ബ്രിസ്‌ബേൻ സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. ഇന്ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി റവ ഫാ ലിജു സാമുവേൽ കൊടിയേറ്റി.
മെയ് 10, 11 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ. മെയ് പത്താം തീയതി വൈകുന്നേരം 6:30-നു സന്ധ്യാനമസ്കാരവും, റവ ഫാ ഷിനു ചെറിയാന്റെ വചന പ്രഭാഷണവും അതെ തുടർന്ന് ഭക്തി നിർഭരമായ റാസയും, ആശിർവാദവും നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന തിരുന്നാൾ ദിനമായ മെയ് 11-ന് രാവിലെ 7.30-നു പ്രഭാതനമസ്കാരം, 8.30-നു റവ ഫാ ജാക്‌സ് ജേക്കബ്, റവ ഫാ മാത്യു കെ മാത്യു, റവ ഫാ ലിജു സാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ മൂന്നിൽമേൽ കുർബാന, ഭക്തി നിർഭരമായ റാസയും ആശിർവാദവും തുടർന്ന് ആദ്യഫല ലേലവും, നേർച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് ഇടവക വികാരി റവ ഫാ ലിജു സാമുവേൽ, പെരുന്നാൾ കൺവീനർ ബിനോയ് മാത്യൂസ് എന്നിവർ നേതൃത്വം നൽകുന്നു.