മെൽബൺ: ഓസ്ട്രേലിയൻ പാർലമെൻ്റിലേയ്ക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. ഭരണ കക്ഷിയായ ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ ആന്റണി ആൽബനീസി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേൽക്കും. 76 സീറ്റാണ് സർക്കാർ രൂപീകരണത്തിന് ജനപ്രതിനിധി സഭയിൽ വേണ്ട ഭൂരിപക്ഷം. ലേബർ പാർട്ടി ഇതിനോടകം 85 സീറ്റുകളിൽ മുൻകൈ നേടിയിട്ടുണ്ട്. ലിബറൽ നാഷണൽ പാർട്ടിക്ക് 36 സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. മറ്റുള്ളവർ 10 എന്നിങ്ങനെയാണ് 70 % വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഉള്ള കക്ഷി നില
പ്രധാനമന്ത്രി ആൻ്റണി ആൽബനീസി നയിക്കുന്ന ലേബർ പാർട്ടിയും പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണിന്റെ നേതൃത്വത്തിലെ ലിബറൽ-നാഷണൽ സഖ്യവും തമ്മിൽ നടന്ന മത്സരത്തിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ഉൾപ്പെടെ പരാജയപ്പെട്ടു. ലേബർ സ്ഥാനാർത്ഥി അലി ഫ്രാൻസ് ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ എതിരാളി. ലിബറൽ പാർട്ടി വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ നേരിട്ടിരിക്കുന്നത്.