തിരുവനന്തപുരം: സംസ്ഥാന പൊലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ അറസ്റ്റിലായി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വെച്ചതിന് 203 കേസുകൾ രജിസ്റ്റർ ചെയ്തു.
മയക്കുമരുന്ന് വിൽപനയിൽ ഏർപ്പെട്ടിരിക്കുന്നതായി സംശയിക്കുന്ന 2,994 പേരെ പൊലീസ് പരിശോധനയ്ക്ക് വിധേയരാക്കി. 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോഗ്രാം കഞ്ചാവ്, 148 കഞ്ചാവ് ബീഡിയുകൾ എന്നിവ പൊലീസ് പിടികൂടിയതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കൈവശം വെക്കുന്നവരേയും വില്പന നടത്തുന്നവരേയും കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനായി സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി ഹണ്ട് നടപ്പാക്കുകയാണ്.
ശനിയാഴ്ച നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 284 പേർ അറസ്റ്റിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അന്നത്തെ പരിശോധനയിൽ 273 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 26.433 ഗ്രാം എംഡിഎംഎ, 35.2 കിലോഗ്രാം കഞ്ചാവ്, 193 കഞ്ചാവ് ബീഡികൾ എന്നിവയും പിടിച്ചെടുത്തു.
സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദേശപ്രകാരം, സംസ്ഥാന ആൻറി-നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സിന്റെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടപ്പാക്കുന്നത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ എൻഡിപിഎസ് കോർഡിനേഷൻ സെൽ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെയും സഹകരണത്തോടെയാണ് പരിശോധനകൾ നടന്നു വരുന്നത്.
പൊതുജനങ്ങളിൽനിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻറി-നർക്കോട്ടിക് കൺട്രോൾറൂം കൂടുതൽ ഊർജത്തോടെ പ്രവർത്തിക്കുമെന്നും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൺട്രോൾ റൂം നമ്പർ: 9497927797
കർശന പരിശോധനകളും നിരീക്ഷണ നടപടികളും തുടരാനാണ് പൊലീസിന്റെ തീരുമാനം. മയക്കുമരുന്നുമായി ബന്ധപ്പെട്ട സ്ഥിരമായ ഇടപാടുകാരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും ഓപ്പറേഷൻ ഡി ഹണ്ട് തുടരുമെന്നും പൊലീസ് അറിയിച്ചു.