ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യ മതാചാരമല്ലെന്ന് കേരള ഹൈക്കോടതി. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് പറഞ്ഞ കോടതി ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത് എന്ന് പറഞ്ഞു. രാജഭരണമല്ല, ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള നിയമവാഴ്ചയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ നിയമം പാലിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം. എഴുന്നള്ളിപ്പിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ജില്ലാ കളക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. പുതിയ നിയന്ത്രണങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കും. പൂരത്തിന്‍റെ ഭംഗിയും പ്രൗഡിയും ഇല്ലാതാവും. സർക്കാർ ഇടപെടൽ ഉണ്ടാകണം എന്നും ദേവസ്വം ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ നവംബര്‍ പതിനാലാം തീയതി ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു. എഴുന്നള്ളിപ്പില്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം ഹൈക്കോടതി മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തീവെട്ടികളില്‍ നിന്ന് അഞ്ച് മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദിവസം മുപ്പത് കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുതെന്നും രാത്രി പത്ത് മുതല്‍ രാവിലെ നാല് മണിവരെ ആനകളെ യാത്ര ചെയ്യിക്കരുതെന്നും ഹൈക്കോടതി മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിരുന്നു