അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത ഡൊണാൾഡ് ട്രംപ് അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ആണെന്ന് ഡോണൾഡ് ട്രംപ് പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു. അനുയായികളെ അഭിസംബോധന ചെയ്യുമ്പോൾ ട്രംപിന്റെ ഭാര്യയും മക്കളും വേദിയിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 295 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ് തുടരുന്നത്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് ഇതുവരെ നേടിയത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായി വിലയിരുത്തപ്പെട്ട സ്വിംഗ് സ്റ്റേറ്റുകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍. 93 ഇലക്ടറല്‍ വോട്ടുകളുള്ള സ്വിങ് സ്റ്റേറ്റുകളില്‍ വിജയം നേടുകയാണ് അമേരിക്കയുടെ അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ വഴി. ഇവിടെ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സര്‍വേ ഫലം. സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഏഴും ട്രംപിനൊപ്പം നില്‍ക്കുകയായിരുന്നു
78-കാരനായ ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ വേറിട്ട ചരിത്രം കൂടിയാണ് പിറന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ തോല്‍വിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം. ഗ്രോവര്‍ ക്ലീവ്‌ലാന്റാണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.