Monday, December 23, 2024
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home Latest News സിറിയയിലെ സൈനിക താവളങ്ങളിൽ ഇസ്രയേൽ ആക്രമണം; വൻ അഭയാർഥി പ്രവാഹം.
സിറിയയിലെ സൈനിക താവളങ്ങങ്ങളിൽ ഇസ്രയേൽ ആക്രമണം; വൻ അഭയാർഥി പ്രവാഹം.

സിറിയയിലെ സൈനിക താവളങ്ങളിൽ ഇസ്രയേൽ ആക്രമണം; വൻ അഭയാർഥി പ്രവാഹം.

ഐഎസ് താവളങ്ങളിൽ യുഎസ് ആക്രമണം നടത്തി.

by Editor
Mind Solutions

വിമതസഖ്യം ഭരണം പിടിച്ചെടുത്ത സിറിയയിലെ സൈനിക താവളങ്ങളിൽ ഇസ്രയേൽ ആക്രമണം. മൂന്ന് സൈനിക താവളങ്ങൾക്കു നേരെയാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കുകിഴക്കൻ സിറിയയിലെ ഖാമിഷ്‌ലി വിമാനത്താവളം, ഹോംസിന്റെ പ്രാന്തപ്രദേശത്തുള്ള ഷിൻഷാർ താവളം, തലസ്ഥാനമായ ഡമാസ്‌കസിന് തെക്കുപടിഞ്ഞാറുള്ള അക്‌റബ വിമാനത്താവളം എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഇതുകൂടാതെ രാസായുധ കേന്ദ്രങ്ങളും ആക്രമിച്ചതായി റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. അസദ് സര്‍ക്കാരിന്റെ രാസായുധങ്ങളും ദീര്‍ഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇവ തീവ്രവാദികളുടെ കൈയിലെത്താതിരിക്കാനാണ് ഇതു ചെയ്തതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിദയോന്‍ സാര്‍ പറഞ്ഞു.

സിറിയയിലെ ഐഎസ് താവളങ്ങളിൽ യുഎസും ആക്രമണം നടത്തി. യുഎസ് എയർഫോഴ്സിന്റെ ബി-52 സ്ട്രാറ്റോഫോർട്രസ് ബോംബറുകൾ, എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾസ്, എ-10 തണ്ടർബോൾട്ട് II എന്നീ യുദ്ധവിമാനങ്ങൾ ഉപയോ​ഗിച്ചാണ് ഐഎസ് താവളങ്ങളിൽ‌ ആക്രമണം നടത്തിയത്.

അതേസമയം, വിമതസഖ്യം പിടിച്ചെടുത്ത സിറിയയിലേക്ക് വൻ അഭയാർഥി പ്രവാഹം. സിറിയയിൽനിന്നു പലായനം ചെയ്ത ലക്ഷക്കണക്കിനു ആളുകളാണ് മടങ്ങി എത്താനൊരുങ്ങുന്നത്. തുർക്കി സിറിയൻ അതിർത്തിയിലെത്തി കാത്തുനിൽക്കുകയാണ് ആയിരക്കണക്കിന് അഭയാർഥികൾ. അതേസമയം, വിമതസഖ്യത്തിന്റെ തുടർനടപടികൾ ഭയന്ന് സിറിയ വിടുന്നവരുമുണ്ട്.

സിറിയയിൽ 54 വർഷം നീണ്ട അസദ് കുടുംബത്തിന്റെ തുടർച്ചയായ ഭരണത്തിനാണ് ഹയത് തഹിർ അൽ-ഷം (എച്ച്ടിഎസ്) എന്ന വിമതസേന അന്ത്യം കുറിച്ചത്. 1971 മുതൽ രാജ്യം ഭരിച്ച പിതാവ് ഹാഫിസ് അൽ അസദിൽ നിന്ന് 2000 -ൽ അധികാരം ഏറ്റെടുത്ത ബാഷർ അൽ അസദ്, പ്രസിഡന്റ് പദത്തിൽ കാൽ നൂറ്റാണ്ടിലേക്ക് അടുക്കാൻ മാസങ്ങൾ ബാക്കിനിൽക്കെയാണ് രാജ്യം വിട്ട് ഓടിപ്പോകേണ്ടി വന്നത്.

