വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയതിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിന് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. വഞ്ചിയൂര്‍ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടി വേദി നിര്‍മിച്ചത് അധികൃതരില്‍നിന്ന് യാതൊരു അനുമതിയും വാങ്ങാതെയെന്ന വാർത്ത പുറത്തുവന്നിരുന്നു. ആദ്യം ഇതു സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാതെ നിന്ന പോലീസ് സംഭവം വിവാദമായതോടെ കേസ് എടുക്കുകയായിരുന്നു. വഞ്ചിയൂർ പോലീസ് കണ്ടാലറിയുന്ന 500 ഓളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയെന്നാണ് പൊലീസ് എഫ്ഐആറിലുളളത്.
വഞ്ചിയൂര്‍ കോടതി പരിസരത്ത് നിന്ന് പൊലീസ് സ്റ്റേഷൻ വരെ നീളുന്ന റോഡ് നെടുനീളത്തിൽ അടച്ചുകെട്ടിയാണ് പാളയം ഏര്യാസമ്മേളനത്തിന് പൊതുസമ്മേളന വേദി പണിതത്. രണ്ട് വരി ഗതാഗതം അതോടെ ഒരുവരിയിലേക്ക് ചുരുങ്ങി. രാവിലെ മുതൽ തുടങ്ങിയ ബ്ലോക്ക് നാല് മണിക്ക് സ്കൂളും ഓഫീസും എല്ലാം വിട്ടതോടെ വൻകുരുക്കായി. പൊതുവഴി അടച്ച് കെട്ടിയുള്ള പൊതുസമ്മേളനങ്ങൾ വിലക്കി കോടതി ഉത്തരവുകൾ നിലവിലുണ്ട്.