മൊബൈൽ പിടിച്ചു വെച്ചതിനു ഒരു കുട്ടി അധ്യാപകനെ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസമാണല്ലോ പുറത്ത് വന്നത്. അതങ്ങനെ പ്രചരിപ്പിക്കേണ്ട ഒരു വാർത്ത അല്ലായിരുന്നു. ഒന്ന് ചേർത്ത് പിടിച്ചാൽ, ഇത്തിരി നേരം അവരെ കേട്ടിരുന്നാൽ അവരുടെ യഥാർത്ഥ മുഖം നമുക്ക് കാണാനാകും. അല്പം ക്ഷമ, അവർ വളർന്നു വരുന്ന കാലഘട്ടത്തെക്കുറിച്ചുള്ള ചിന്ത ഇവയൊക്കെ നമ്മളിൽ ഉണ്ടാകേണ്ടതാണ്. നാം വളർന്നു വന്ന കാലമല്ല ഇന്നത്തേത്. പുളിയൻ മാവിൽ എറിഞ്ഞും കുയിലിനെ എതിർ പാട്ട് പാടി തോൽപിച്ചും നമ്മൾ സ്കൂളിലേക്ക് പോയിരുന്ന ഹരിതാഭമായ ഒരു വീഥിയിലൂടെ അല്ല അവർ സഞ്ചരിക്കുന്നത്. വളരെ ഇടുങ്ങിയ ഒരു ലോകം അവർ ചുറ്റിനും കാണുന്നു.. അവർക്കിന്ന് ആകാശം കാണാൻ സമയമില്ല അമ്പിളിയമ്മാവനും നക്ഷത്രങ്ങളും അവരുടെ ആകാശത്തിൽ ഇല്ല. ആ നേരം കൂടി കുട്ടികൾ മൊബൈൽ ചതുരത്തിന്റെ ഇത്തിരിയാകാശത്തിലൂടെ കാണേണ്ടവയും അല്ലാത്തവയും കാണുന്നു.. അവരുടെ മനസ്സ് സദാ സംഘർഷങ്ങൾ നിറഞ്ഞവയാകുന്നു.
ഒരുപാട് ഗുണങ്ങളും അതിലേറെ ദോഷങ്ങളും ഒളിഞ്ഞിരിക്കുന്ന ആ ചെറിയ സ്‌ക്രീൻ എത്ര മാത്രം ആഴത്തിലാണ് കുട്ടികളുടെ മനസ്സിലേക്ക് പതിഞ്ഞിരിക്കുന്നത്. അതു മുതിർന്നവർ, ഗുരുക്കന്മാർ രക്ഷകർത്താക്കൾ തിരിച്ചറിയുക. ഒരു പക്ഷെ അധ്യാപകന്റെ സ്ഥാനത്തു സ്വന്തം രക്ഷകർത്താവ് ആണെങ്കിലും അവൻ പ്രതികരിക്കാതിരിക്കില്ല. കുഞ്ഞുങ്ങൾ നമ്മുടെതാണ്. ചേർത്ത് പിടിക്കുക, വരുംവരായ്കകളെക്കുറിച്ച് സ്നേഹപൂർവ്വം പറഞ്ഞ് മനസ്സിലാക്കുക, നാം വളർത്തുന്ന മക്കൾ നമുക്ക് പോലും അപരിചിതരായി മാറുന്ന ഒരു മായാലോകം അവർക്കു മുന്നിൽ തുറക്കപ്പെടുന്ന ഇക്കാലത്തു സ്നേഹത്തിലൂടെ, ക്ഷമയോടെ അവരെ ചേർത്ത് നിർത്തുക. ആകാശവും നക്ഷത്രങ്ങളും കണ്ടു അവരെ വളരാൻ അനുവദിക്കുക. ഇന്നത്തെ അണുകുടുംബത്തിൽ ഒരു കുട്ടിക്കഥ പറഞ്ഞ് കൊടുക്കാൻ അപ്പൂപ്പനോ അമ്മുമ്മയോ അവരുടെ കൂടെ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്… അതു കൊണ്ട് ആ കുറവ് നികത്താൻ നന്മയിലേക്ക് അവരെ നയിക്കാൻ നമുക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക.?.
