പാലക്കാട് കല്ലടിക്കോട്ട് സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറിപാഞ്ഞുകയറി 4 പെൺകുട്ടികൾക്ക് ദാരുണാന്ത്യം. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സിമൻ്റ് ലോറി ഉയർത്തിയിട്ടുണ്ട്. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു.
പാലക്കാട് കല്ലടിക്കോട്ട് ലോറി പാഞ്ഞുകയറി നാലു കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും. മരണപ്പെട്ട കുട്ടികളുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.