കൊച്ചി: കേരളത്തിൽ നിലവിൽ ഊർജ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതിക്ക് ആവശ്യകത കൂടി. അതാണ് ആദ്യ പ്രശ്നം, മറ്റെല്ലാം രണ്ടാമതാണ്. കൂടാതെ വാങ്ങാൻ ഇന്ത്യയിൽ എവിടെയും വൈദ്യുതി ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കെഎസ്ഇബി സംഘടിപ്പിച്ച എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതിനിയന്ത്രണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.യിലെ അനാരോഗ്യകരമായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലയിടങ്ങളിൽ ദിവസവും നാലും അഞ്ചും തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. കുളംകലക്കി മീൻപിടിക്കുന്ന നിലപാടാണ് ഇതിനുപിന്നിൽ. അനാവശ്യമായ വൈദ്യുതി നിയന്ത്രണത്തിൽ നടപടിയുണ്ടാകും. പുനരുപയോഗ ഊർജമെന്നു കേൾക്കുമ്പോൾ കെ.എസ്.ഇ.ബി.യിലെ ചിലർ അസ്വസ്ഥരാകുന്നത് എന്തിനാണെന്നറിയാം. കോടികൾ മുടക്കി വൈദ്യുതി പുറത്തുനിന്നുതന്നെ വാങ്ങണമെന്നാണ് ഇത്തരക്കാരുടെ താത്പര്യം -മുഖ്യമന്ത്രി പറഞ്ഞു.
തീരുമാനമെടുക്കാൻ ആളില്ല; ബോർഡിൽ ഗുരുതര വീഴ്ച
സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും വൈദ്യുത ബോർഡിൻ്റെ ഭാഗത്തുനിന്ന് ഗുരുതരമായ ഭരണപരമായ വീഴ്ചകളാണ് ഉണ്ടാകുന്നത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കേണ്ട കളമശേരി ലോഡ് ഡെസ്‌പാച്ച് സെന്ററിലെ എക്സിക്യുട്ടീവ് എൻജിനിയറുടെ തസ്തിക കഴിഞ്ഞ രണ്ട് മാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് വൈദ്യുതി എത്തിക്കുന്നതിനും മാനേജ് ചെയ്യുന്നതിനും നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥനില്ലാത്തത് പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്നു.
കുറഞ്ഞ ചെലവിൽ വൈദ്യുതി കരാർ നിരസിച്ച് കേരളം
കുറഞ്ഞ ചെലവിൽ ലഭ്യമാകുമായിരുന്ന വൈദ്യുതി കരാർ കേരളം നിരസിച്ചതിനെത്തുടർന്ന്, ആ കരാർ ഗുജറാത്ത് സ്വന്തമാക്കി. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കും പിഎസ്പിക്കുള്ള (PSP) സോളർ നിരക്കും ചേർന്ന് യൂണിറ്റിന് ഏകദേശം 6 രൂപ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന പദ്ധതിയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB) സാങ്കേതിക കാരണങ്ങൾ പറഞ്ഞു നിരസിച്ചത്. ഒരു മലയാളി എന്ന നിലയിലുള്ള പ്രത്യേക താൽപര്യമെടുത്താണ് താൻ ഈ കരാറിനായി കേരളത്തെ സമീപിച്ചതെന്ന് ടിഎച്ച്ഡിസിയുടെ സ്പെഷൽ ഓഫിസർ എ. കെ. വിജയകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഈ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥർ ഇതിനോട് മുഖം തിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, കുറഞ്ഞ നിരക്കിലുള്ള ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ ശക്തമായ രാഷ്ട്രീയ തർക്കം നിലനിൽക്കുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ഒപ്പിട്ടിരുന്ന ദീർഘകാല കരാർ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റദ്ദാക്കിയതാണ് ഇപ്പോഴത്തെ കടുത്ത ക്ഷാമത്തിന് പ്രധാന കാരണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും ആരോപിക്കുന്നത്. ഈ വിലകുറഞ്ഞ കരാർ ഇല്ലാതാക്കിയതു വഴി സംസ്ഥാനത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടായെന്നും ഇപ്പോൾ ഉയർന്ന വിലയ്ക്ക് (യൂണിറ്റിന് 8 മുതൽ 14 രൂപ വരെ) പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നുവെന്നും ഭരണപക്ഷം ചൂണ്ടിക്കാണിക്കുന്നു.
2014-ൽ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് ജാബുവ പവർ, ജിൻഡാൽ പവർ തുടങ്ങിയ കമ്പനികളുമായി ഒപ്പുവെച്ച കരാറുകൾ പ്രകാരം അടുത്ത 25 വർഷത്തേക്ക് യൂണിറ്റിന് 4.26 രൂപ മുതൽ 4.29 രൂപ വരെ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി 2023 മേയിൽ റെഗുലേറ്ററി കമ്മിഷൻ ഈ കരാറുകൾ റദ്ദാക്കുകയായിരുന്നു. കരാറുകൾ റദ്ദാക്കപ്പെട്ടതോടെ പുറത്തുനിന്നും പവർ എക്‌സ്ചേഞ്ചുകളിൽ നിന്നും യൂണിറ്റിന് 7 മുതൽ 10 രൂപ വരെ നൽകി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ ബോർഡ് നിർബന്ധിതരായി.
കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ ജനങ്ങൾക്ക് 2,130 കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതിൽ പിണറായി സർക്കാരും വൈദ്യുതി വകുപ്പും റെഗുലേറ്ററി കമ്മിഷനും ഒത്തുകളിച്ചതായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആരോപിച്ചു. ഈ വിഷയത്തിൽ റെഗുലേറ്ററി കമ്മിഷൻ്റെ തീരുമാനങ്ങൾക്കും ഭരണതല തീരുമാനങ്ങൾക്കുമെതിരെ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

