Saturday, October 10, 2026
Home » ഉപതിരഞ്ഞെടുപ്പ്: ബംഗാളിലും അസമിലും ബിജെപി; തമിഴ്‌നാട്ടില്‍ ടിവികെ.
ഉപതിരഞ്ഞെടുപ്പ്: ബംഗാളിലും അസമിലും ബിജെപി; തമിഴ്‌നാട്ടില്‍ ടിവികെ.

ഉപതിരഞ്ഞെടുപ്പ്: ബംഗാളിലും അസമിലും ബിജെപി; തമിഴ്‌നാട്ടില്‍ ടിവികെ.

by Editor

ചെന്നൈ/ കൊല്‍ക്കത്ത: രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും തമിഴക വെട്രി കഴകത്തിനും (ടിവികെ) നേട്ടം. തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലും ടിവികെ വിജയിച്ചു. പശ്ചിമബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ സീറ്റുകളിലും ബിജെപി വലിയ വിജയമാണ് നേടിയത്. അസമിലെ ഉപതിരഞ്ഞെടുപ്പിലും ബിജെപി തങ്ങളുടെ മേധാവിത്വം നിലനിർത്തി. കൂടാതെ പുതുച്ചേരിയിലെ തട്ടാൻചാവടി നിയമസഭാ സീറ്റിൽ ബിജെപി സഖ്യകക്ഷിയായ എഐഎൻആർസി (AINRC) സീറ്റ് നിലനിർത്തി.

തമിഴ്‌നാട്ടില്‍ സി ജോസഫ് വിജയ് സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്തും ടിവികെ വിജയിച്ചു. മധുരാന്തകത്ത് മരഗതം കുമരവേലും ധാരാപുരത്ത് പി സത്യഭാമയും വിജയിച്ച് കയറി. സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച ഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. 2026-ലെ പൊതു തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച അണ്ണാ ഡിഎംകെ അഞ്ച് മാസങ്ങള്‍ക്കിപ്പുറം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ 1,22,753 വോട്ടുകള്‍ക്കാണ് ബിജെപിയിലെ ഹസി റാണി റാത്ത് വിജയിച്ചത്. പൊതു തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സരിച്ച മണ്ഡലമാണ് നന്ദിഗ്രാം. 9665 ആയിരുന്നു സുവേന്ദു അധികാരിയുടെ ഭൂരിപക്ഷം. റെജിനഗറിലും ബിജെപി മിന്നും വിജയം സ്വന്തമാക്കി. അറുപതിനായിരത്തിന് മുകളിലാണ് ശങ്കരവ് സര്‍ക്കാറിന്റെ ഭൂരിപക്ഷം. പുതുച്ചേരി തട്ടന്‍ചാവടിയില്‍ എന്‍ആര്‍ കോണ്‍ഗ്രസിലെ അശോക് ആനന്ദ് ആണ് വിജയിച്ചത്. എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാണ് എന്‍ആര്‍ കോണ്‍ഗ്രസ്.

അസമിലെ നാഗോണ്‍ ലോക്‌സഭ മണ്ഡലത്തിലും ബിജെപി വിജയിച്ചു കയറി. ഒന്നര ലക്ഷത്തിന് മുകളിലാണ് ബിജെപി സ്ഥാനാര്‍ഥി ദേവാശിശ് ശര്‍മയുടെ ഭൂരിപക്ഷം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്ന ഈ മണ്ഡലത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Send your news and Advertisements

You may also like

error: Content is protected !!