പാലക്കാട്: പാലക്കാട്ട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പോലീസ് പരിശോധന നടത്തിയതിന് പിന്നാലെ സ്ഥലത്ത് രാഷ്ട്രീയ പ്രവർത്തകർ ഏറ്റുമുട്ടി. പണം സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രാത്രി 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. ബിന്ദു കൃഷ്ണ, ഷാനി മോൾ ഉസ്മാൻ എന്നിവരുടെ മുറികളിലാണ് ആദ്യം പരിശോധന നടത്തിയത്. വനിതാ പൊലീസില്ലാതെ മുറികളിൽ കടന്നുകയറാൻ ശ്രമിച്ചെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ആരോപിച്ചിട്ടുണ്ട്. ആരുടേയും പരാതി ഇല്ലാതെയാണ് പരിശോധന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 12 മുറികൾ അരിച്ചുപെറുക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല.
കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ഹോട്ടലിന് പുറത്ത് ബിജെപി സിപിഎം പ്രവർത്തകർ തടിച്ചുകൂടിയതോടെയാണ് സംഘർഷമുണ്ടായത്. സിപിഎം ബിജെപി പ്രവർത്തകർ ഒരു വശത്തും കോൺഗ്രസ് മറുവശത്തുമായി പലതവണ കയ്യാങ്കളിയുണ്ടായി. ഹോട്ടലിനും അകത്തുവച്ചും പുറത്തുവച്ചും പ്രവർത്തകർ ഏറ്റുമുട്ടി.
പാലക്കാട് കെപിഎം ഹോട്ടലിൽ നടത്തിയ പരിശോധന പൂർത്തിയായെന്ന് പിന്നീട് പാലക്കാട് എ എസ് പി അശ്വതി ജിജി പറഞ്ഞു. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് എ എസ് പി വ്യക്തമാക്കി. സ്വഭാവികമായ പരിശോധനയാണ് നടന്നത്. 12 മുറികളിൽ പരിശോധന നടത്തി. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടത്തിയതെന്നാണ് എ എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എഎസ്പി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ വനിയുടെ മുറി പരിശോധിക്കാൻ നിയമമുണ്ട്. പരിശോധന ലിസ്റ്റ് കൈമാറിയിട്ടുണ്ട്. എല്ലാ ആഴ്ചയും പരിശോധന സംഘടിപ്പിക്കാറുണ്ടെന്ന് എഎസ്പി അശ്വതി ജിജി വ്യക്തമാക്കി. ഷാനിമോൾ ഉസ്മാൻ പരിശോധനയ്ക്ക് വിസമ്മതിച്ചതോടെ പരിശോധന നടത്തിയില്ല. വനിതാ പൊലീസ് എത്തിയ ശേഷമാണ് പരിശോധന നടത്തിയതെന്ന് എ എസ് പി പറഞ്ഞു. ബിന്ദു കൃഷ്ണയുടെ കൂടെ ഭർത്താവ് ഉണ്ടായിരുന്നു. അതുകൊണ്ട് പരിശോധന നടത്തിയെന്ന് എ എസ് പി പറഞ്ഞു.
അർധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പൊലീസ് പരിശോധന സിപിഎം – ബിജെപി ഒത്തുകളിയെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പരിശോധന. ഇത് കൃത്യമായ നാടകമാണ്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും. കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തും. ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശോധനയിൽ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നൽകി. പാലക്കാട്ടെ ജനങ്ങൾ കൃത്യമായി വിലയിരുത്തുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പരിശോധനയെ നിയമപരമായി നേരിടുമെന്ന് വികെ ശ്രീകണ്ഠൻ പ്രതികരിച്ചു. നിയമവിരുദ്ധ പ്രവർത്തനം ചോദിക്കേണ്ടിടത്ത് ചോദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആദ്യം പരിശോധിക്കേണ്ടിരുന്നത് ഹോട്ടൽ രജിസ്റ്റർ ആയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമായിരുന്നു. മുൻകൂട്ടി തയാറാക്കിയ തിരക്കഥയോടെയാണ് പൊലീസ് ഹോട്ടലിൽ എത്തിയതെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.
എന്നാൽ റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു. പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി പറഞ്ഞു. വ്യാജ ഐ ഡി കാർഡ് കേസിലെ പ്രതി ഫെനിയാണ് കള്ളപ്പണം എത്തിച്ചതെന്ന് ബിജെപി ആരോപിച്ചു. ഹോട്ടൽ സിസിടിവി പരിശോധിക്കണം എന്ന് അവർ പൊലീസിനോട് ആവശ്യപ്പെട്ടു.