സിഡ്നിയിൽ വീണ്ടും ഇസ്രായേൽ വിരുദ്ധ ആക്രമണം. ഒരു കാർ കത്തിച്ചത് കൂടാതെ ചുവരുകളിൽ ഇസ്രായേൽ വിരുദ്ധ ഗ്രാഫിറ്റികൾ വരച്ചു കെട്ടിടങ്ങൾ നാശമാക്കി. ആക്രമണത്തെ “ഞെട്ടിപ്പിക്കുന്ന യഹൂദവിരുദ്ധതയെന്ന്” ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ വിശേഷിപ്പിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ വൂല്ലഹ്‌റയിലെ മാഗ്നി സ്ട്രീറ്റിൽ (Magney Street, Woollahra) ആണ് ഈ അതിക്രമങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. രണ്ടു വാഹനങ്ങൾ, രണ്ട് കെട്ടിടങ്ങൾ, മാഗ്നി സ്ട്രീറ്റിലെ ഫുട്പാത്ത് എന്നിവയിൽ ഇസ്രായേൽ വിരുദ്ധ ചുവരെഴുത്തുകൾ കാണുവാൻ സാധിക്കും. നഗരത്തെ വിഭജിക്കാനുള്ള ഈ വംശീയ ശ്രമങ്ങൾ അനുവദിക്കില്ലെന്നും, നിയമത്തിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് ഇതിനെ നേരിടുമെന്നും പ്രീമിയർ പറഞ്ഞു.
ആഴ്ചകൾക്ക് മുമ്പ് സിഡ്നിയിൽ നടന്ന ആക്രമണം, മതസ്ഥാപനങ്ങൾക്ക് പുറത്ത് നടന്ന പ്രകടനങ്ങൾ, മെൽബണിലെ സിനഗോഗ് കത്തിച്ചതിനെ തുടർന്നുള്ള സംഭവവികാസങ്ങൾ, ഇപ്പോൾ ഇവിടെ കുറ്റകൃത്യം നടന്ന സ്ഥലം, അതിൽ ഇസ്രായേലിനെ കൊല്ലണമെന്ന ചുവരെഴുത്തുകൾ ഒക്കെ “ആൻ്റിസെമിറ്റിക് ആക്രമണം” ആണെന്ന് സൂചന നൽകുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ പറഞ്ഞു.
“മറ്റൊരു യഹൂദവിരുദ്ധ ആക്രമണം” ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി ആൻ്റണി അൽബാനീസി, കൂടുതൽ സംക്ഷിപ്ത വിവരം തേടി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസുമായി സംസാരിക്കുന്നതായി പറഞ്ഞു. താൻ ജൂത സമൂഹത്തോടൊപ്പം നിൽക്കുന്നു എന്നും ഈ ആക്രമണത്തെ അസന്നിഗ്ദ്ധമായി അപലപിക്കുന്നു എന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള അഭിപ്രായ ഭിന്നതകളല്ല, ഐക്യത്തിൻ്റെ സമയമാണിതെന്നും പ്രധാനമന്ത്രിഅഭിപ്രായപ്പെട്ടു.