ജക്കാർത്ത: ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതം തിങ്കളാഴ്ച രാത്രിയിൽ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 10 മരണം. രണ്ട് കിലോമീറ്ററിലേറെ ഉയരത്തിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ ഉയർന്ന് പൊന്തിയത്. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങളാണ് അഗ്നിപർവ്വത സ്ഫോടനത്തിൽ കത്തി നശിച്ചത്. ഒരു കോൺവെന്റുൾപ്പടെ നിരവധി വീടുകൾ കത്തിനശിച്ചു. അഗ്നിപർവ്വതം പുക ചീറ്റി തുടങ്ങിയ സമയത്ത് കുറച്ച് ഗ്രാമവാസികൾ ഇവിടെ നിന്ന് മാറി താമസിച്ചതാണ് മരണ സംഖ്യ വർധിക്കാതിരിക്കാൻ സഹായിച്ചതെന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ അറിയിച്ചു. അഗ്നിപർവ്വതത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് നിലവിൽ ഒരു കുട്ടിയടക്കം പത്ത് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. വുലാഗിംതാഗ് ജില്ലയിലെ ആറ് ഗ്രാമങ്ങളെയും ബുറ ജില്ലയിലെ നാല് ഗ്രാമങ്ങളെയുമാണ് അഗ്നി പർവ്വത സ്ഫോടനം സാരമായി ബാധിച്ചതെന്നാണ് അധികൃതർ വിശദമാക്കുന്നത്. ചാരം മൂടി തകർന്ന് വീടുകൾക്കിടയിൽ കൂടുതൽ ആളുകളുണ്ടോയെന്നും മൃതദേഹങ്ങൾ ഉണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമായി പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച അർധരാത്രിയോടെയാണ് വലിയ രീതിയിലുള്ള ലാവാ പ്രവാഹം ആരംഭിച്ചതെന്നാണ് വോൾക്കാനോ മോണിറ്ററിംഗ് ഏജൻസി വിശദമാക്കുന്നത്. പെട്ടന്നായിരുന്നു വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടായതെന്നാണ് വിലയിരുത്തൽ. ആഴ്ചകൾക്കിടയിൽ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്തോനേഷ്യയിലെ 120 സജീവ അഗ്നിപർവ്വതങ്ങളിലൊന്നാണ് ലാകി ലാകി.