സാന്ദർഭികമായി ഒരു അനുഭവം കൂടി. വർഷങ്ങൾക്കു മുൻപ് ഇവിടുത്തെ രണ്ടു ആൺകുട്ടികളും മുകളിലെ ബെഡ്‌റൂമിൽ ഉറങ്ങുന്ന കൗമാര കാലം. പുറത്ത് ചെറിയ ഒരു ഗെറ്റ് ടുഗെതർനു പോയി വന്ന അവരുടെ മുറിയിൽ ഞാൻ വെറുതെ ഒന്ന് ചെന്നപ്പോൾ ഒരു മദ്യഗന്ധം പോലെ അനുഭവപ്പെട്ടു. രണ്ടു പേരും കട്ടിലിൽ കമിഴ്ന്നു കണ്ണടച്ചു കിടക്കുന്നു. “ആരാ മദ്യം കഴിച്ചത്?” ഞാൻ അല്പം പരുഷമായി ചോദിച്ചു. രണ്ടു പേരും മൗനം.
“പറഞ്ഞില്ല എങ്കിൽ മേലിൽ ഇത് ആവർത്തിച്ചാൽ അമ്മ ഇവിടുണ്ടാകില്ല. നാളെ വീട്ടിൽ പോകും” എന്ന് മുന്നറിയിപ്പ് കൊടുത്തു ഞാൻ താഴെ ഇറങ്ങി അടുക്കളയിൽ എത്തി. അല്പം കഴിഞ്ഞപ്പോൾ പിന്നിൽ ഒരു കാൽപെരുമാറ്റം. മൂത്ത മകനാണ് എന്റെ കാതിനരികിൽ…..
“സോറി അമ്മ അവിടെ ബിയർ മാത്രം ഉണ്ടായിരുന്നുള്ളു. അല്പം കഴിച്ചുള്ളൂ ട്ടോ ” “ശരി.. പൊയി ഉറങ്ങിക്കോ ” ഞാൻ പറഞ്ഞു. വേണമെങ്കിൽ എനിക്കവരെ ശാസിക്കാമായിരുന്നു. പകരം ഞാൻ വീട്ടിൽ ഇല്ലാതെ വരുന്ന ഒരു അവസ്ഥ മാത്രമേ അവരുടെ മനസ്സുകളിലേക്ക് എന്റെ പ്രതിഷേധമായി ഇട്ടു കൊടുത്തുള്ളൂ. അതവരെ ചിന്തിപ്പിച്ചു എന്നതിന് തെളിവാണല്ലോ പിന്നീട് കണ്ടത്.. ചിന്തിക്കാൻ, തെറ്റാണ് ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്താൻ ഒരു അവസരം കൊടുക്കുന്നതു നല്ലത്. അതു അവരുടെ ചിന്തകളെ മാറ്റി മറിക്കും. സംശയമില്ല. നമുക്കൊപ്പമുള്ളത്ര നാൾ അവർക്കു പുനർചിന്തിക്കാൻ ഒരു അവസരം നൽകുക. അത്രമാത്രം. അധ്യാപകനെ ഉപദ്രവിച്ചാൽ പിന്നെ അടുത്ത കാലത്തൊന്നും മൊബൈൽ കാണാൻ പോലും പറ്റാതെ ജുവൈനൽ ഹോമിലെ അന്തേവാസി ആയി കഴിയേണ്ടി വരും എന്ന അറിവ് അവന് പകർന്നു കൊടുക്കുക. പാകത ഇല്ലാത്ത അവനെ ബോധവാനാക്കുക ശിക്ഷിക്കുന്നതിനേക്കാൾ ഭേദം അതായിരിക്കില്ലേ? എന്നിട്ട് ശിക്ഷിച്ചാൽ പോരേ?
പി. സീമ