ബെൽഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കും. മാര്‍ച്ച് 3 മുതല്‍ 9 വരെ യുകെയും അയര്‍ലന്‍ഡും സന്ദര്‍ശിക്കാന്‍ എത്തുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം കെ.ദൊരൈസ്വാമി, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സുജിത് ഘോഷ്, അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാർ ഇപ്പോള്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി വിഎഫ്എസിനെയൊ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയൊ ആണ് ആശ്രയിക്കുന്നത്. നിലവില്‍ മെയിന്‍ലാന്‍ഡ് യുകെയിലെ ബിര്‍മിംഗ്ഹാമിലും എഡിന്‍ബറോയിലുമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ കാര്‍ഡിഫിലും ന്യൂകാസിലിലും ബെല്‍ഫാസ്റ്റിലും ഓണററി കോണ്‍സല്‍മാരുമുണ്ട്.