിമം മാർക്ക് എന്നൊരു ഗൗരവം ഈ വഷളത്തരത്തിനിടയിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മനോഭാവം ചെറുതായൊന്ന് ജാഗ്രതപ്പെടുത്തിയേനേ. അതാണിപ്പോൾ അതിക്രൂരമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
ഈ നടപടിക്ക് ഉന്നയിക്കുന്ന ന്യായം കേൾക്കണ്ടേ ? പത്താം ക്ലാസിൽ വിഷയങ്ങൾക്ക് മിനിമം മാർക്ക് ഏർപ്പെടുത്തിയാൽ 65 ശതമാനമേ ജയിക്കൂ. അപ്പോൾ പ്ലസ് ടൂ എയിഡഡ് സീറ്റുകൾ, അധ്യാപകപോസ്റ്റുകൾ എല്ലാം വെള്ളത്തിലാവും. നാട്ടുകാരേ, ഇപ്പോൾ മനസ്സിലായല്ലോ നമ്മുടെ സ്‌കൂളുകളുടെ നൂറ് ശതമാന വിജയാഘോഷത്തിൻ്റെ ഉള്ളിലിരിപ്പ്. തോറ്റ മുപ്പത്തഞ്ചിനെ പഠിപ്പിച്ച് ജയിപ്പിക്കാനല്ല, പ്ലസ് ടു അധ്യാപക ജോലിയും മാനേജ്മെൻ്റ് സീറ്റുമാണ് വിഷയം. ഇങ്ങനെ നിരക്ഷരരായ പ്ലസ് ടു ക്കാരെ കൊണ്ട് വേണമല്ലോ സ്വാശ്രയ കോളേജുകൾക്ക് നിരക്ഷര ബിരുദധാരികളെ സൃഷ്ടിക്കാൻ ?
എങ്ങനുണ്ട് ? നിർത്തണ്ട …. തകൃതിയായി നടക്കട്ടെ പൊതു വിദ്യാഭ്യാസ സംരക്ഷണ ഹോമം !
പ്രകാശൻ കരിവെള്ളൂർ

