ന്യൂ ഡൽഹി: മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ വോട്ടെടുപ്പിനാണ് ഇന്നലെ പാർലമെന്റ് സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ നിയമമന്ത്രി ഹൃസ്വ വിവരണം നല്‍കിയെങ്കിലും ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിൽ വോട്ടിംഗ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗില്‍ 369 വോട്ടുകളാണ് സാധുവായത്. അതില്‍ 220 പേര്‍ പിന്തുണച്ചു. 149 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് സ്ളിപ്പ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടന്നു. 467 പേരില്‍ 269 പേര്‍ പിന്തുണച്ചു. 198 പേര്‍ എതിര്‍ത്തു.
ബില്ലിനെ ഒറ്റക്കെട്ടായി പ്രതിപക്ഷം എതിർത്തു. ബിൽ ഭരണഘടനാവിരുദ്ധമെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബിൽ സഭയുടെ നിയമനിർമാണാധികാരത്തിന് അപ്പുറത്തുള്ള ഒന്നാണെന്നും സർക്കാർ അത് പിൻവലിക്കണമെന്നും കോൺഗ്രസ് എംപി മനീഷ് തിവാരി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏകാധിപത്യം കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ നീക്കമാണ് ബില്ലെന്ന് സമാജ്‌വാദി പാർട്ടി എംപി ധർമേന്ദ്ര യാദവും ആരോപിച്ചു. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തു. ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടണമെന്നും പ്രതിപക്ഷത്തുനിന്ന് ആവശ്യം ഉയർന്നു.
ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിടുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് ഉറപ്പു നൽകി. ജെപിസി അംഗങ്ങളെ തീരുമാനിച്ചശേഷം അതിനായുള്ള പ്രമേയം അവതരിപ്പിക്കും. ജെപിസി രൂപീകരിക്കാനുള്ള പ്രമേയം രണ്ടു ദിവസത്തിനുള്ളിൽ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.
കഴിഞ്ഞയാഴ്ച ഈ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ കരട് ലോക്‌സഭയിൽ അവതരിപ്പിച്ചത്.
ഇപ്പോൾ പുറത്തു വന്നിരിക്കുന്ന കരടിലെ പ്രധാന നിർദേശങ്ങൾ ഇതാണ്
1.’ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ലോക്‌സഭയുടെയും സംസ്ഥാന അസംബ്ലികളുടെയും തിരഞ്ഞെടുപ്പ് തീയതികൾ ഒരുമിച്ചാക്കും . തുടർന്ന്, മുനിസിപ്പൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഇവയുമായി സമന്വയിപ്പിക്കും
2. ഒരു പൊതു തിരഞ്ഞെടുപ്പിനെത്തുടർന്ന്, തുടർച്ചയായ സമന്വയം ഉറപ്പാക്കിക്കൊണ്ട്, ലോക്‌സഭ സമ്മേളിക്കുന്ന തീയതി ‘നിയുക്ത തീയതി’ ആയി പ്രഖ്യാപിച്ചുകൊണ്ട് രാഷ്‌ട്രപതി ഒരു വിജ്ഞാപനം പുറപ്പെടുവിക്കും.
3. പുതുതായി രൂപീകരിക്കുന്ന സംസ്ഥാന അസംബ്ലികളുടെ കാലാവധി അടുത്ത ദേശീയ പൊതുതിരഞ്ഞെടുപ്പിന്റെ തീയതിയിലേക്ക് ചുരുക്കും.
4. തൂക്കുസഭയോ അവിശ്വാസ പ്രമേയമോ ഉണ്ടായാൽ, പുതിയ തിരഞ്ഞെടുപ്പ് നടത്തും , എന്നാൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭയുടെ കാലാവധി അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ മാത്രമേ നീണ്ടുനിൽക്കൂ.
5. തൂക്കുസഭ വരികയോ അവിശ്വാസ പ്രമേയം പാസ്സാവുകയോ ചെയ്താൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ രാംനാഥ് കോവിന്ദ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ലോക്‌സഭ മുമ്പത്തെ കാലയളവിലെ ശേഷിക്കുന്ന കാലയളവ് വഹിക്കും, അതേസമയം തന്നെ നേരത്തെ പിരിച്ചുവിട്ടില്ലെങ്കിൽ ആദ്യ ലോക്‌സഭയുടെ കാലാവധി തീരുന്നത് വരെ സംസ്ഥാന അസംബ്ലികൾ തുടരും.
6. ഈ പരിഷ്‌കാരങ്ങൾ ഉറപ്പുവരുത്തുന്നതിനും വിജയകരമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനുമായി ഒരു നിർവാഹക സമിതിയുടെ രൂപീകരണവും കോവിന്ദ് കമ്മിറ്റി ശുപാർശ ചെയ്തു.
7. പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് ആർട്ടിക്കിൾ 324 എ ആയി ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട് .എല്ലാ തിരഞ്ഞെടുപ്പുകൾക്കും ഒരു ഏകീകൃത വോട്ടർ പട്ടികയും ഫോട്ടോ ഐഡി കാർഡും സൃഷ്ടിക്കുന്നതിന് ആർട്ടിക്കിൾ 325-ൽ ഭേദഗതി വരുത്താനും കമ്മിറ്റി നിർദ്ദേശിച്ചു.