Thursday, August 27, 2026
Home » ‘ക്യൂബയ്ക്ക് റഷ്യ എണ്ണ വിറ്റോട്ടെ, എനിക്കൊരു പ്രശ്നവുമില്ല’ നിലപാട് മാറ്റി ട്രംപ്
ട്രംപും പുടിനും

‘ക്യൂബയ്ക്ക് റഷ്യ എണ്ണ വിറ്റോട്ടെ, എനിക്കൊരു പ്രശ്നവുമില്ല’ നിലപാട് മാറ്റി ട്രംപ്

by Editor

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയിൽ നിന്ന് ക്യൂബ എണ്ണ വാങ്ങുന്നതിനോടുള്ള തന്റെ നിലപാടിൽ മാറ്റം വരുത്തി. “ക്യൂബയ്ക്ക് റഷ്യ എണ്ണ വിറ്റോട്ടെ, അതിൽ എനിക്കൊരു പ്രശ്നവുമില്ല” എന്ന പുതിയ നിലപാടാണ് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ക്യൂബയ്ക്ക് എണ്ണവിൽക്കാൻ ഏതെങ്കിലും രാജ്യം ശ്രമിച്ചാൽ അവർക്കെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നത്.

നേരത്തേ വെനസ്വേലയിൽ നിന്നായിരുന്നു ക്യൂബ എണ്ണ വാങ്ങിയിരുന്നത്. വെനസ്വേലൻ എണ്ണ വിപണിയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തതോടെ ക്യൂബയ്ക്കുള്ള എണ്ണവിതരണം നിർത്തി. ക്യൂബ കടുത്ത പ്രതിസന്ധിയിലുമായി. ഏകദേശം ഒരുകോടിയാണ് ക്യൂബൻ ജനസംഖ്യ. ഊർജ പ്രതിസന്ധി രാജ്യത്ത് വൈദ്യുതി തടസ്സത്തിന് വഴിവച്ചുവെന്നും ആശുപത്രികൾ പോലും പ്രതിസന്ധിയിലായെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ക്യൂബയിലും ഭരണമാറ്റം വേണമെന്ന നിലപാടാണ് ട്രംപിനുള്ളത്. നിലവിലെ ഭരണനേതൃത്വം അഴിമതിക്കാരാണെന്നും അദ്ദേഹം പറയുന്നു.

അമേരിക്ക ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന എണ്ണ ഉപരോധം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് വ്ലാദിമിർ പുട്ടിൻ നേരത്തെ സ്വീകരിച്ചിരുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയുമായി ഇതിനിടെ 2 കപ്പലുകൾ ക്യൂബ ലക്ഷ്യമാക്കി പുറപ്പെട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ക്യൂബയ്ക്ക് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് വിലക്ക് ഏർപ്പെടുത്തിയത് 10 ദിവസം മുൻപാണ്. ട്രംപ് എതിർപ്പ് തുടർന്നിരുന്നെങ്കിലും ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യാൻ തന്നെയായിരുന്നു റഷ്യയുടെ തീരുമാനം. എന്നാൽ, ഇപ്പോൾ ഈ നിലപാടിൽ നിന്നെല്ലാം ട്രംപ് മലക്കംമറിഞ്ഞു. “ഏതെങ്കിലും രാജ്യം ക്യൂബയ്ക്ക് എണ്ണവിൽക്കുന്നതിൽ എനിക്ക് പ്രശ്‌നമൊന്നുമില്ല, അതിപ്പോൾ റഷ്യ ആയാലും അല്ലെങ്കിലും” – ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ക്യൂബയിലെ തങ്ങളുടെ സുഹൃത്തുക്കളെ സഹായിക്കുക എന്നത് റഷ്യയുടെ കടമയാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ക്യൂബയിലെ കടുത്ത ഇന്ധനക്ഷാമവും വൈദ്യുതി തടസ്സവും പരിഗണിച്ച് ഇതൊരു “മാനവിക സഹായം” എന്ന നിലയിലാണ് റഷ്യ കാണുന്നത്. എണ്ണക്കപ്പൽ ക്യൂബയിലേക്ക് അയക്കുന്ന കാര്യം അമേരിക്കൻ അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നതായും റഷ്യ വ്യക്തമാക്കി. നിലവിൽ, 1,00,000 ടൺ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലായ ‘അനാറ്റോളി കൊലോഡ്കിൻ’ (Anatoly Kolodkin) ക്യൂബയിലെ മാറ്റൻസാസ് തുറമുഖത്ത് എത്തിയിട്ടുണ്ട്. ഇത് ക്യൂബയ്ക്ക് ഏകദേശം 10 ദിവസത്തേക്കുള്ള ഇന്ധനം നൽകുമെന്നാണ് കരുതപ്പെടുന്നത്.

ക്യൂബയിലെ സാധാരണ ജനങ്ങൾ നേരിടുന്ന വൈദ്യുതി തടസ്സവും ഇന്ധനക്ഷാമവും പരിഹരിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. റഷ്യൻ എണ്ണ ക്യൂബയിലേക്ക് എത്തുന്നതിലൂടെ ആഗോള എണ്ണ വിപണിയിലെ സമ്മർദ്ദം കുറയ്ക്കാനും ഇതിലൂടെ സാധിച്ചേക്കാം.

പശ്ചിമേഷ്യയിലെ സംഘർഷം: പാക്കിസ്ഥാന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഇറാൻ

Send your news and Advertisements

You may also like

error: Content is protected !!