പനാമയുടെ തെക്കൻ തീരത്തിന് സമീപം റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. മധ്യ-തെക്കൻ പനാമയിലെ ഹെരേര പ്രവിശ്യയിലെ ‘പിറ്റാലോസ അരീബ’ (La Pitaloza) എന്ന പ്രദേശത്തിന് സമീപം ആണ് പ്രഭവകേന്ദ്രം. ഭൂമിക്കടിയിൽ 10 മുതൽ 12 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഇത് ഉണ്ടായത്.
പെനോമോ സിറ്റിയിൽ കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്കേറ്റു. ലോസ് സാന്റോസ് (Los Santos) പ്രവിശ്യയിലെ ചരിത്രപ്രസിദ്ധമായ സാൻ അതനാസിയോ ദേവാലയവും പ്രദേശത്തെ ചില കെട്ടിടങ്ങളും തകർന്നു. റോഡുകളിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടു. വെരാഗ്വാസ് (Veraguas) അടക്കമുള്ള പ്രവിശ്യകളിലെ റോഡുകളിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടു. ചില പ്രദേശങ്ങളിൽ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടു.
ടോക്കുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു; പനാമ കനാലിന്റെ പ്രവർത്തനങ്ങളെ ഭൂചലനം ബാധിച്ചിട്ടില്ല. മെക്സിക്കോ മുതൽ പെറു വരെയുള്ള കിഴക്കൻ പസഫിക് തീരങ്ങളിലും പനാമ, കൊളംബിയ, ഇക്വഡോർ തുടങ്ങിയ തീരങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ആ ഭീഷണി ഒഴിവായതായി യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

