അബ്ബാസിയ: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സൂരജ്, എറണാകുളം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാവിലെ കെട്ടിടത്തിലെ കാവല്‍ക്കാരന്‍ വന്നുനോക്കിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഇരുവരുടെയും കൈയില്‍ കത്തിയുണ്ടായിരുന്നതായും വിവരമുണ്ട്.
ശ്രീ സൂരജ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ഹോസ്പിറ്റലിലെയും, ഭാര്യ ശ്രീമതി ബിൻസി സൂരജ് കുവൈറ്റ് ഡിഫെൻസ് ഹോസ്പിറ്റിലെയും സ്റ്റാഫ് നഴ്‌സുമാരായിരുന്നു. ഇരുവരും രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് ഫ്‌ളാറ്റിലെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ച് വരുന്നു. ഇവർ അടുത്ത് തന്നെ കുടുംബമായി ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യുവാൻ വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചിരുന്നതായി അറിയുന്നു. മക്കളായ മൂത്ത മകളും, ഇളയ മകനും നാട്ടിൽ ആയിരുന്നു. ഇവർ രണ്ട് പേരും അടുത്തിടെ നാട്ടിൽ പോയി വന്നതായിരുന്നു.