മോസ്കൊ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ-റഷ്യ ഇൻ്റർ ഗവൺമെൻ്റൽ കമ്മീഷൻ ഓൺ മിലിട്ടറി ആൻ്റ് മിലിട്ടറി കോ-ഓപ്പറേഷന്റെ (IRIGC-M&MTC) 21-ാമത് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഇരുനേതാക്കളും ഉഭയകക്ഷി, പ്രതിരോധ സഹകരണത്തിന്റെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇന്ത്യ എപ്പോഴും റഷ്യയുമായി സഹകരണം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും ഭാവിയിലും അത് തുടരുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. നേരത്തെ മോസ്‌കോയിൽ വച്ച് റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്‌ചയിൽ എസ്-400 ട്രയംഫ് ഉപരിതല- വ്യോമ മിസൈൽ സംവിധാനങ്ങളുടെ ശേഷിക്കുന്ന രണ്ട് യൂണിറ്റുകളുടെ വിതരണം വേഗത്തിലാക്കാൻ നടപടിയുണ്ടാകണമെന്നു ആവശ്യപ്പെട്ടു. വിവിധ സൈനിക ഹാർഡ്‌വെയർ ഉൽപ്പാദനത്തിൽ റഷ്യൻ പ്രതിരോധ വ്യവസായങ്ങൾക്ക് ഇന്ത്യയിൽ പുതിയ അവസരങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്‌തു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി റഷ്യയിൽ എത്തിയത്.
മോസ്‌കോയിലെ ‘അജ്ഞാത സൈനികന്റെ സ്മൃതികുടീരത്തിൽ’ എത്തിയ പ്രതിരോധമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് ദശലക്ഷക്കണക്കിന് സൈനികരാണ് മോസ്‌കോയുടെ മണ്ണിൽ മരിച്ചുവീണത്. ജീവൻ നഷ്ടപ്പെട്ട സൈനികരെയും കാണാതായ സൈനികരെയും എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തതിനാൽ അവർക്കായി ‘അജ്ഞാത സൈനികന്റെ സ്മൃതി കുടീരം’ ഉയരുകയായിരുന്നു. നേരത്തെ മോസ്‌കോയിലെത്തിയ പ്രധാനമന്ത്രിയും അജ്ഞാത സൈനികന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചിരുന്നു.