പശ്ചിമ ഏഷ്യയിലും വടക്കൻ ആഫ്രിക്കയിലും 2011-ൽ അലയടിച്ച അറബ് വസന്തം ടുണീഷ്യ, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ ഭരണ അട്ടിമറികളിലേക്ക് നയിച്ചപ്പോൾ, സിറിയയുടെ തെരുവുകളിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അന്ന് രാജ്യത്തു ഉയർന്ന കലാപ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ റഷ്യ – ഇറാൻ – ഹിസ്ബുള്ള പിന്തുണയിൽ ബാഷർ അൽ അസദിനു സാധിച്ചിരുന്നു. വിമതർക്കും സ്വന്തം ജനങ്ങൾക്കും നേരെ രാസായുധം പ്രയോഗിച്ചു എന്നതടക്കം ആരോപണങ്ങൾ ബാഷർ അൽ അസദ് നേരിട്ടു. ഇതിനിടെ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് പലസ്ഥലങ്ങളിലും സ്വാധീനം നേടുകയും ഉണ്ടായി. അന്ന് അടിച്ചമർത്തപ്പെട്ട വിമത മുന്നേറ്റം കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി മരവിച്ച അവസ്ഥയിൽ കിടക്കുകയായിരുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെ ബാഷർ അൽ അസദിന് ഏറ്റവും ശക്തമായ പിന്തുണ നൽകിയിരുന്ന റഷ്യ, ഇറാൻ, ഹിസ്ബുള്ള എന്നീ ശക്തികളുടെ ശക്തി ക്ഷയിച്ചതാണ് വിമതർക്ക് നേട്ടമായത്. റഷ്യ യുക്രൈനെതിരെ യുദ്ധത്തിലും ഇറാനും ഹിസ്ബുള്ളയും ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിലുമായിരുന്നു. ഇതോടെ അസദിന്റെ സൈന്യം ഒറ്റയ്ക്കായി. അതിനാൽ തന്നെ വിമതർ മുന്നേറിയപ്പോൾ പല പ്രധാന നഗരങ്ങളിലും സൈന്യത്തിന് ഒന്നും ചെയ്യാനായില്ല. ഇവിടങ്ങളിൽ അൽ ഖ്വൈദയുടെ ഉറച്ച പിന്തുണ എച്ച്ടിഎസിന് ഉണ്ടായിരുന്നു. തുർക്കിയുടെ പിന്തുണയും എച്ച് ടി എസിനും വിമതർക്കും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ മുൻഗാമികളായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖിന്റെ ശാഖയായി സിറിയയിൽ 2012 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച ജബദ് അൽ നസ്ര എന്നതായിരുന്നു എച്ച്ടിഎസിന്റെ പഴയപേര്. 2013-ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ഇറാക്കിൽ നിന്ന് സിറിയയിലേക്ക് അബൂബക്കർ അൽ ബാഗ്ദാദി മാറ്റിയപ്പോൾ, അബു മുഹമ്മദ് അൽ ജലാനി ഇസ്ലാമിക് സ്റ്റേറ്റിനോട് വിട പറഞ്ഞു. പിന്നീട് അൽ ഖ്വൈദ നേതാവ് അയ്‌മൻ അൽ സവാഹിരിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം അൽ ഖ്വൈദയോടും സവാഹിരിയോടും ബൈ പറഞ്ഞ ജലാനി തങ്ങളുടെ പ്രവർത്തനം ഗ്ലോബൽ ജിഹാദിൽ നിന്ന് സിറിയയിലേക്ക് മാത്രമായി ചുരുക്കുകയും സംഘടനയ്ക്ക് എച്ച്ടിഎസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. എച്ച്ടിഎസിന്റെ തലവൻ അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ പ്രസിഡന്റ് പദവിയിലെത്തുമെന്നാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ ബാഷർ അൽ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയുടെയും ഇറാന്റെയും നിലപാടുകൾ നിർണായകമാകും.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!